Image

പ്രതിപക്ഷം ഇല്ലെങ്കിലും ലോക കേരള സഭ മുന്നോട്ട് പോകും; പ്രവാസികള്‍ക്ക് രാഷ്ട്രീയമില്ല: മുഖ്യമന്ത്രി

Published on 03 January, 2020
പ്രതിപക്ഷം ഇല്ലെങ്കിലും ലോക കേരള സഭ മുന്നോട്ട് പോകും; പ്രവാസികള്‍ക്ക് രാഷ്ട്രീയമില്ല: മുഖ്യമന്ത്രി

ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം ഇല്ലെങ്കിലും ലോക കേരള സഭ മുന്നോട്ട് പോകും. എങ്കിലും എല്ലാവരും ഒരുമിച്ച്‌ നില്‍ക്കണമെന്നതാണ് സര്‍ക്കാരിന്റെ താത്പര്യമെന്നും പ്രവാസികള്‍ക്ക് രാഷ്ട്രീയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ലോക കേരള സഭയിലെ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുമ്ബോഴാണ് പ്രതിപക്ഷ സമീപനത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. ലോക കേരള സഭയുമായി പ്രതിപക്ഷം സഹകരിക്കുന്നില്ല. പ്രതിപക്ഷ നേതാവുമായി സ്പീക്കര്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രതിപക്ഷം ഇല്ലെങ്കിലും ലോക കേരള സഭയുമായി മുന്നോട്ട് പോകും. ഇപ്പോഴും പ്രതിപക്ഷത്തെ ക്ഷണിക്കുന്നു. കുത്തുവാക്കുകളൊന്നുമില്ലാതെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.


പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ പരോക്ഷമായി സൂചിപ്പിച്ച മുഖ്യമന്ത്രി പ്രവാസികളെ ഉപദേശിക്കുകയും ചെയ്തു. പ്രവാസികളായ നിങ്ങളുടെ ജോലിക്ക് വിഘാതമുണ്ടാക്കുന്ന ഒന്നും ചെയ്യരുതെന്നും വിദേശരാജ്യങ്ങളിലെ നിയമങ്ങളെ അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ വിജ്ഞാനവും വൈദഗ്ധ്യവും കേരള വികസനത്തിനു വേണ്ടി ഉപയോഗിക്കണം. ഇതിനായി പ്രൊഫഷണലുകളുടെ സമ്മേളനം ചേരും. പ്രവാസികളുടെ വ്യവസായ സംരംഭത്തിന് ഒരു ഉദ്യോഗസ്ഥനും തടസവുമുണ്ടാക്കില്ല. അങ്ങനെ വന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ പ്രസംഗത്തോടെ മൂന്നു ദിവസം നീണ്ടുനിന്ന ലോകകേരള സഭയുടെ രണ്ടാം സമ്മേളനം സമാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക