Image

മകള്‍ നായികയാകുന്ന ചിത്രത്തില്‍ വില്ലനാകാന്‍ അച്ഛന്‍

Published on 30 December, 2019
മകള്‍ നായികയാകുന്ന ചിത്രത്തില്‍ വില്ലനാകാന്‍ അച്ഛന്‍

തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിനെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. കല്യാണരാമന്‍, ചാന്ത്‌പൊട്ട്, തൊമ്മനും മക്കളും, പോത്തന്‍വാവ, ഛോട്ടാമുംബൈ, അണ്ണന്‍ തമ്പി, മേരിക്കുണ്ടൊരു കുഞ്ഞാട്, സൗണ്ട് തോമ തുടങ്ങി നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ മകള്‍ അന്ന ബെന്‍ കേവലം രണ്ട് സിനിമകള്‍ കൊണ്ട് മലയാളത്തിലെ പുത്തന്‍ നായികമാരുടെ ഗണത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന താരവുമാണ്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ തുടങ്ങിയ ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു അന്ന. എന്നാല്‍ ഇതുവരെ തിരക്കഥാകൃത്തായ അച്ഛനോടൊപ്പം അന്ന ഒരു ചിത്രം ചെയ്തിരുന്നില്ല. ആ വിഷമം എന്നാല്‍ ഇനി മാറുകയാണ്. അന്ന നായികയാകുന്ന പുതിയ ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാനായി ഒരുങ്ങുകയാണ് ബെന്നി പി നായരമ്പലം എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട സുഹൃത്തുക്കളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞിരിക്കുന്ന വിവരം.

2020-ല്‍ സംവിധായകന്‍ ഷാഫി ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചഭിനയിക്കാന്‍ ഒരുങ്ങുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഷാഫിയുടെ നിരവധി ചിതങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള ആളുമാണ് ബെന്നി പി നായരമ്പലം. കല്യാണരാമന്‍, തൊമ്മനും മക്കളും, ലോലിപോപ്പ്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി ചിത്രങ്ങള്‍ ഇത്തരത്തില്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇക്കുറി അഭിനേതാവായാണ് ബെന്നി പി നായരമ്പലം ഷാഫിയോടൊപ്പം കൈകോര്‍ക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞിരിക്കുന്നത്. ബെന്നിയും ഷാഫിയും ഒരുമിച്ച ചിത്രങ്ങളെല്ലാം ഫാമിലി എന്റര്‍ടെയ്‌നറായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക