Image

ദുരിതത്തിലായ മലയാളി വനിതകള്‍ നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

Published on 16 January, 2020
ദുരിതത്തിലായ മലയാളി വനിതകള്‍ നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ജോലി ചെയ്തിരുന്ന കമ്പനി സാമ്പത്തിക കുഴപ്പത്തിലായതോടെ, ജോലിയോ, ശമ്പളമോ ഇല്ലാതെയും, നാട്ടില്‍ പോകാന്‍ കഴിയാതെയും ദുരിതത്തിലായ അഞ്ചു മലയാളി വനിതകള്‍ നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

എറണാകുളം ഞാറയ്ക്കല്‍ സ്വദേശിനി പി.ആര്‍.രതി, വാഴക്കുളം സ്വദേശിനികളായ ജെ.സരിത , ജി.ഷോളി , കോഴിക്കോട്ട് കരുമല സ്വദേശിനി ടി.ഷീബ, കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനി എസ്.ഷിജി എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

ദമ്മാമിലെ ഒരു മാന്‍പവര്‍ കമ്പനിയില്‍ മൂന്നു വര്‍ഷത്തിലധികമായി ജോലി നോക്കുകയായിരുന്നു അഞ്ചു പേരും. വലിയ കുഴപ്പമില്ലാതെ ജീവിതം മുന്നോട്ടു പോകുകയായിരുന്നു. എന്നാല്‍ പുതിയ വര്‍ക്ക് കിട്ടാതെ കമ്പനി സാമ്പത്തികപ്രതിസന്ധിയില്‍ ആയതോടെ ഇവരുടെ കഷ്ടകാലം തുടങ്ങി. കഴിഞ്ഞ മൂന്നു മാസമായി ജോലി ഇല്ലാതെ റൂമില്‍ ഇരിക്കേണ്ടി വന്നതോടെ ശമ്പളവും കിട്ടാതെയായി. മൂന്നുവര്‍ഷത്തെ ജോലി കരാറിന്റെ കാലാവധി കഴിഞ്ഞിട്ടും വെക്കേഷന് വിടാനോ, എക്‌സിറ്റ് നല്‍കാനോ കമ്പനി തയ്യാറായതുമില്ല..

തുടര്‍ന്ന് ചില സുഹൃത്തുക്കള്‍ നല്‍കിയ വിവരമനുസരിച്ച് നവയുഗം രക്ഷാധികാരി ഷാജി മതിലകത്തെ ഫോണില്‍ ബന്ധപ്പെട്ട്, തങ്ങളുടെ അവസ്ഥ അറിയിച്ചു, സഹായിയ്ക്കണമെന്നു അവര്‍ അഭ്യര്‍ത്ഥിച്ചു. കമ്പനി അധികൃതരുമായി ഷാജി മതിലകം ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ സഹകരിച്ചില്ല. തുടര്‍ന്ന് നവയുഗം ജീവകാരുണ്യവിഭാഗം ഈ സ്ത്രീകളുടെ കേസ് ഏറ്റെടുത്തു. നവയുഗത്തിന്റെ നിര്‍ദേശപ്രകാരം അഞ്ചുപേരും കുടിശ്ശികയായ ശമ്പളം, ആനുകൂല്യങ്ങള്‍, വിമാനടിക്കറ്റ് എന്നിവ കിട്ടുവാനായി കമ്പനിയ്ക്കെതിരെ ഷാജി മതിലകത്തിന്റെ സഹായത്തോടെ ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

കേസ് കോടതിയില്‍ എത്തിയതോടെ കമ്പനി ചര്‍ച്ചകള്‍ക്ക് തയ്യാറായി മുന്നോട്ടു വന്നു. തുടര്‍ന്ന് ഷാജി മതിലകം, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ പദ്മനാഭന്‍ മണിക്കുട്ടന്‍, മഞ്ജു മണിക്കുട്ടന്‍ എന്നിവര്‍ കമ്പനി അധികൃതരുമായി ഒത്തുതീര്‍പ്പ്ചര്‍ച്ചകള്‍ നടത്തി. ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കമ്പനി അഞ്ചുപേരുടെയും കുടിശ്ശികയായ ശമ്പളവും, ഫൈനല്‍ എക്‌സിറ്റും, വിമാനടിക്കറ്റും നല്‍കാന്‍ തയ്യാറായി. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ കമ്പനി അംഗീകരിച്ചു, പണവും, എക്‌സിറ്റ് അടിച്ച പാസ്സ്‌പോര്ട്ടും, വിമാനടിക്കറ്റും അഞ്ചുപേര്‍ക്കും നല്‍കിയതോടെ, ലേബര്‍ കോടതിയില്‍ കൊടുത്ത കേസ് പിന്‍വലിച്ചു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി, നവയുഗത്തിന് നന്ദി പറഞ്ഞു, അഞ്ചുപേരും നാട്ടിലേയ്ക്ക് മടങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക