Image

സ്‌കൂള്‍ ലാബിലുണ്ടായ വാതക ചോര്‍ച്ച: രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു

Published on 15 May, 2012
സ്‌കൂള്‍ ലാബിലുണ്ടായ വാതക ചോര്‍ച്ച: രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു
അബൂദാബി: സ്‌കൂള്‍ ലാബിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന്‌ രണ്ടു പേര്‍ക്ക്‌ ശ്വാസതടസ്സം. ഉടന്‍ സ്‌കൂള്‍ ഒഴിപ്പിച്ചതിനാല്‍ ദുരന്തത്തില്‍നിന്ന്‌ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ സര്‍ ബനിയാസ്‌ സ്‌കൂളിലാണ്‌ സംഭവം.

ലബോറട്ടറിയില്‍ വിദ്യാര്‍ഥികള്‍ പ്രായോഗിക പരിശീലനം നടത്തുന്നതിനിടെയാണ്‌ അപകടമുണ്ടായത്‌. ഒരു വിദ്യാര്‍ഥി ഉപയോഗിച്ച ഉപകരണത്തില്‍നിന്ന്‌ വാതകം ചോരുകയായിരുന്നു. ഇതോടെ ലാബിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു.

വാതകം ശ്വസിച്ചതിനെ തുടര്‍ന്ന്‌ 12ാം ഗ്രേഡ്‌ വിദ്യാര്‍ഥി ബിലാല്‍ യഹ്യ, ലാബ്‌ ടെക്‌നീഷ്യനും സ്‌കൂളിലെ ആരോഗ്യസുരക്ഷാ ഉദ്യോഗസ്ഥനുമായ മുഹമ്മദ്‌ സാമി അമീന്‍ എന്നിവര്‍ക്കാണ്‌ ശ്വാസതടസ്സമുണ്ടായത്‌. ഇവരെ ഉടന്‍ അല്‍ മഫ്‌റഖ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.
വാതക ചോര്‍ച്ചയുണ്ടായ ഉടന്‍ സ്‌കൂളിലെ ആരോഗ്യസുരക്ഷാ വിഭാഗം, ലാബില്‍നിന്ന്‌ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഇതിനിടയിലാണ്‌ ആരോഗ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ മുഹമ്മദ്‌ സാമി അമീന്‌ ശ്വാസതടസ്സമുണ്ടായത്‌.

സംഭവത്തെ കുറിച്ച്‌ വിവരം ലഭിച്ച ഉടന്‍ സിവില്‍ ഡിഫന്‍സ്‌ എത്തി. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ വന്‍ സന്നാഹങ്ങളാണ്‌ ഇവിടെ ഒരുക്കിയത്‌. തുടര്‍ന്ന്‌ സ്‌കൂളില്‍നിന്ന്‌ എല്ലാ വിദ്യാര്‍ഥികളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. അഞ്ച്‌ മിനുട്ടുകൊണ്ട്‌ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്ന്‌ അബൂദബി എജുക്കേഷന്‍ കൗണ്‍സില്‍ അറിയിച്ചു. ഒരു വിദ്യാര്‍ഥി അശ്രദ്ധമായി വാതകം കൈകാര്യം ചെയ്‌തതാണ്‌ അപകട കാരണമെന്നും എജുക്കേഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. കൗണ്‍സിലിലെ സ്‌കൂള്‍ ഓപറേഷന്‍സ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ മുഹമ്മദ്‌ സാലിം അല്‍ ദാഹിരി, ബിലാല്‍ യഹ്യയെയും മുഹമ്മദ്‌ സാമി അമീനെയും ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ലാബില്‍ അപകട സാധ്യതയുള്ള വസ്‌തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കണമെന്ന്‌ എല്ലാ വിദ്യാര്‍ഥികളോടും ആവശ്യപ്പെട്ട മുഹമ്മദ്‌ സാലിം അല്‍ ദാഹിരി, സര്‍ ബനിയാസിലെ അപകടത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുന്നതായി അറിയിച്ചു. സ്‌കൂളിലെ സാഹചര്യം ഇപ്പോള്‍ പ്രശ്‌നരഹിതമാണെന്നും ഇന്ന്‌ ക്‌ളാസ്‌ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ എട്ടിനാണ്‌ ബിലാല്‍ യഹ്യയെയും മുഹമ്മദ്‌ സാമി അമീനെയും ചികില്‍സക്ക്‌ എത്തിച്ചതെന്ന്‌ അല്‍ മഫ്‌റഖ്‌ ആശുപത്രി എമര്‍ജന്‍സി വിഭാഗം സ്‌പെഷലിസ്‌ ഡോ. ഹുസൈന്‍ മഅസല്‍മ പറഞ്ഞു.

കടുത്ത രീതിയില്‍ വാതകം ശ്വസിച്ചതിനാല്‍ ശ്വാസ തടസ്സം, ചുമ, കണ്ണിലും മറ്റും ചൊറിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ്‌ ഇവര്‍ക്കുണ്ടായത്‌. രണ്ടു പേരുടെയും ആരോഗ്യ നില ഇപ്പോള്‍ തൃപ്‌തികരമാണെന്ന്‌ അറിയിച്ച അദ്ദേഹം, 24 മണിക്കൂര്‍ നേരം നിരീക്ഷണത്തിലായിരിക്കുമെന്ന്‌ പറഞ്ഞു.
സ്‌കൂള്‍ ലാബിലുണ്ടായ വാതക ചോര്‍ച്ച: രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക