Image

മാധ്യമങ്ങളുടെ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണണം-മുഖ്യമന്ത്രി

Published on 12 May, 2012
മാധ്യമങ്ങളുടെ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണണം-മുഖ്യമന്ത്രി
കൊച്ചി: മാധ്യമങ്ങളുടെ വിമര്‍ശങ്ങളെ സഹിഷ്ണുതയോടെ കാണുവാന്‍ ഭരണാധികാരികളും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. എറണാകുളം പ്രസ് ക്ലബ്ബിന്റെ നവീകരിച്ച മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ പ്രധാനഘടകമാണ്. യഥാര്‍ഥത്തില്‍ ഒരു തിരുത്തല്‍ ശക്തിയാണ് അവ. ഈ ഉത്തരവാദിത്വം വിസ്മരിക്കാതെ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആധുനിക മാധ്യമങ്ങള്‍ക്ക് യോജിച്ച തരത്തിലാണ് എറണാകുളം പ്രസ്‌ക്ലബ്ബ് നവീകരിച്ചിരിക്കുന്നത്. ഇത് പ്രസ് ക്ലബ് അംഗങ്ങള്‍ക്കും നാടിനും അഭിമാനിക്കാവുന്ന ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ-ലൈബ്രറിയുടെ ഉദ്ഘാടനം മന്ത്രി കെ. ബാബു നിര്‍വഹിച്ചു. ജനാധിപധ്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ പലപ്പോഴും അതിര്‍ത്തികള്‍ ലംഘിക്കുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ സ്വയം വിലയിരുത്തണം. അന്വേഷണാത്മകവും സെന്‍സേഷണലുമായ സമീപകാലത്തെ പല വാര്‍ത്തകളും സത്യവിരുദ്ധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രമന്ത്രി പ്രൊഫ. കെ. വി. തോമസ് മുഖ്യാതിഥിയായിരുന്നു. രാഷ്ട്രീയത്തിന് അതീതമായ ജനകീയ പങ്കാളിത്തമാണ് പ്രസ് ക്ലബിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളെ കൈപിടിച്ചുകൊണ്ടുവന്ന നേതൃത്വവും പ്രസ് ക്ലബിനുണ്ട്. വല്ലാര്‍പ്പാടം, മെട്രോ റെയില്‍ തുടങ്ങിയ വികസന പദ്ധതികള്‍ കൊച്ചിയില്‍ കൊണ്ടുവരുന്നതിനും ക്ലബ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ ശക്തമായ സാന്നിധ്യം കേരളത്തിലുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. പല വാര്‍ത്തകളും ബ്രേക്കിംഗ് ന്യൂസായും ഫ്‌ളാഷ് ന്യൂസായും കാണിക്കുന്നുണ്ട്. ഇത് ജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമാകാറുണ്ട്. എന്നാല്‍ പലപ്പോഴും അപ്രധാനമായ വാര്‍ത്തകളും ഇപ്രകാരം നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുള്ള മട്ടാഞ്ചേരി അധ്യക്ഷനായി. ഹൈബി ഈഡന്‍ എം. എല്‍.എ, കൊച്ചി മേയര്‍ ടോണി ചമ്മണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, കെ. യു.ഡബ്ലു.ജെ പ്രസിഡന്റ്‌കെ. സി. രാജഗോപാല്‍, ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി, സെക്രട്ടറി അഭിലാഷ് ജി. നായര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ. എം. റോയി എന്നിവര്‍ പ്രസംഗിച്ചു. എറണാകുളം പ്രസ്‌ക്ലബ് സെക്രട്ടറി എം. എസ്. സജീവന്‍ സ്വാഗതവും പ്രസ്‌ക്ലബ് നവീകരണ കമ്മിറ്റി കണ്‍വീനര്‍ എന്‍. ശ്രീനാഥ് നന്ദിയും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക