Image

ഏകലോകവും വിശ്വപൗരത്വവും (ജോസഫ് ജോണ്‍ കാരിയാനപ്പള്ളി)

Published on 06 January, 2020
ഏകലോകവും വിശ്വപൗരത്വവും (ജോസഫ് ജോണ്‍ കാരിയാനപ്പള്ളി)

ഏകലോകവും വിശ്വപൗരത്വവും
ജോസഫ് ജോണ്‍ കാരിയാനപ്പള്ളി

വളരെയധികം ആനുകാലിക പ്രസക്തിയുള്ള ഒരു വിഷയമായി മാറിയിരിക്കുന്നു പൗരത്വം എന്നത്. നിലവിലുള്ള എല്ലാ രാജ്യങ്ങളിലും പൗരത്വവിഷയം ഒളിഞ്ഞും തെളിഞ്ഞും സജ്ജീവമാണ്. പക്ഷെ നമ്മുടെ ഇന്ത്യയില്‍ ഇന്നത് ഒരു സങ്കീര്‍ണ വിഷയമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ആധുനീക ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം സമസ്ത മേഘലകളിലുമുള്ള വിഭാഗീയതകളാണ്. എന്തിലും ഏതിലും നാം ഒരന്യവക്കല്‍ക്കരണം സഹജമെന്നോണം നിലനിര്‍ത്തുന്നു.

എന്നിട്ടു നാം അഭ്യസ്തരെന്നു സ്വയം അഭിമാനിക്കുകയും ചെയ്യുന്നു. ഇതിലും വലിയ വിരോധാഭാസം എന്താണ്? ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ ആദ്യമായി അര്‍ജ്ജുനനു കൊടുക്കുന്ന ഉപദേശവും മറ്റൊന്നുമല്ല. 'അശോച്യാ നന്വശോചസ്ത്വം പ്രജ്ഞാവാദാം ശ്ചഭാഷസേ' അര്‍ഥം വളരെലളിതമാണ്. നീജ്ഞാനിയെ പോലെ സംസാരിക്കുകയും അനര്‍ഹമായതിനെ ഓര്‍ത്തു വ്യാകുലപ്പെടുകയും ചെയ്യുന്നു.

ഭഗവാന്റെ ഈ വരികള്‍ക്ക് എക്കലത്തെക്കാളും ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന നാളുകളിലൂടെയാണ് നാം ഇന്നു കടന്നു പോകുന്നത്. മനുഷ്യന്റെ സഹജമായിരുന്ന ഏകതാ ബോധത്തിനാണ് ഇവിടെ ക്ഷതം ഏറ്റിരിക്കുന്നത്. നാം എക്കാലവും ഉയര്‍ത്തി പിടിക്കേണ്ട മൂല്യം നമ്മുടെ ഏകതയും മനുഷ്യത്വമാണ്.

അവിടേക്കു ജാതിയും മതവും രാജ്യവും അതിന്റെ അതിരുകളും കടന്നു വരുന്നത് നമുക്ക ്ഭൂഷണമല്ല.
ഇന്നു ശാസ്ത്രം ലോകത്തെ കാണുന്നത ഒരു ചെറിയ ഗ്രാമത്തെയെന്ന പോലെയാണ്. അത്രമാത്രം നാം സാങ്കേതികമായി സമീപസ്ഥരായിരിക്കുന്നു.

പക്ഷെ ആ കാഴ്ചപ്പാടുകള്‍ നമ്മുടെ ഉള്ളിലേക്ക് കടന്നു കയറിയിട്ടില്ല എന്നത് ഖേദകരമാണ്. ഈ ആധുനീക യുഗത്തിലും ജാതിയും മതവും വിശ്വാസവും ആചാരവും രാജ്യവും ഭാഷയും നമ്മെ അകറ്റി നിര്‍ത്തുന്നത് തികഞ്ഞ അജ്ഞതയാണ്.

ഇവിടെയാണ് ഏകലോകത്തിന്റെ അനിവാര്യതയും വിശ്വപൗരത്വത്തിന്റെ പ്രസക്തിയും. നാരായണഗുരുവിനെ പോലെയുള്ള ക്രാന്തദര്‍ശികള്‍ ഒരു നൂറ്റാണ്ടിന്റെ മുന്‍പുതന്നെ അതിന്റെ അനിവാര്യതയെ തിരിച്ചറിഞ്ഞിരുന്നു. പക്ഷെ നാം ഇരുട്ടില്‍ നിന്നും കൂരിരുട്ടിലേക്കു നടക്കുവാനാണ് ഇന്നും ഇഷ്ടപ്പെടുന്നത്. സ്വാര്‍ത്ഥമായ ഒരു മനസ്സിനു മാത്രമേ അങ്ങനെയെ ചിന്തിക്കാനാകൂ. ഇവിടെയാണ് നാം നമ്മില്‍ ഒരിക്കല്‍ കൂടി പുനര്‍ജനിക്കേണ്ടതിന്റെ ആവശ്യകത സംജാതമാകുന്നത്. ഗുരു നിത്യ പറഞ്ഞതുപോലെ 'ഒന്നായ മാനവര്‍ക്കൊറ്റ ീതി, ഈ മണ്ണു മ്മുടെ ആകെ ഭൂമി' എന്ന ചിന്തയെ പ്രോജ്ജ്വലമാക്കേണ്ട ചുമതല നാം ഓരോരുത്തരിലും നിക്ഷിപ്തമാണ്.

തികച്ചും യാദൃശ്ചികമായാണ് ഞാന്‍ ഗാരി ഡേവിസിനെ കണ്ടുമുട്ടുന്നത്. 1998 ലായിരുന്നു ഇന്ത്യ പോഖാറണില്‍ രണ്ടാമതും ആറ്റം ബോംബ് പരീക്ഷണം നടത്തിയത്. അതെതുടര്‍ന്നു പക്കീസ്ഥാനും അതെ കലാപരിപാടി നടത്തിയിരുന്നു. അന്നു ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ അടല്‍ ബിഹാരി വാജ്‌പേയ് ആയിരുന്നു. അദ്ദേഹത്തെ കണ്ടു ഇന്ത്യയുടെ ഈ പ്രാകൃതമായ പ്രവൃത്തിയില്‍ തന്റെ പ്രതിഷേധം അറിയിക്കാനും സമൂലനാശം വിതക്കുന്ന പൈശാചികമായ ഈ പ്രവൃത്തിയില്‍ നിന്നും പിന്തിരിയണമെന്നും അപേക്ഷിക്കാനുമായിരുന്നു ഗാരിഡേവീസ് ഇന്ത്യയില്‍ വന്നത്. ഇനി എങ്ങനെ ഗാരി ഊട്ടിയിലെ ഗുരുകുലത്തില്‍ വന്നുപെട്ടു എന്നെഴുതാം.

രണ്ടാം ലോകമഹാ യുദ്ധം കഴിയുന്നതിനു മുന്‍പു തന്നെ ഗാരിയും ചെഷയറും യുദ്ധമുഖത്തു നിന്നും അവരവുടെ രാജ്യങ്ങളിലേക്ക ്തിരിച്ചു പോയി. അധികം വൈകാതെ ഒരു സിവിലിയനായി ജപ്പാനില്‍ മടങ്ങി വന്ന ചെഷയര്‍ ബോംബ് ആക്രമണത്തില്‍ പെട്ടുപോയ ജനതയുടെ പുനഃരധിവാസ പ്രക്രീയയില്‍ വ്യാപൃതനായി. എന്നാല്‍ ഗാരിയാകട്ടെ നേരെ അമേരിക്കയില്‍ ചെന്നു പട്ടാളത്തില്‍ നിന്നും രാജിവെക്കുകയും ഒപ്പം തന്റെ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ചു ലോകപൗരനെന്ന് സ്വയം പ്രഖ്യാപിക്കുകയുമായിരുന്നു.

അവിടെ തുടങ്ങുന്നു ഗാരിയുടെ വേറിട്ട യാത്ര. ഒരു നാടക നടനായി ജീവിതമാരംഭിച്ച അദ്ദേഹം പട്ടാളത്തില്‍ ചേരുകയും പിന്നീട് 1948 ല്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുകയും ചെയ്തു. അവിടെ നിന്നും യൂറോപ്പില്‍ എത്തപ്പെട്ട അദ്ദേഹം അനുഭവിച്ച യാതനകളും തിരസ്‌കാരങ്ങളും ഏതാണ്ട് നാലുബോക്‌സ് ഫയലുകളിലായി അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്. അതുനിറയെ അദ്ദേഹത്തെ സംബന്ധിച്ചുള്ള അക്കാലത്തെ വിവിധ പത്രങ്ങളില്‍ വന്ന പേപ്പര്‍ റിപ്പോര്‍ട്ടുകളുടെ കട്ടിങ്‌സുകളാണ്. അദ്ദേഹത്തെ യൂറോപ്യന്‍ രാജ്യങ്ങളും ഒരു അനധികൃത കടന്നു കയറ്റക്കാരനോടെന്ന പോലെയായിരുന്നു പെരുമാറിയിരുന്നത്.

രണ്ടു രാജ്യങ്ങളില്‍ നിന്നും മാത്രം ഡീപോര്‍ട്ട് ആയ എനിക്ക ്ഗാരി ഒരു വലിയ അത്ഭുതമായിരുന്നു. അക്കാലത്തു യൂറോപ്പില്‍ അദ്ദേഹം കൂടുതലും യാത്ര ചെയ്തിരുന്നത് ജലമാര്‍ഗ്ഗങ്ങളില്‍ കൂടിയായിരുന്നു. പലപ്പോഴും കപ്പല്‍ തുറമുഖം അടുക്കുമ്പോഴേക്കും ഗാരി കടലില്‍ ചാടി അടുത്തു കാണുന്ന തുരുത്തുകളിലേക്കു നീന്തിക്കയറുകയായിരുന്നുപതിവ്. കാരണം അദ്ദേഹത്തിന്റെ കയ്യില്‍ കൃത്യമായ യാത്രാരേഖകള്‍ ഇല്ലായിരുന്നു. 1949 ല്‍ അദ്ദേഹം പാരീസില്‍ Registry of World Citizens എന്നൊരു സംഘടന സഥാപിച്ചു.

ആദ്യദിവസത്തില്‍ തന്നെ ഏഴരലക്ഷം പേര്‍ ആ സംഘടനയില്‍ അംഗത്തമെടുത്തു. 1952 ല്‍ ഫ്രാന്‍സില്‍നിന്നും ഡീപോര്‍ട്ട് ചെയ്യപ്പെട്ടു സ്വിറ്റ്‌സര്‍ലാന്‍ഡിലേക്കുള്ള ഒരു തടാക യാത്രയില്‍ കപ്പലിന്റെ മുകളിലത്തെ അപ്പര്‍ ഡെക്കിന്റെ തൂണില്‍ അദ്ദേഹത്തെ കപ്പലിന്റെ ക്യാപ്റ്റന്‍ പൂട്ടിയിട്ടിരുന്നു. അതിന്റെ കാരണം പലപ്പോഴും ഡീപോര്‍ട്ട് ചെയ്തു കപ്പല്‍ നീങ്ങി തുടങ്ങുമ്പോള്‍ അദ്ദേഹം തടാകത്തില്‍ ചാടി നീന്തി തിരിച്ചു കയറുമായിരുന്നു. അങ്ങനെ ഉണ്ടാകാതിരിക്കുവാനുള്ള ഒരു മുന്‍കരുതല്‍ മാത്രമായിരുന്നു അത്. എല്ലാം മുന്‍കൂര്‍ വിധിക്കപ്പെട്ടിരുന്ന പോലെ അന്നു ആ കപ്പലില്‍ കുള്ളനായ ഒരു ഇന്ത്യക്കാരനും യാത്രെ ചയ്യുണ്ടായിരുന്നു.

കപ്പല്‍ തുറമുഖം വിട്ടുകുറച്ചു കഴിഞ്ഞപ്പോള്‍ ആ കുള്ളനായ മനുഷ്യന്‍ കപ്പലിന്റെ അപ്പര്‍ഡെക്കില്‍നിന്നും അസ്തമന സൂര്യന്റെ ചാരുത നുകരുവാന്‍ അവിടേക്കു കയറിചെന്നു. ശൈത്യം അതിന്റെ മൂര്‍ദ്ധന്യതയില്‍ നില്‍ക്കുന്ന ഒരുസായം സന്ധ്യ. അവിടെ തൂണില്‍ കൈകള്‍ പിന്നിലായി ബന്ധിക്കപ്പെട്ട ഒരു മനുഷ്യന്‍ തണുത്തു വിറക്കുന്നതായി അദ്ദേഹം കണ്ടു. തന്റെ കരിമ്പടം അദ്ദേഹം അയാള്‍ക്ക് നല്‍കി.

തികച്ചും പ്രാകൃതനായിരുന്ന ഗാരിയെ അദ്ദേഹം സൂക്ഷിച്ചു നോക്കി. അപ്പോള്‍ ഗാരി അയാളോട് ചോദിച്ചു ' നിങ്ങള്‍ കരുതുന്നുണ്ടോ ഞാന്‍ ഒരു ഭ്രാന്തനാണെന്ന്? കുള്ളനായ മനുഷ്യന്‍ പ്രതിവചിച്ചു 'ഒരിക്കലുമില്ല' . ഇതായിരുന്നു ലോകം കണ്ട രണ്ടു പ്രതിഭാധനന്മാരുടെ ആദ്യ സമാഗമം. അദ്ദേഹം താഴെ വന്നു ക്യാപ്റ്റനോട് തന്റെ ഉത്തരവാദിത്വത്തില്‍ അയാളെ സ്വാതന്ത്രനാക്കണമെന്നും. അയാളുടെ കാര്യങ്ങള്‍ ഇനി എന്റെ ചുമതലയാണെന്നും പറഞ്ഞു അയാളെ സ്വതന്ത്രമാക്കി. ആ കുള്ളനായ മനുഷ്യന്‍ മറ്റാരുമായിരുന്നില്ല നമ്മുടെ സാക്ഷാല്‍ നടരാജ ഗുരുവായിരുന്നു.

അവിടെ നിന്നും തുടങ്ങുന്നു അവരുടെ ആത്മബന്ധം. മരണം വരെയും അത് തുടരുകയുംചെയ്തു. 1954 ല്‍ ജനീവ ആസ്ഥാനമായി ഗാരി World Service Authority എന്നൊരു ഓര്‍ഗനൈസേഷന്‍ സ്ഥാപിച്ചു. നടരാജഗുരുവായിരുന്നു അതിന്റെ പിന്നിലെ ബുദ്ധിപ്രഭാവം. നാരായണഗുരുവിന്റെ ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്എന്ന ആപ്തവാക്യത്തിന്റെ വിശാലമായ ഒരു കാഴ്ചപ്പാടായിരുന്നു ഗാരിയുടെ ഏകലോക കാഴ്ചപ്പാടില്‍ നടരാജഗുരു കണ്ടത്.

അങ്ങനെ ഏകലോക കാഴ്ചപ്പാടുകളെ ലോക മനഃസാക്ഷിയില്‍ പ്രതിഷ്ഠിക്കുക എന്നതായിരുന്നു ആ ഓര്‍ഗനൈസേഷന്റെ ഉദ്ദേശ്യം. അതോടെ ഒരു ലോകഗവണ്‍മെന്റും അവര്‍സ്ഥാപിച്ചു. സമാന ചിന്താഗതിക്കാരായ ലോകപ്രശസ്ത എഴുത്തുകാരെയും ശാസ്ത്ര സാങ്കേതികമേഖലയില്‍ നിന്നുമുള്ളവരെ അതിന്റെവകുപ്പ്മന്ത്രിമാരുമാക്കി. നടരാജഗുരുവായിരുന്നു ലോകഗവണ്‍മെന്റിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി. അദ്ദേഹം സമാധിയായ ശേഷം ഗുരു നിത്യയാണ്ആ സ്ഥാനം അലങ്കരിച്ചിരുന്നത്. (ഗുരുനിത്യയെ അടുത്തറിയുന്നവര്‍ക്കുേ പാലും ഈ വിവരം അറിയണമെന്നില്ല) അന്നുമുതല്‍ World Service Authority ഏക ലോകം ആഗ്രഹിക്കുന്നവര്‍ക്ക് പാസ്സ്‌പോര്‍ട്ടുകള്‍ന ല്‍കിപോരുന്നു. ആദ്യമായി പാസ്സ്‌പോര്‍ട്ട് ഉണ്ടാക്കിയത് ഗാരിക്കുവേണ്ടി തന്നെയായിരുന്നു. അതില്‍ ഒരു അതോറിറ്റിയുടെ ഹസ്താക്ഷരം വേണമെന്ന്ഗാരി പറഞ്ഞപ്പോള്‍ ''ഇങ്ങു കൊണ്ടുവാ ഞാന്‍ ഇട്ടുതരാമെന്നായിരുന്നു നടരാജഗുരുവിന്റെമറുപടി''. അങ്ങനെ അദ്ദേഹം World Service Authority യുടെ ആദ്യത്തെ അതോറിറ്റിയുമായി. അതുമായി അദ്ദേഹം ആദ്യമായി യാത്ര ചെയ്തതാകട്ടെ ഇന്ത്യയിലേക്കും. അന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രത്യേ കക്ഷണക്കത്തും അദ്ദേഹം തരപ്പെടുത്തിയിരുന്നു. യാത്രയില്‍ തടസ്സം ഉണ്ടാകാതിരിക്കുവാനുള്ള നടരാജഗുരുവിന്റെ ഒരു കൂര്‍മ്മബുദ്ധിയായിരുന്നത്. ആ കത്തും അദ്ദേഹത്തിന്റെ ബോക്‌സ് ഫയലില്‍ എനിക്ക് കാണാനായി. കൃത്യമായി പറഞ്ഞാല്‍ ഗാരി ഡേവിസ് 1956 മുതല്‍ ആ പാസ്സ്‌പോര്‍ട്ടുമായി ലോകത്തിന്റെ ഒട്ടു മിക്ക രാജ്യങ്ങളിലും യാത്ര ചെയ്തു ഏകലോകമെന്ന ആശയത്തെ പ്രചരിപ്പിക്കുന്നു. പക്ഷെ കഷ്ടമെന്നു പറയട്ടെ എന്നെ വായിക്കുന്ന 10% പേരെങ്കിലും ഇങ്ങനെ ഒരു ഓര്‍ഗനൈസേഷന്‍ ലോകത്തുണ്ടെന്നും അതിനായി ധാരാളം പേര്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിഞ്ഞിട്ടുണ്ടാവുകയില്ല. ആരെയും കുറ്റം പറയാനാവുകയില്ലല്ലോ. ജീവിതത്തിന്റെ പരാക്രമത്തില്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ നമുക്കെവിടെ സമയമല്ലേ.
1998 - ലായിരുന്നു നാലു വയസുള്ള എന്റെ മകനെയും കൊണ്ട് ആദ്യാക്ഷരം കുറിക്കുവാന്‍ ഞാന്‍ ഊട്ടിയില്‍ ഗുരു നിത്യയുടെ അടുത്തേക്ക് ചെന്നത്. തികച്ചും യാദൃശ്ചികമായി ഗാരിയും അവിടെയുണ്ടായിരുന്നു. ഗുരു എനിക്ക് ഗാരിയെ പരിചയപ്പെടുത്തിതന്നു. അപ്പോഴേക്കും വൈകിട്ട് പ്രാര്‍ത്ഥനയുടെ നേരമായിരുന്നു. പിന്നെ അത്താഴം കഴിഞ്ഞിട്ട് സംസാരിക്കാന്‍ നേരമുണ്ടായിരുന്നില്ല. പിറ്റേ ദിവസം രാവിലെ എന്റെയും ഗാരിയുടെയും ജ്യോതിചേച്ചിയുടെയും സാന്നിധ്യത്തില്‍ ഗുരു മകനെക്കൊണ്ട് അരിയില്‍ ആദ്യാക്ഷരങ്ങള്‍ കുറിപ്പിച്ചു. അവന്റെ തലയില്‍ കൈകള്‍ വെച്ചു ഗുരു അല്‍പ്പനേരം കണ്ണുകള്‍ അടച്ചിരുന്നു. തുടര്‍ന്നു ഗുരുവും ഗാരിയും ഒന്നിച്ചു അവന്റെ തലയില്‍ കൈകള്‍ വെച്ച ്അനുഗ്രഹിച്ചു.

അങ്ങനെ പൗരസ്ത്യവും പാശ്ചാത്യവുമായ രണ്ടു അനുഗ്രഹങ്ങള്‍ ഒരേസമയം അവനു കരഗതമായി. തുടര്‍ന്നു ഞാനും ഗാരിയും രാവിലെ ആറുമണി മുതല്‍ ഉച്ചക്ക് ഞങ്ങളെ ഗുരുവഴക്കു പറഞ്ഞു ഊണിനു വിളിക്കുന്ന വരെ ഞാന്‍ ഗാരിയുടെ ജീവിതകഥകള്‍ കേട്ടുകൊണ്ടിരുന്നു. അതൊക്കെയാണ് ശരിക്കുള്ള ജീവിതാനുഭവങ്ങള്‍. ഗാരിയുടെ കുറെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. World Service Authortiy കുറിച്ച് കൂടുതലായി അറിയേണ്ടവര്‍ അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും.

ഇപ്പോള്‍ World Service Authortiy യുടെ പാസ്സ്‌പോര്‍ട്ട് പ്രത്യേക വ്യവസ്ഥയില്‍ സൗദിയടക്കമുള്ള രാജ്യങ്ങള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ലോകം ഒന്നാണെന്ന് പറയാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ ഈ പ്രസ്ഥാനവുമായി ചേര്‍ന്ന ്പ്രവൃത്തിക്കണമെന്നാണ ്എന്റെ ആഗ്രഹം. 'മനുഷ്യന്‍ ഒരു പക്ഷിയെപ്പോലെ അതിരുകളില്ലാത്ത ഈ ലോകത്തു പറക്കുന്ന ഒരു കാലം വരും' എന്നു പറഞ്ഞു കൊണ്ടാണ് ആ മഹാമനുഷ്യന്‍ സംസാരം ഉപസംഹരിച്ചത്.

ഞാനും ആ പ്രതീക്ഷ നിങ്ങളിലേക്ക് കൈമാറുന്നു. ഞാന്‍ ഗാരിയെ പരിചയപ്പെടുന്ന 1998 ല്‍ നാം നമ്മുടെ പൗരത്വം ഉപേക്ഷിച്ചാല്‍ മാത്രമേ അന്നു വേള്‍ഡ് പാസ്‌പോര്‍ട്ട് നമുക്ക് ലഭ്യമാകുമായിരുന്നുള്ളൂ. അതു കൊണ്ടു മാത്രമാണ് ഞാന്‍ അന്ന് അതില്‍ ചേരാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. ഇരട്ടപൗരത്വം സാധ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി അവരുടെ സൈറ്റ ്വിസിറ്റ്‌ചെയ്യൂ. പല പുതിയ ഭേദഗതികളും എനിക്കും പരിചിതമല്ല.

വളരെകാലങ്ങളായി ഞാന്‍ ഈ ആശയത്തോട് വലിയ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഒരാളായിരുന്നെങ്കിലും പക്ഷെ ജീവിത പരാക്രമത്തില്‍ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ എന്റെ ഇനിയുള്ള കാലവും ജീവിതവും അതിനായി വിനയോഗിക്കാന്‍ തീരുമാനിക്കുകയാണ്. ഏകലോക പ്രഘോഷകനായുള്ള എന്റെ ജൈത്രയാത്ര ആരംഭിക്കുകയായി. ഇന്നു നമുക്ക് സുപരിചിതമായ പലതും അതിന്റെ ആരംഭത്തില്‍ ഉട്ടോപ്പ്യന്‍ ഐഡിയകള്‍ ആയിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ അതിന്റെ ആവശ്യകത നമ്മെ അതിനോടെല്ലാം കൂടുതല്‍ അടുപ്പിക്കുകയും അവയൊക്കെയും കാലാന്തരത്തില്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാവുകയും ചെയ്തു.

വിശ്വപൗരത്വം എന്നതും ഇപ്പോള്‍ ഒരു പക്ഷെ ഉട്ടോപ്പ്യന്‍ ഐഡിയയായി പലര്‍ക്കും തോന്നാമെങ്കിലും ഒരിക്കല്‍ അതും അത്യാവശ്യമായി മാറുന്ന കാലം അത്ര ്വിദൂരമല്ല. ലോകം കണ്ട മഹാഗുരുക്കന്മാരെല്ലാം ഒരു രീതിയിലല്ലങ്കില്‍ മറ്റൊരു രീതിയില്‍ ഇതേ ആശയത്തിന്റെ പ്രഘോഷകരായിരുന്നു. രാമനും കൃഷ്ണനും ബുദ്ധനും ജൈനനും മഹാവീരനും ക്രിസ്തുവും മുഹമ്മദും ഗുരുനാനാക്കും ഒക്കെ പറയുവാന്‍ ശ്രമിച്ചതും ഈ ഏകതയെക്കുറിച്ചായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസരും നാരായണഗുരുവും വിവേകാനന്ദനും ഇതേ ഏകതയുടെ ആധുനീക പ്രഘോഷകരില്‍ മുന്‍നിരയില്‍ നിന്നവരായിരുന്നു.

മനുഷ്യന്‍ ഒന്നാണെന്ന ബോധ്യത്തിനു മാത്രമേ ലോകത്തില്‍ ശാന്തിയും സമാധാനവും കൈവരുത്തുവാന്‍ കഴിയുകയുള്ളൂ. നിലവിലുള്ള അനവധി നിരവധിയായ മതങ്ങളും സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും സമൂഹത്തില്‍ ശാന്തിയും സാഹോദര്യവും കൊണ്ടുവരുമെന്ന മിഥ്യാധാരണയില്‍ നിന്നും ഇന്നു വലിയൊരു വിഭാഗം ജനങ്ങള്‍ സ്വതന്ത്രരാണ്. വിഭാഗീയതയുടെ അതിര്‍വരമ്പുകള്‍ ഇന്നു സമസ്ത മേഖലകളിലും മുന്‍പത്തേക്കാളേറെ പ്രബലമാണ്.

ദേശവും ഭാഷയും മതവും ജാതിയും വര്‍ഗ്ഗവും വര്‍ണ്ണവും വിദ്യയും അവിദ്യയും ധനവാനും ദരിദ്രനും തുടങ്ങി എണ്ണമറ്റ വിഭാഗീയതകള്‍ മണ്ണോടു മണ്ണടിയേണ്ടതുണ്ട്. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പങ്കുവെക്കലിന്റെയും പുതിയ സംസ്‌കാരത്തെ നാം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കേണ്ടിയിരിക്കുന്നു.
ജനാധിപത്യത്തിന്റെ ആധാരശിലയും ലോകമാനവീകതയിലാണ് ഊന്നിനില്‍ക്കുന്നത്.

അത് ദേശത്തിന്റെയോ ഭാഷയുടെയോ മതത്തിന്റെയോ അതിര്‍വരമ്പുകളാല്‍ വിഭജിക്കപ്പെടെണ്ടതല്ല. പത്തൊന്‍പതു ലക്ഷം മനുഷ്യര്‍ ഇന്നു ഭാരതത്തില്‍ മാത്രം അഭയാര്‍ത്ഥികളായി നില്‍ക്കുന്നത് നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്. പക്ഷെ അത്തരം സംസ്‌കരിക്കപ്പെട്ട ജനാധിപത്യ ബോധ്യങ്ങള്‍ നമുക്കിന്നില്ലാതായിരിക്കുന്നു. അതിനെ മറന്നു കൊണ്ടുള്ള ഒരു ജനാതിപത്യ സങ്കല്‍പ്പങ്ങളും ഫലപ്രാപ്തിയണിയില്ല എന്നതു തര്‍ക്കമറ്റ വിഷയമാണ്.

സംസ്‌കൃതത്തില്‍ വസുധൈവ കുടുംബകം എന്ന് ഇന്ത്യയുടെ പാര്‍ലമെന്റ് കെ ട്ടിടത്തിന്റെ മുമ്പില്‍ എഴുതി വെച്ചിട്ടുണ്ട്. മലയാളത്തില്‍ ' വസുധൈവ കുടുംബകം ' എന്ന് എഴുതും. ചിലരതിനെ വസുദെവ കുടുംബകം എന്നും എഴുതാറുണ്ട്. അങ്ങനെ എഴുതുമ്പോള്‍ അര്‍ത്ഥത്തില്‍ വളരെ വ്യത്യാസവും വരും. ഇത് ഹൈന്ദവ പുരാണത്തിലെ മഹോപനിഷത്തില്‍ 71, 72 ശ്ലോകങ്ങളിലാണ്. ലോകം ഒരു കുടുംബമാണ് എന്ന ദര്‍ശനംഅവതരിപ്പിച്ചിട്ടുള്ളത്. ആ ശ്ലോകത്തിന്റെ അര്‍ഥം ഏതാണ്ട് ഇപ്രകാരമാണ്.
(ഇത് എന്റേത് ഇത് അന്യന്റേത് എന്ന രീതിയിലുള്ള സ്വാര്‍ത്ഥപരമായ കണക്കു കൂട്ടല്‍ നിസ്സാര മനസ്സ് ഉള്ളവരുടേതാണ്. ശ്രേഷ്ഠ സ്വഭാവമുള്ളവര്‍ക്കു ഈ ഭൂമി തന്നെ ഒരു കുടുംബമാണ്. ആ വീക്ഷണം രാഗദ്വേഷങ്ങള്‍ ഇല്ലാത്തതും ജരയും മരണവും ഇല്ലാത്തതുമാണ്.)

ഇനിയും ഈമഹാവാക്യത്തെ പിരിച്ചെഴുതിയാല്‍ വസുധ + ഏവ + കുടുംബകം = വസുധൈവ കുടുംബകം. 'വസുധ'എന്നാല്‍ ലോകം അല്ലെങ്കില്‍ ഭൂമി എന്നര്‍ത്ഥം.'ഏവ'എന്നാല്‍ വാസ്തവത്തില്‍ (Indeed) എന്നും. 'കുടുംബകം' കുടുംബം തന്നെ. ലോകം മുഴുവന്‍ എന്റെ വീടാണ് ലോകമേ തറവാട് എന്നും മറ്റും നാം സാധാരണയായി പറയുന്നതും ഇതേ അര്‍ത്ഥത്തില്‍ തന്നെ. പക്ഷെ നമ്മുടെ ഋഷിമാര്‍ അതിനു കുറച്ചു കൂടി വിപുലമായ അര്‍ത്ഥമാണ് നല്‍കിപ്പോന്നത്. അതായതു ഇതു മനുഷ്യന്റെ മാത്രം തറവാടല്ലന്നും സമസ്ത ജന്തു ജീവജാലങ്ങള്‍ക്കും ഇതു തന്നെയാണ ്തറവാട ്എന്നുമുള്ള ഒരു ഗുഹ്യമായ സന്ദേശവും അതിലുണ്ട്.

ലോകമെന്ന ജീവന്റെ തറവാട്ടിലെ അംഗങ്ങള്‍ മൈക്രോബുകള്‍ മുതല്‍ മനുഷ്യന്‍ വരെ നീണ്ടു കിടക്കുന്ന ഒരു വലിയ ശൃംഖല തന്നെയാണ്. നിസ്സാരരെന്നു ചില മനുഷ്യര്‍ കരുതുന്ന മൈക്രോബുകള്‍ ഇല്ലാതായാല്‍ ശ്രേഷ്ട്ടനെന്നു നടിക്കുന്ന മനുഷ്യനും നശിക്കുമെന്നു പലര്‍ക്കും അറിഞ്ഞു കൂടാ. മനുഷ്യന്റെ നിലനിലനില്‍പ്പു തന്നെ അതിസൂഷ്മമായ മൈക്രോബുകള്‍ വരെ നീണ്ടു കിടക്കുന്നു എന്നു സാരം. ഇത്തരം സൂക്ഷമ സ്ഥൂല ബന്ധങ്ങളെ തികഞ്ഞ ജൈവീകതയില്‍ അറിഞ്ഞവനായിരുന്നു പുരാണത്തിലെ ജ്ഞാനിയായിരുന്ന കണ്വന്‍. തന്റെ വളര്‍ത്തു മകളായ ശകുന്തളയേയും ആശ്രമത്തിലെ അന്തേവാസികളായ മാനുകളേയും മുല്ലവള്ളിയേയുമൊക്കെ ആ ജ്ഞാനി സ്വന്തം മക്കളായി തന്നെയാണ് ക ണ്ടുപോന്നിരുന്നത്. അവിടെ നിന്നും നാം എവിടേക്കാണ ്അധഃപതിച്ചിരിക്കുന്നതെന്നു നമുക്കിന്നു ചിന്തിക്കാന്‍ പോലും കഴിയുകയില്ല.

നമ്മുടെ സമകാലികനായിരുന്ന മലയാളത്തിന്റെ പ്രിയകവി ഓ.ന്‍.വി. തന്റെ പ്രശസ്തമായ ഭൂമിഗീതങ്ങള്‍ എഴുതാനുണ്ടായ സാഹചര്യം ശ്രദ്ധേയമാണ്. മഹാകവി ടാഗോറിന്റെ വിശ്വദര്‍ശനത്തിലാണ് അദ്ദേഹം വിശ്വമാനവനെന്ന ആശയം ആദ്യമായി കണ്ടെത്തിയത്. ആ ആശയം പ്രതിഭാധനനായ അദ്ദേഹത്തിന്റെ ഉള്ളില്‍ നിന്ന് കവിതയായി ഒഴുകിയതാണ് ഭൂമിഗീതങ്ങളായിത്തീര്‍ന്നത്.

മനുഷ്യന്‍ അവന്റെ മാനുഷികഭാവങ്ങളില്‍ എത്രമാത്രം ഉയരുന്നുവോ അത്രമാത്രം അവന്‍ വളരുന്നു. അങ്ങനെയാണ് അവന്‍ ഭൂമിയോളം വളരുന്നത്, വലുതാകുന്നത്, അതിലൂടെ വിശ്വ മാനവികതയിലേക്കെത്തപ്പെടുന്നത്. അന്തരീക്ഷം കലുക്ഷിതവും വഴികള്‍ ദുര്‍ഘടകവും ആണെന്ന ഉത്തമബോധ്യം എനിക്കുണ്ട്. അല്ലങ്കില്‍ തന്നെ ശാന്തമായ സമുദ്രത്തില്‍ കപ്പലോടിക്കാന്‍ വലിയ പ്രാവീണ്യം ആവശ്യമില്ലല്ലോ? ഉത്തമനായ ഒരു കര്‍മ്മയോഗി ഫലപ്രാപ്തിയെകുറിച്ചോ വ്യാകുലപ്പെടാറില്ല. കര്‍മ്മം ചെയ്തു കടന്നു പോകുക എന്നതു മാത്രമാണ് അവനെ സംബന്ധിച്ചിടത്തോളം പ്രസക്തമായത്.

ശേഷിക്കുന്ന നാളുകള്‍ തുലോം പരിമിതവുമാണെന്ന ബോധ്യവും എന്നില്‍ സൗഭദ്രമാണ്. തീരമണയാത്ത തിരകള്‍ക്കു തീരത്തിന്റെ സൗന്ദര്യം ദര്‍ശിക്കു വാനോ വര്‍ണ്ണിക്കുവാനോ കഴിയുകയില്ലല്ലോ? അതുകൊണ്ടു തന്നെ കൂടുതല്‍ ആവേശത്തോടെ കരയെ ലക്ഷ്യമാക്കി നീങ്ങേണ്ടിയിരിക്കുന്നു. ഇനിയുള്ള കാലം ഏകലോകത്തിന്റേതാണ്. ഒപ്പം എന്റേതും.

ഏകലോകവും വിശ്വപൗരത്വവും (ജോസഫ് ജോണ്‍ കാരിയാനപ്പള്ളി)
Join WhatsApp News
Santhosh Pillai 2020-01-06 18:40:25
അതിശ്രേഷ്ടമായ ആശയം. മനുഷ്യ രാശി രക്ഷപെടാനുള്ള ഏക ആശയം. ഒരു പക്ഷെ 200 വർഷങ്ങൾ കഴിയുമ്പോൾ പിന്തലമുറ ഇത് തിരിച്ചറിഞ്ഞേക്കാം. മുന്നോട്ടുള്ള യാത്രക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Sunny P.J. 2020-01-13 23:54:29
Great idea.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക