Image

കാര്‍ട്ടൂണ്‍ വിവാദം: മുന്‍ എന്‍സിഇആര്‍ടി ഉപദേശകന്റെ ഓഫീസിനു നേരെ ആക്രമണം

Published on 12 May, 2012
കാര്‍ട്ടൂണ്‍ വിവാദം: മുന്‍ എന്‍സിഇആര്‍ടി ഉപദേശകന്റെ ഓഫീസിനു നേരെ ആക്രമണം
പൂന: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ വിവാദ കാര്‍ട്ടൂണ്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മുന്‍ എന്‍സിഇആര്‍ടി ഉപദേശകന്‍ സുഹാസ് പലാഷിക്കറിന്റെ പൂനയിലെ ഓഫീസിനു നേര്‍ക്ക് ആക്രമണം. അക്രമികള്‍ ഓഫീസ് അടിച്ചു തകര്‍ത്തു. കാര്‍ട്ടൂണിനെ കുറിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ചര്‍ച്ചക്ക് വിളിച്ച സംഘത്തിലുളളവരാണ് ആക്രമണം നടത്തിയത്. റിപ്പബ്ലിക്കന്‍ പാന്തര്‍ ഓഫ് ഇന്ത്യ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കാര്‍ട്ടൂണ്‍ വിഷയം ശക്തമായി ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി കപില്‍ സിബല്‍ ക്ഷമാപണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് പലാഷിക്കര്‍ രാജി നല്‍കുകയായിരുന്നു. അക്രമം നടത്തിയ സംഘത്തിലെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

1949ല്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ വരച്ച കാര്‍ട്ടൂണാണ് ഇപ്പോള്‍ വിവാദമായത്. അംബേദ്കര്‍ ഭരണഘടന തയാറാക്കുന്നത് ഇഴയുന്നുവെന്ന ആരോപണം നിലനില്‍ക്കവേയാണു ശങ്കര്‍ ഈ കാര്‍ട്ടൂണ്‍ വരച്ചത്. ഒച്ചിനു മുകളിലിരുന്നു ഭരണഘടന തയാറാക്കുന്ന അംബേദ്കറെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ചാട്ടകൊണ്ട് പ്രഹരിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. കാര്‍ട്ടൂണുകളുടെ രാഷ്ട്രീയസ്വഭാവം വിവരിക്കാനായാണ് കാര്‍ട്ടൂണ്‍ 11-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക