Image

നാല്‍പ്പതിന്റെ നിറവില്‍ ഡി.എം.എ. ഡിട്രോയിറ്റ്; നയിക്കാന്‍ രാജേഷ് കുട്ടി, വിനോദ് കൊണ്ടൂര്‍, ശ്രീകുമാര്‍ കമ്പത്ത് ടീം

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 30 December, 2019
നാല്‍പ്പതിന്റെ നിറവില്‍ ഡി.എം.എ. ഡിട്രോയിറ്റ്; നയിക്കാന്‍ രാജേഷ് കുട്ടി, വിനോദ് കൊണ്ടൂര്‍, ശ്രീകുമാര്‍ കമ്പത്ത് ടീം
ഡിട്രോയിറ്റ്:  ദൈവത്തിന്റെ സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ നെഞ്ചിലേറ്റി, അമേരിക്കന്‍ ഐക്യ നാടുകളിലെ, വടക്ക്-കിഴക്കന്‍ സംസ്ഥാനമായ മിഷിഗണില്‍ കുടിയേറിയ ഒരു ചെറിയ കൂട്ടം മലയാളികള്‍ 1980-ല്‍ ആരംഭിച്ച മലയാളി സാംസ്‌ക്കാരിക സംഘടനയാണ് ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ (ഡി. എം. എ.). നാല്പത് വര്‍ഷങ്ങള്‍ക്കിപ്പുറം, അമേരിക്കയിലും നാട്ടിലുമൊക്കെയായി ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍. മലയാള ഭാഷയുടെ ഉന്നമനത്തിനായി  പ്രവര്‍ത്തിക്കുകയും, പുതു തലമുറയെ ദൈവത്തിന്റെ സ്വന്ത നാടിനേയും, അതിന്റെ സംസ്‌ക്കാരത്തേയും പരിചയപ്പെടുന്നതിലൂടെ മാതൃകയായി, മിഷിഗണിലെ പ്രമുഖ മലയാളി സാംസ്‌ക്കാരിക സംഘടനയായി ഡി.എം.എ. വളര്‍ന്നു. 

കേരളത്തെ നടുക്കിയ  പ്രളയകാലത്ത് ഏകദേശം ഒരു ലക്ഷം ഡോളര്‍ ($100,000/-) സംഭാവനയായി പരിച്ചെടുത്ത്, നാട്ടില്‍, എല്ലാം നഷ്ടപ്പെട്ട നിരവധി പേര്‍ക്ക് വീടുകളും, നിത്യ വൃത്തിക്കായി കടകളും, പശുക്കളും തുടങ്ങി, ഓട്ടോ റിക്ഷ വരെ സംഘടന വാങ്ങി നല്‍കി.
ഈ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടരാനും, നാല്പതാം വാര്‍ഷികോത്സവം അഘോഷമാക്കുവാനുമാണ് സംഘടനയുടെ 43 അംഗ എക്‌സിക്യുട്ടീവ് കമ്മറ്റിയുടെ കൂട്ടായ തീരുമാനം. അതിനായി സുശക്തമായ ഒരു നേതൃത്വ നിരയെയാണ് സംഘടന തിരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡി. എം. എ. ചാരിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ച രാജേഷ് കുട്ടിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഡി.എം.എ.യുടെ മുന്‍ ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി, നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ഹൈന്ദവ കൂടായ്മയായ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ. എച്ച്. എന്‍. എ.) ജനറല്‍ സെക്രട്ടറി എന്നീ നിലകളിലെ പ്രവര്‍ത്തനങ്ങള്‍, സംഘടനാ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന് കൈമുതലായി ഉണ്ട്.
ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വിനോദ് കൊണ്ടൂര്‍ ഡേവിഡ്, വിദ്യര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമാകുകയും, നോര്‍ത്ത് അമേരിക്കയിലെ മലയാളി സാംസ്‌ക്കാരിക സംഘടനകളുടെ ഫെഡറേഷനായ ഫോമായുടെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം.

ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീകുമാര്‍ കമ്പത്ത്, സൗമ്യതയുടെ മുഖമുദ്രയുമായി ഡി.എം.എ.യുടെ ജോയിന്റ് ട്രഷറര്‍, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന മലയാളി സാംസ്‌ക്കാരിക നേതാവാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മാത്യൂസ് ചെരിവില്‍, നിരവധി തവണ ഡി.എം.എ.യുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും, അവിഭക്ത ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഇപ്പോള്‍, നോര്‍ത്ത് അമേരിക്കന്‍ മലയാളി സാംസ്‌ക്കാരിക സംഘടനകളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ ജുഡിഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു.

ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് യുവത്വത്തിന്റെ പ്രതീകമായ നൊവിന്‍ മാത്യൂവാണ്. ഡി.എം.എ.യുടെ കമ്മറ്റിയംഗമായ ജൂള്‍സ് ജോര്‍ജാണ് ജോയിന്റ് ട്രഷറാര്‍.

ബോര്‍ഡ് ഓഫ് ട്രസ്റ്റിയില്‍ (ബി.ഒ.ടി.) ചെയര്‍മാനായി ഡി.എം.എ.യുടെ സ്ഥാപക നേതാക്കളിലൊരാളായ തോമസ് കര്‍ത്തനാളാണ്, സെക്രട്ടറിയായി റോജന്‍ തോമസ്, വൈസ് പ്രസിഡന്റായി സുദര്‍ശന കുറുപ്പ്, 2019 പ്രസിഡന്റ് മനോജ് ജയ്ജി, 2020 പ്രസിഡന്റ് രാജേഷ് കുട്ടി എന്നിവരേയും തിരഞ്ഞെടുത്തു. സംഘടനയുടെ സുശക്തമായ നടത്തിപ്പിന് മുന്‍ പ്രസിഡന്റ്മാരും ഇപ്പോളത്തെ പ്രസിഡന്റും ഉള്‍പ്പെടുന്നതാണ് ബി.ഒ.ടി.

യുവതികള്‍ക്കായിട്ടുള്ള പ്രത്യേക കമ്മറ്റിയില്‍ പ്രസിഡന്റായി സലീന തോമസ്, സെക്രട്ടറിയായി സിനി ജോസഫും തിരഞ്ഞെടുക്കപ്പെട്ടു. 2019-ല്‍, നീമാ ജോസഫിന്റെയും, റെനി തോമസ്സിന്റെയും നേതൃത്വത്തില്‍ പാചക ക്ലാസ്സുകള്‍, അന്‍പതോളം നിര്‍ധനര്‍ക്ക് തണുപ്പില്‍ നിന്നും രക്ഷ നേടാന്‍ കോട്ടുകള്‍, 6 കുടിയേറ്റ സ്ത്രീകള്‍ക്ക് വേയ്ന്‍ കമ്മ്യൂണിറ്റി കോളേജില്‍ ഇംഗ്ലീഷ് പഠിക്കാന്‍ സാമ്പത്തിക സഹായം, ഫുഡ് ക്യാന്‍ വിതരണം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാനായിരുന്നു. ഈ വര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ പരിശ്രമിക്കുമെന്ന് വുമണ്‍സ് ഫോറം പ്രതിനിധികള്‍ പറഞ്ഞു.

വരുന്ന ഒരു വര്‍ഷം മിഷിഗണിലെ, പ്രത്യേകിച്ച് മലയാളികള്‍ക്കായി സേവനം ചെയ്യുവാനും, കൂടാതെ വിവിധ സ്‌ക്കൂളിലെ കുട്ടികള്‍ക്കായി ഡാന്‍സ് മത്സരം - ഡി.എം.എ. ഡാന്‍സ് ധമാക്കാ, ഓണം, പിക്‌നിക്ക്, ഫാമിലി ഫിയസ്റ്റ, ക്രിസ്തുമസ് എന്നിവയ്‌ക്കൊപ്പം നാല്പതാം വാര്‍ഷികോത്സവവും നടത്താനാണ് ആഗ്രഹിക്കുന്നത് എന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ പറഞ്ഞു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംഘടന ഭാരവാഹികള്‍ക്ക് പൂര്‍ണ്ണ പിന്തുണയും എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായി 2019 ഡി.എം.എ. പ്രസിഡന്റ് മനോജ് ജയ്ജിയും ബി.ഒ.ടി. ചെയര്‍മാന്‍ തോമസ് കര്‍ത്തനാളും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജേഷ് കുട്ടി 313 529 8852, വിനോദ് കൊണ്ടൂര്‍ 313 208 4952, ശ്രീകുമാര്‍ കമ്പത്ത് 313 550 8512, മാത്യൂസ് ചെരുവില്‍ 586 206 6164, ജൂള്‍സ് ജോര്‍ജ് 734 925 0020, നൊവിന്‍ മാത്യൂ 248 767 0279.
നാല്‍പ്പതിന്റെ നിറവില്‍ ഡി.എം.എ. ഡിട്രോയിറ്റ്; നയിക്കാന്‍ രാജേഷ് കുട്ടി, വിനോദ് കൊണ്ടൂര്‍, ശ്രീകുമാര്‍ കമ്പത്ത് ടീം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക