Image

ലോക്‌സഭയില്‍ പൗരത്വ ബില്‍ കീറിയെറിഞ്ഞ് ഒവൈസിയുടെ പ്രതിഷേധം

Published on 09 December, 2019
ലോക്‌സഭയില്‍ പൗരത്വ ബില്‍ കീറിയെറിഞ്ഞ് ഒവൈസിയുടെ പ്രതിഷേധം
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ പൗരത്വ ബില്‍ കീറിയെറിഞ്ഞ് ഹൈദരാബാദ് എം.പി അസദുദീന്‍ ഒവൈസിയുടെ പ്രതിഷേധം. പൗരത്വ ഭേദഗതി കൊണ്ടുവരുന്നത് രാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്ന് അദ്ദേഹം ആരോപിച്ചു. 

രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണ് നിര്‍ദിഷ്ട ഭേദഗതിയെന്നും ബില്‍ കീറിയെറിയുന്നതിന് മുമ്പ് ഒവൈസി പറഞ്ഞു. 'ഗാന്ധിജിക്ക് മഹാത്മാ എന്ന വിശേഷണം ലഭിച്ചത് ദക്ഷിണാഫ്രിക്കയില്‍വച്ച് വിവേചനപരമായ പൗരത്വ കാര്‍ഡ് കീറിയതിന് പിന്നാലെയാണ്.

പൗരത്വ ഭേദഗതി ബില്ലിന്റെ കാര്യത്തില്‍ താനും അങ്ങനെ ചെയ്യാതിരിക്കേണ്ടതിന് മതിയായ കാരണമില്ല. മുസ്‌ലിം വിഭാഗക്കാര്‍ക്കെതിരായ ഗൂഢാലോചനയാണ് ഇതിനു പിന്നില്‍. ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ഭേദഗതി'  ഒവൈസി കുറ്റപ്പെടുത്തി. അതിനിടെ, ഒവൈസിയുടെ നടപടി പാര്‍ലമെന്റിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ഭരണകക്ഷി എം.പിമാര്‍ ആരോപിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ല് അവതരിപ്പിക്കവെ നാടകീയ രംഗങ്ങള്‍ക്കാണ് ലോക്‌സഭ സാക്ഷ്യംവഹിച്ചത്. 293 അംഗങ്ങള്‍ ബില്‍ അവതരിപ്പിക്കുന്നതിനെ അനുകൂലിച്ചു. 82 പേര്‍ എതിര്‍ത്തു. പിന്നാലെയാണ് ബില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അടക്കം പല പാര്‍ട്ടികളിലെയും നേതാക്കള്‍ ബില്ലിനെ എതിര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക