Image

തമിഴകത്ത് വന്‍ രാഷ്ട്രീയ മാറ്റത്തിന് രജനിയും കമലും കൈകോര്‍ക്കുന്നു (ശ്രീനി)

Published on 20 November, 2019
തമിഴകത്ത് വന്‍ രാഷ്ട്രീയ മാറ്റത്തിന് രജനിയും കമലും കൈകോര്‍ക്കുന്നു (ശ്രീനി)
തമിഴിനാട് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നുവെന്നതാണ് ഇന്നത്തെ ബിഗ് ബ്രേക്കിങ് ന്യൂസ്. ആവശ്യം വന്നാല്‍ രാഷ്ട്രീയത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിച്ച് സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമല്‍ഹാസനും രംഗത്തുവന്നതോടെ തമിഴ്‌നാട് രാഷ്ട്രീയം അതിന്റെ സിനിമാ പാരമ്പ്യത്തിലേയ്ക്ക് തിരിച്ചുപോവുകയാണ്.  രാഷ്ട്രീയത്തിലിറങ്ങുമെന്ന് രജനീകാന്ത് കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. തമിഴ് രാഷ്ട്രീയത്തില്‍ ഇനിയും അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നു പ്രഖ്യാപിച്ച  രജനികാന്ത് കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ തടസമില്ലെന്നും വ്യക്തമാക്കി. ഇതോടെ "സ്റ്റൈല്‍ മന്ന'ന്റെ പാര്‍ട്ടി പ്രഖ്യാപനം അടുത്തുണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നു പ്രഖ്യാപിച്ചതിനു ശേഷം രാഷ്ട്രീയ നിലപാടുകളില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു രജനി.

തന്നെ ആര്‍ക്കും കാവി പുതപ്പിക്കാനാവില്ലെന്ന പ്രഖ്യാപനത്തോടെ ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കും അദ്ദേഹം ഈയിടെ വിരാമമിട്ടു. രജനിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ, നാല്‍പത് വര്‍ഷമായി ഒന്നിച്ചുള്ള രജനിയുമായി സഹകരിക്കുന്നതില്‍ തടസമില്ലെന്ന് "സകലകലാവല്ലഭന്‍' കമല്‍ഹാസന്‍ പ്രഖ്യാപിച്ചു. രജനികാന്തും അതംഗീകരിച്ചു. മാധ്യമങ്ങളെ കണ്ടതോടെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാവുമെന്ന ആവേശമാണ് തമിഴ്‌നാട്ടിലെങ്ങും. തന്റെ ഫാന്‍സ് ക്ലബായ "രജനികാന്ത് മക്കള്‍ മന്‍ട്ര'ത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുമെന്നാണ് സൂചന. ഈ പാര്‍ട്ടി കമല്‍ഹാസന്റെ "മക്കള്‍ നീതി മയ്യ'വുമായി സഖ്യമുണ്ടാക്കിയാവും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

രജനിയുടെ പാര്‍ട്ടി അടുത്ത കൊല്ലം രൂപീകരിക്കപ്പെടുമെന്നാണ് മനസിലാക്കുന്നത്. പാര്‍ട്ടിയുടെ നിയമങ്ങളുടെയും നയങ്ങളുടെയും രൂപീകരണം അന്തിമഘട്ടത്തിലെത്തി കഴിഞ്ഞത്രേ. രജനി തന്നെയാണ് എല്ലാ ചര്‍ച്ചകള്‍ക്കും നേതൃത്വം കൊടുക്കുന്നത്. സ്വന്തമായി ഒരു പാര്‍ട്ടി മാത്രമല്ല ഒരു മുന്നണി തന്നെ രൂപീകരിക്കാനാണ് രജനീകാന്ത് നിലവില്‍ ലക്ഷ്യമിടുന്നത്. ഏതൊക്കെ പാര്‍ട്ടികളും വ്യക്തികളും ഈ മുന്നണിയുടെ ഭാഗമാകുമെന്നതാണ് തമിഴകമിപ്പോള്‍ ഉറ്റുനോക്കുന്നത്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയമാണ് രജനി ലക്ഷ്യമിടുന്നത്. ജയലളിതയുടെയും കരുണാനിധിയുടെയും പിന്‍ഗാമിയായി മാറുക എന്നതാണ് ലക്ഷൃം. ഭരണപക്ഷമായ അണ്ണാ ഡി.എം.കെയെയും പ്രതിപക്ഷമായ ഡി.എം.കെയെയും ഒരു പോലെ ആശങ്കപ്പെടുത്തുന്ന നീക്കമാണ് രജനി-കമല്‍ സുഹൃത്തുക്കളുടേത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ ഒന്നൊഴികെ ബാക്കിയെല്ലാ സീറ്റും തൂത്തുവാരിയത് ഡി.എം.കെ മുന്നണിയാണ്. എം.കെ സ്റ്റാലിന്‍ ഭാവി മുഖ്യമന്ത്രി എന്ന നിലയിലായിരുന്നു കാര്യങ്ങള്‍. എന്നാല്‍ രജനിയുടെ രംഗ പ്രവേശത്തോടെ സ്റ്റാലിന്റെ സാധ്യതയ്ക്ക് മങ്ങലേല്‍ക്കുന്നുവെന്നതാണ് സത്യം. രജനി മുഖ്യമന്ത്രി, കമല്‍ ഉപമുഖ്യമന്ത്രി എന്ന ഫോര്‍മുലയും ഇപ്പോള്‍ ഉരുത്തിരിയുന്നുണ്ട്. രണ്ട് പേരുടെയും സുഹൃത്തുക്കള്‍ തന്നെയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ കമലിന്റെ മക്കള്‍ നീതി മയ്യം സീറ്റുകള്‍ നേടിയില്ലങ്കിലും 13 ലോക്‌സഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടി മൂന്നാമത് എത്തി. പത്ത് ശതമാനം വോട്ട് നേടാനും മക്കള്‍ നീതി മയ്യത്തിനായി. ആരാധക പിന്തുണയില്‍ രജനിയും അഭിനയ മികവില്‍ കമലുമാണ് തമിഴകത്തെ സൂപ്പര്‍സ്റ്റാറുകള്‍. ഇരുവരും ഒന്നിച്ചാല്‍ അത് വലിയ ജനപിന്തുണ നേടാന്‍ കഴിയുമെന്നാണ് കരുതുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ നട്ടെല്ലാണ് സിനിമയും സുപ്പര്‍ സ്റ്റാറുകളും.

രജനിയും കമലും തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നായി ലയിപ്പിക്കണമെന്ന് ദളപതി വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ അഭിപ്രായപ്പെടുകയുണ്ടായി. കമല്‍ സിനിമയില്‍ 60 വര്‍ഷം തികച്ചത് സംബന്ധിച്ച ആഘോഷിച്ച ചടങ്ങില്‍ വച്ചായിരുന്നു ചന്ദ്രശേഖര്‍ ഇപ്രകാരം പറഞ്ഞത്. പാര്‍ട്ടികള്‍ ലയിച്ചില്ലങ്കിലും ഒരു മുന്നണിയില്‍ തന്നെ തുടരണമെന്ന ആവശ്യവും ഉയരുകയുണ്ടായി. ഇതിനു മറുപടി പറയയവേയാണ് രജനി ""അത്ഭുതങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം...'' എന്ന് പ്രതീക്ഷ പ്രകടിപ്പിച്ചത്. കമലുമായുള്ള സഖ്യ സാധ്യത തള്ളാതെയായിരുന്നു തന്ത്രപരമായ ഈ മറുപടി. ജീവിതത്തിലും സിനിമയിലും രണ്ടുവഴിയാണ് ഇരു താരങ്ങളും സ്വീകരിച്ചതെങ്കിലും അവരുടെ സൗഹൃദം ഇപ്പോഴും ശക്തമാണ്. 43 വര്‍ഷമായിട്ടും ഇതിന് ഒരു ഉലച്ചിലും തട്ടിയിട്ടില്ലന്നാണ് രജനി തന്നെ സാക്ഷ്യപ്പെടുന്നു.

സിനിമയിലെ സൂപ്പര്‍ താര പരിവേഷം വോട്ടാക്കി മാറ്റാനാണ് രജനിയും കമലും ശ്രമിക്കുന്നത്. രജനിയുടെ പുറത്തിറങ്ങാന്‍ പോകുന്ന "ദര്‍ബാര്‍' എന്ന കൂറ്റന്‍ സിനിമ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അനീതിക്കെതിരെ പൊരുതുന്ന ഒരു ഐ.പി.എസ് ഓഫീസറുടെ റോളിലാണ് രജനി ഈ സിനിമയിലെത്തുന്നത്. കമല്‍ ഹാസനാകട്ടെ "ഇന്ത്യന്‍-2' എന്ന ശങ്കര്‍ സിനിമയുടെ തിരക്കിലുമാണ്. അഴിമതിക്കെതിരെ കത്തിയെടുത്ത സേനാപതിയുടെ പുനരവതാരത്തിന് പിന്നിലെ ലക്ഷ്യവും തിരഞ്ഞെടുപ്പ് തന്നെയാണ്. രജനിയും കമലും ഒരു മുന്നണിയുടെ ഭാഗമായാല്‍ ആ മുന്നണിയെ സിനിമാ ലോകം ഒറ്റക്കെട്ടായി പിന്തുണയ്ക്കാനാണ് സാധ്യത. അത് തമിഴകരാഷ്ട്രീയത്തിന്റെ ജാതകം തിരുത്തുന്നതുമായിരിക്കും.

സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാടിന് പുത്തരിയല്ലല്ലോ. എം.ജിആറും ജയലളിതയുമെല്ലാം തമിഴ് സിനിമയും തമിഴ്‌നാടും ഭരിച്ചവരാണ്. ആ നിരയിലേക്ക് സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമല്‍ഹാസനും വരുമോ എന്ന ചൂടുപിടിച്ച ചര്‍ച്ചയിലാണ് തമിഴകം. 2017ലാണ് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് രജനീകാന്ത് പ്രഖ്യാപിക്കുന്നത്. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ ഇതുവരെ രജനി തയ്യാറായിട്ടില്ല. പകരം മക്കള്‍ മന്‍ട്രം എന്ന പേരില്‍ ആരാധകരുടെ ഒരു കൂട്ടായ്മയുണ്ടാക്കി. ഈ കൂട്ടായ്മയെ രാഷ്ട്രീയ പാര്‍ട്ടിയായി രജനീകാന്ത് ഉടനെ പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസനാകട്ടെ മക്കള്‍ നീതി മയ്യം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി 2018 മുതല്‍ രാഷ്ട്രീയ രംഗത്തുണ്ട്.

രജനിയുടെ രാഷ്ട്രീയം ഇങ്ങനെയാണ്...1995ല്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ സന്നദ്ധനാണെന്ന് രജനി പ്രഖ്യാപിക്കുകയുണ്ടായി. രജനിയുടെ പിന്തുണയുണ്ടെങ്കില്‍ കോണ്‍ഗ്രസിന് 130 സീറ്ററ്റ് വരെ ലഭിക്കുമെന്ന് കുമുദം മാസികയുടെ അഭിപ്രായ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. 1996ല്‍ കോണ്‍ഗ്രസ് എ.ഐ.എ.ഡി.എം.കെയുമായി സഹകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ രജനി ഡി.എം.കെടി.എം.സി മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ സൈക്കിള്‍ ആയിരുന്നു ടി.എം.സിയുടെ ചിഹ്നം. അണ്ണാമലൈ എന്ന ചിത്രത്തില്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന രജനികാന്തിന്റെ ചിത്രമാണ് പാര്‍ട്ടി പോസ്റ്ററുകളില്‍ ഉപയോഗിച്ചത്.

എ.ഐ.എ.ഡി.എം.കെ അധികാരത്തിലെത്തിയാല്‍ ദൈവത്തിനു പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ലെന്ന് രജനി പ്രഖ്യാപിച്ചു. 1998ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും രജനി ഡി.എം.കെടി.എം.സി മുന്നണിക്കൊപ്പമായിരുന്നു. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ഐ.ഐ.എ.ഡി.എം.കെബി.ജെ.പി മുന്നണി ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചു. 2002ല്‍ കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് രജനികാന്ത് ഉപവാസ സമരം നടത്തി. നദീ ബന്ധന പദ്ധതിക്ക് ഒരു കോടി രൂപ നല്‍കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച താരരാജാവ് പ്രധാനമന്ത്രി എ.ബി  വാജ്‌പേയിയെ കണ്ട് നദീബന്ധന പദ്ധതിക്ക് പിന്തുണ അറിയിച്ചു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രജനി ബി.ജെ.പിഎ.ഐ.എ.ഡി.എം.കെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. രജനിയുടെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. 2017 രജനികാന്ത് ബി.ജെ.പിയില്‍ ചേര്‍ന്നേക്കും എന്ന വാര്‍ത്ത നിരവധി രാഷ്ട്രീയ പ്രതികരണങ്ങള്‍ക്ക് വഴി തെളിച്ചു. അണ്ണാ ഡി.എം.കെ മന്ത്രിമാരായ വേലുമണി സെല്ലുര്‍ കെ രാജു എന്നിവര്‍ രജനിമാങ്കത്തിന്റെ രാഷ്ട്രീയപ്രവേശനം ശരത് കുമാറിന്റെയും വിജയകാന്തിന്റെയും രാഷ്ട്രീയ ഭാവിയുമായി താരതമ്യം ചെയ്യുകയുണ്ടായി.

സത്യത്തില്‍ തമിഴക രാഷ്ട്രീയം പിടിച്ചടക്കലിന്റെ ദ്രാവിഡ രാഷ്ട്രീയമാണ്. 1967 മുതല്‍ ദ്രാവിഡ പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. 1916ല്‍ രൂപീകരിച്ച "സൗത്ത് ഇന്ത്യന്‍ വെല്‍ഫെയര്‍ അസ്സിയേഷന്‍' ആണ് അവിടുത്തെ ആദ്യകാല പ്രാദേശിക പാര്‍ട്ടി. ഇത് പിന്നീട് "ജസ്റ്റിസ് പാര്‍ട്ടി' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. എന്നാല്‍ കടുത്ത ഭാഷാ വാദിയായിരുന്ന ഇ.വി രാമസ്വാമി നായ്ക്കര്‍ എന്ന "പെരിയാര്‍' 1944ല്‍ പാര്‍ട്ടിയുടെ പേര് തമിഴ്‌വല്‍ക്കരിച്ച് "ദ്രാവിഡ കഴകം' എന്നാക്കി.  ദ്രാവിഡ കഴകം ഒരു രാഷ്ട്രീയ പാര്‍ട്ടിയായിരുന്നില്ല. മറിച്ച് "ദ്രാവിഡ നാട്' എന്ന പേരില്‍ ഒരു സ്വതന്ത്ര സംസ്ഥാനം രൂപവല്‍ക്കരിക്കുന്നതിനു വേണ്ടിയുള്ള സംഘടനയായിരുന്നു.

പക്ഷേ, മികച്ച വാഗ്മിയും പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന സി.എന്‍ അണ്ണാദുരൈയും ഇ.വി രാമസ്വാമി നായ്ക്കരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ദ്രാവിഡ കഴകം പിളര്‍ന്നു. അണ്ണാദുരൈ "ദ്രാവിഡ മുന്നേറ്റ കഴകം' (ഡി.എം.കെ) രൂപീകരിച്ചു. 1956ല്‍ ഡി.എം.കെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1960കളുടെ മധ്യത്തില്‍ ഹിന്ദി ഭാഷയ്ക്കെതിരെയും ഉത്തരേന്ത്യന്‍ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങള്‍ സംഘടിപ്പിച്ച ഡി.എം.കെ വലിയ ജനസമ്മതിനേടുകയും തഴിഴ്‌നാട്ടിലെ പ്രബലമായ രാഷ്ട്രീയ ശക്തിയായി മാറുകയും ചെയ്തു. 1967ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തൂത്തുവാരിയ ഡി.എം.കെ അധികാരത്തില്‍ വന്നു. അതോടെ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസിന്റെ അധീശത്വത്തിന് അവസാനമായി.

അണ്ണാദുരൈ ഡി.എം.കെയുടെ പ്രഥമ മുഖ്യമന്ത്രിയായി. 1969ല്‍ അദ്ദേഹത്തിന്റെ മരണശേഷം മുത്തുവേല്‍ കരുണാനിധി മുഖ്യമന്ത്രി പദത്തിലെത്തി. എന്നാല്‍ കരുണാനിധിയുടെ മുഖ്യമന്ത്രി സ്ഥാനത്തെ എം.ജി രാമചന്ദ്രന്‍ ചോദ്യം ചെയ്തു. 1972ല്‍ ഡി.എം.കെയെ പിളര്‍ത്തി മാറിയ എം.ജി.ആര്‍ ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന എ.ഐ.എ.ഡി.എം.കെ രൂപീകരിച്ചു. എം.ജി.ആറിന്റെ മരണ ശേഷം ഭാര്യ ജാനകി തമിഴ്‌നാട് മുഖ്യമന്ത്രിയായി. ജയലളിതയെ ചവിട്ടി പുറത്താക്കിയായിരുന്നു ഇത്. എന്നാല്‍ ജനം ജയലളിതയ്ക്കൊപ്പമായിരുന്നു. പിന്നീട് തമിഴ്നാട് രാഷ്ട്രീയം അമ്മയിലേക്ക് ചുരുങ്ങി. തീര്‍ത്തും അപ്രതീക്ഷിതമായാണ് ജയലളിത വിടവാങ്ങിയത്. അപ്പോഴും പഴയ നാടകം ആവര്‍ത്തിച്ചു. പക്ഷേ, മുഖ്യമന്ത്രിയാകാന്‍ കൊതിച്ച ശശികല അഴിക്കുള്ളിലായി. എന്നാല്‍ വിയോഗത്തോടെ അത് ഒഴിവായി. അമ്മ കളമൊഴിഞ്ഞത് അണ്ണാ ഡി.എം.കെയില്‍  പുതിയ സമവാക്യമുണ്ടാക്കി. തീര്‍ത്തും അപ്രതീക്ഷിതമായി പനീര്‍ശെല്‍വം ശശികകയെ വെല്ലുവിളിച്ചു. അങ്ങനെ മുഖ്യമന്ത്രി പദത്തെ ചൊല്ലി തര്‍ക്കം ഉണ്ടായി. ഒടുവില്‍ വിശ്വസ്തനായ പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ ശശികല തീരുമാനിച്ചു. ഈ തീരുമാനമാണ് പാര്‍ട്ടിയില്‍  ഒ പനീര്‍ശെല്‍വം-എടപ്പാടി പളനിസ്വാമി എന്ന രണ്ടു വിഭാഗങ്ങള്‍ ഉണ്ടാവാന്‍ കാരണം.

മുഖ്യമന്ത്രിയായിരുന്ന ജയലളിത 2014 സെപ്റ്റംബറില്‍ അഴിമതി നിരോധന നിയമ പ്രകാരം ജയിലില്‍ പോയതിനാല്‍ ഭരണകക്ഷി അംഗങ്ങള്‍ സര്‍ക്കാറിനെ നയിക്കാന്‍ പനീര്‍ശെല്‍വത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു. 2014 സെപ്റ്റംബര്‍ 29ന് ഇദ്ദേഹം തമിഴ് നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിനു മുന്‍പും ജയലളിതയുടെ ജയില്‍വാസ സമയത്ത് ആറു മാസം മുഖ്യമന്ത്രിയായിരുന്നു. 2001 ലാണ് ആദ്യമായി ഇദ്ദേഹം തമിഴ്‌നാട് മുഖ്യമന്തിയാകുന്നത്. ആറു മാസത്തിനു ശേഷം ജയലളിതയ്ക്കായി സ്ഥാനമൊഴിഞ്ഞിരുന്നു. ജയലളിതയുടെ മരണത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത പനീര്‍ശെല്‍വം പാര്‍ട്ടി സമ്മര്‍ദത്തെ തുടര്‍ന്ന് 2017 ഫെബ്രുവരി അഞ്ചിന് രാജിവച്ചു. ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് ശശികലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി അദ്ദേഹം രംഗത്തെത്തി. അണ്ണാ ഡി. പനീര്‍ശെല്‍വം ഇപ്പോള്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക