Image

ഗായകനും സംഗീത സംവിധായകനുമായ ഡോ. പന്തളം ബാലന്‍ കുവൈറ്റില്‍

Published on 25 December, 2019
ഗായകനും സംഗീത സംവിധായകനുമായ ഡോ. പന്തളം ബാലന്‍ കുവൈറ്റില്‍

കുവൈത്ത് : പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഡോ. പന്തളം ബാലന്‍ കുവൈറ്റില്‍ എത്തുന്നു. എസ്എംസി എ ക്രിസ്മസ് - പുതുവര്‍ഷ ആഘോഷ പരിപാടികളോട് അനുബന്ധിച്ച് ജനുവരി മൂന്നിന് നടക്കുന്ന കലാ പരിപാടികള്‍ക്ക് മന്‍സൂരിയ അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബില്‍ അദ്ദേഹം നേതൃത്വം നല്‍കും.

അദ്ദേഹത്തോടൊപ്പം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭി ലക്ഷ്മി, പ്രശസ്ത ഹാസ്യതാരങ്ങള്‍ ആയ വിനോദ് കോവൂര്‍, കബീര്‍, ഗായിക പ്രിയ അച്ചു എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.

ജീവിത പ്രാരാബ്ദങ്ങളെയും തിരസ്‌കരണങ്ങളെയും തന്റെ കഠിനാധ്വാനം കൊണ്ടും പ്രതിഭ കൊണ്ടും അതിജീവിച്ച കലാകാരനാണ് പന്തളം ബാലന്‍.തന്റെ സംഗീത ജീവിതത്തിലെ മുപ്പത്തിനാലാം വര്‍ഷത്തിലേക്ക് കടക്കുന്ന അദ്ദേഹം പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയാണ്. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ അദ്ദേഹം 1989ല്‍ ദേവരാജന്‍ മാസ്റ്ററുടെ സംഗീത സംവിധാനത്തില്‍ ' സഖാവ് വിപ്ലവത്തിന്റെ ശുക്രനക്ഷത്രം ' എന്ന ചിത്രത്തിലാണ് ആണ് ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നു രവീന്ദ്രന്റെ സംഗീത സംവിധാനത്തില്‍ 'പകല്‍ പൂരം' ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ആലപിച്ചിട്ടുണ്ട്. 'ഗ്രാമവാസീസ് ' എന്ന ചിത്രമാണ് ഏറ്റവുമൊടുവിലായി റിലീസ് ചെയ്തത്. ചലച്ചിത്ര പിന്നണി ഗാനാലാപനത്തോടൊപ്പം ഭക്തിഗാനങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീത സംവിധാനവും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.

എന്നാല്‍ കേരളത്തിലും വിദേശ രാജ്യങ്ങളിലും അടക്കം പതിനായിരത്തിലധികം വേദികളില്‍ നടത്തിയ ഗാനമേളകള്‍ ആണ് പന്തളം ബാലനെ പ്രേക്ഷകരുടെ പ്രിയഗായകന്‍ ആക്കിയത്. ടെലിവിഷന്റെ സ്വീകാര്യതയ്ക്കും സാമൂഹ്യമാധ്യമങ്ങളുടെ ആവിര്‍ഭാവത്തിനും മുമ്പേ പ്രേക്ഷകരെ മണിക്കൂറുകള്‍ ഗാനമേളയിലൂടെ പിടിച്ചുനിര്‍ത്തിയത് കേരളത്തിലെ യുവതലമുറ ഇപ്പോഴും ഗൃഹാതുര സ്മരണ യോടെ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നു. ഈ വര്‍ഷം
' ഫ്‌ലവേഴ്‌സ് ടിവി ' യുടെ ആദരം ലഭിച്ചത് അദ്ദേഹത്തിന്റെ പ്രതിഭക്ക് ലഭിച്ച അംഗീകാരമാണ്.

' സംഗീതം ഈശ്വരന്റെ വരദാനമാണ് ' എന്ന ചിന്തയില്‍ വിശ്വസിക്കുന്ന അദ്ദേഹം സഹ കലാകാരന്മാരുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ്. കഴിഞ്ഞവര്‍ഷം സംഗീത പരിപാടിക്കിടയില്‍ മരണമടഞ്ഞ ഗായകന്‍ ഷാനവാസിന്റെ കുടുംബത്തിനു വീട് നല്‍കിയത് അദ്ദേഹത്തിന്റെ ശ്രമഫലമായി ആയിരുന്നു.

തിരുവനന്തപുരത്ത് 'പന്തളം ബാലന്‍ മ്യൂസിക് അക്കാഡമി' സ്ഥാപനം നടത്തി നിരവധി പ്രതിഭകളെ സംഗീതത്തിന്റെ പുത്തന്‍ വാതായനങ്ങളിലേക്ക് അദ്ദേഹം വഴിനടത്തുന്നു. ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യര്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചു.

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ ഇത്തവണ അദ്ദേഹം സംഗീതാര്‍ച്ചന നടത്തി. സംഗീത രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് അദ്ദേഹത്തെ 'കണ്‍കൊഡിയ' ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഈ വര്‍ഷം ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.ലളിതമായ ആലാപനവും,ഉച്ചാരണശുദ്ധിയും ,സ്വരമാധുരിയും സൗമ്യമായ പെരുമാറ്റവും അദ്ധേഹത്തെ മറ്റു ഗായകരില്‍ നിന്ന് വ്യത്യസ്തനാക്കുന്നു .

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക