Image

പക്ഷിക്കുഞ്ഞുങ്ങളാവട്ടെ നമ്മുടെ കുട്ടികള്‍ (സിമി എസ് രാജ്)

Published on 18 November, 2019
പക്ഷിക്കുഞ്ഞുങ്ങളാവട്ടെ നമ്മുടെ കുട്ടികള്‍ (സിമി എസ് രാജ്)
" നീ എന്നാണ് ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരുന്നത് "?

അവൻ അവളോട് ചോദിച്ചു .

" ഓഹ് ,അതോ ?ഡിഗ്രിക്ക് ശേഷം .
പക്ഷേ ,നീയെന്നാണ് ഡൽഹിയിൽ ചെന്ന് പെൺകുട്ടികളെ rape ചെയ്യാൻ തുടങ്ങുന്നത് " ?

അവളുടെ മറുപടിയിൽ അവൻ നിശബ്ദനായി .

നാഷണൽ ലോ അക്കാദമി ,ജോധ്പുരിൽ പഠിക്കുന്ന ന്യൂനപക്ഷ സമുദായംഗമായ അടുത്ത സുഹൃത്തിന്റെ മകളോട് , അവിടത്തെ ഒരു ഡൽഹി സ്വദേശിയായ വിദ്യാർത്ഥിയുടെ ചോദ്യത്തിന് അവൾ നൽകിയ മറുപടിയാണിത് .

ജീവിതമെന്നാൽ റാങ്കുകളും , A+ കളും മാത്രമല്ല ; മറിച്ചു മാറി വരുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കാനും പൊരുത്തപ്പെടാനും വേണ്ടിടത്തു പ്രതികരിക്കാനും അവർ പ്രാപ്തരാവുക കൂടിയാണെന്ന് തിരിച്ചറിഞ്ഞ ആ പെൺകുട്ടിയോടും മാതാപിതാക്കളോടും ആദരവാണ് തോന്നിയത് .

അവളുടെ പ്രായത്തിലുള്ള മറ്റൊരു പെൺകുട്ടിയുടെ മുഖം ,
ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും വേദനിപ്പിക്കുന്നു ; ഊണിലും ഉറക്കത്തിലും .

ആ കുട്ടി ; ഫാത്തിമ ലത്തീഫ് .

രാജ്യത്തെ ഏറ്റവും വലിയ സർവ്വകലാശാലകളിലൊന്നിൽ ഒന്നാം റാങ്കോടെ അഡ്മിഷൻ കിട്ടിയിട്ടും , നാലു മാസത്തിനുള്ളിൽ ഈ ലോകമേ വേണ്ടെന്ന് വച്ചു പൊയ്ക്കളഞ്ഞു അവൾ !
ആ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും ഒരിക്കലും തീരാത്ത മാനസിക വ്യഥ സമ്മാനിച്ച , അവളുടെ മരണം ഒരു ചൂണ്ടുവിരൽ ആണ് ഈ സമൂഹത്തിന് നേരെയും .
സമൂഹം ഒരുപക്ഷേ , പല സംഭവങ്ങളുടെയും തുടർച്ചയെന്നു കരുതി മറന്നു പോയേക്കാമെങ്കിലും ...

അവളുടെ മരണത്തിന് കാരണമായി പറയുന്ന സാഹചര്യങ്ങൾ പുതിയ സംഭവങ്ങളല്ല ; ഒറ്റപ്പെട്ടതുമല്ല.
അധ്യാപകരുടെ കാർക്കശ്യവും ഈഗോ ക്ലാഷുമെല്ലാം , എന്നുമുണ്ടായിരുന്നു .
വർഷങ്ങൾക്ക് മുൻപ് , ഈ കേരളത്തിൽ PG ക്ക് പഠിക്കുമ്പോൾ
സമാനമായ സാഹചര്യങ്ങളിൽ , കൂടി നടന്നു പോയവളാണ് ഞാനും . "തോൽക്കില്ല " എന്ന എന്റെ ഉറച്ച തീരുമാനത്തോട് , കുടുംബത്തോടൊപ്പം , കുറെ നല്ല സഹപാഠികൾ താങ്ങായി നിന്നതാണ് അന്ന് തുണയായതും !

പക്ഷെ അന്നത്തേക്കാൾ ഇന്നത്തെ വിദ്യാർത്ഥികളുടെ, മാനസിക വൈകാരിക തലങ്ങളിൽ മാറ്റങ്ങൾ ഏറെ വന്നിട്ടുണ്ട് .
പ്രത്യേകിച്ച് "No" എന്ന വാക്ക് കേൾക്കാതെ വളർന്നു വരുന്നവരാണ് ഇന്നത്തെ കുട്ടികൾ .
അതുപോലെ തന്നെയാണ് വേണ്ടിടത്ത് "No" പറയാൻ അറിയേണ്ടതും !
It's an art of saying 'No' !

വിവര സാങ്കേതിക വിദ്യയുടെ ഇന്നത്തെ കാലത്ത് ,തങ്ങളുടെ ലോകമെപ്പോഴും ഒരു വിരൽത്തുമ്പിലെ ക്ലിക്കിൽ ഒതുക്കി നിർത്തുമ്പോൾ , 'ഞാനും എന്റെ ഇഷ്ടങ്ങളും മാത്രമായ് ചുരുങ്ങിപ്പോകും അവർ ' . സ്‌കൂളിലും മറ്റും തന്റെ "comfort zone" ൽ രാജകുമാരനും / രാജകുമാരിയുമായി വിരാജിക്കുന്ന ഈ കുട്ടികൾ ഒരു വലിയ ലോകത്തേക്ക് ചെന്നെത്തുമ്പോൾ , ചെറിയ അക്വേറിയത്തിൽ വളർന്ന ഗോൾഡ്‌ ഫിഷ് , സമുദ്രത്തിൽ വീണ അവസ്ഥയാണ് .
നീന്തൽ അറിയാമെങ്കിലും , വലിയ തിരമാലകൾക്കിടയിൽ പകച്ചു നിൽക്കുന്ന അവസ്ഥ !
തോൽവികൾ എന്തെന്നറിയാത്ത കുട്ടികൾക്ക് , ഓരോ ചെറിയ പ്രതിബന്ധവും വൻ പരാജയങ്ങളായി തോന്നിത്തുടങ്ങും .
താമസിയാതെ അവരുടെ ബൗദ്ധികതലം , വൈകാരിക തലത്തിന് പണയം വക്കും . ഇതിൽ നിന്നെല്ലാം എങ്ങിനെ രക്ഷപെടണമെന്നെ പിന്നെ അവർ ചിന്തിക്കുള്ളൂ . ആ ചിന്തകളിൽ യുക്തിക്ക് പിന്നെ ഒരു സ്ഥാനവുമുണ്ടാവില്ല താനും .

ഇവിടെയാണ് parenting ന്റെ പ്രസക്തി .
അമ്മയുടെ ഗർഭപാത്രത്തിന്റെ സുരക്ഷിതാവസ്ഥയിൽ നിന്നും പുറത്തു വരുമ്പോൾ മുതൽ ഏതൊരു കുഞ്ഞും അരക്ഷിതനും ആശങ്കാകുലനുമാണ് .

അവന് സുഖ സൗകര്യങ്ങളുടെ പട്ടുമെത്ത ഒരുക്കാനല്ല , മാനസികമായ പ്രതിരോധശക്തി ഉണ്ടാക്കാനാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത് .

അവന് രോഗത്തിനെതിരെയുള്ള വാക്സിനേഷനൊപ്പം പ്രാധാന്യമുണ്ട് , ഈ സൈക്കളോജിക്കൽ വാക്സിനേഷനും .

അവൻ നടക്കാൻ പഠിക്കുമ്പോൾ വീഴുന്നത് പോലെ , തോൽവികളിൽ പതറാതെ മുന്നോട്ട് നടക്കാനുള്ള താങ്ങായി മാറണം അച്ഛനമ്മമാർ . അല്ലാതെ അവർ വീഴാതിരിക്കാൻ , എടുത്തു കൊണ്ട് നടക്കുകയല്ല വേണ്ടത് .

ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്ന ഒന്നാണ് "pursue the passion" . ആ അഭിരുചി , പഠനത്തോടാണെങ്കിൽ നിറഞ്ഞ കൈയ്യടിയാണ് സമൂഹത്തിൽ നിന്നും .
എന്നാൽ പലപ്പോഴും ഈ കുഞ്ഞുങ്ങൾ അഭിരുചിയുടെ തടവറയിൽ ആകുന്നത് അറിയാൻ വൈകും നമ്മൾ .
തന്റെ വൈയക്തികമായ ഇഷ്ടങ്ങൾക്ക് മേലെയാണ് ഈ സമൂഹത്തിന്റ ആവശ്യങ്ങളുമായി ചേർന്നു നിൽക്കേണ്ടതെന്ന് അവർ മനസ്സിലാക്കുന്നതാണ് "Emotional intelligence " . മാറി വരുന്ന സാഹചര്യങ്ങൾക്കനുസൃതമായി , പൊരുത്തപ്പെട്ടു പോവുന്നവർക്കാണ് ജീവിതവിജയവും . അതുകൊണ്ട് തന്നെ Emotional intelligence ന് ഇന്നൊരു life skill ന്റെ പ്രാധാന്യമുണ്ട് .

കഴുകൻ കൂടൊരുക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ ?

ആദ്യം മുള്ളുകളുടെ ഒരു വരി , അതിന്റെ മുകളിൽ കൂർത്ത കല്ലുകളും ശിഖരങ്ങളുമാണ് . അതിന്റ മുകളിൽ പഞ്ഞിയും കമ്പിളി നാരുകളും തൂവലുകളും വച്ചു മൃദുവായ നിര . ഇതിലാണ് മുട്ടയിട്ട് കുഞ്ഞുങ്ങൾ വിരിയുന്നത് . അവർ സുഖപ്രദമായ കൂടിനുള്ളിൽ വളർന്ന് , കുഞ്ഞിച്ചിറകുകൾക്ക് ശക്തി വക്കുന്നത് വരെ , അവർക്ക് കൂടിനുള്ളിൽ തീറ്റ കൊടുത്തു കൊണ്ടിരിക്കും കഴുകൻ . എന്നാൽ അതിന് ശേഷം പതിയെ കൂടിളക്കാൻ തുടങ്ങും . അവസാനം മുള്ളുകളും കൂർത്ത കല്ലുകളും അവശേഷിക്കും . വാസയോഗ്യമല്ലാത്ത കൂട്ടിൽ തുടരുവാൻ , പിന്നെ കുഞ്ഞുങ്ങൾക്കാവില്ല .
അപ്പോഴാണ് അവർ തന്റെ ചിറകിന്റെ ശക്തി തിരിച്ചറിയാൻ തുടങ്ങുന്നത് .
കുഞ്ഞിച്ചിറകുകൾ വിരിച്ച് അവർ നീലാകാശത്തേക്ക് പറന്നു തുടങ്ങുമ്പോൾ , താഴെ വീഴാതെ ജാഗ്രതയോടെ 'അമ്മ പക്ഷി , ഒരു പരീശീലകയെന്ന പോലെ അടുത്തുണ്ടാവും.

നമ്മുടെ comfort zone കൾ നഷ്ടപ്പെടുമ്പോൾ ,അസ്വസ്ഥരാവുമെന്നത് മനുഷ്യസഹജമാണ് . എന്നാൽ അപ്പോഴാണ് നമ്മുടെ ചിറകുകളുടെ ശക്തി തിരിച്ചറിയേണ്ടത് .
ഒരു ചെറിയ കൂടിന്റെ സുഖകരമായ സംരക്ഷണം ഇല്ലാതായപ്പോൾ ആ പക്ഷിക്കുഞ്ഞിന്‌ ലഭിച്ചത് അതിരുകളില്ലാത്ത ആകാശമായിരുന്നു .

അപകർഷതാ ബോധവും , നിരാശയും , ചെറിയ പരാജയങ്ങളിൽ അടിപതറുന്ന മനസ്സുമെല്ലാം മാറ്റി വച്ച് , ഇച്ഛാ ശക്തിയും ദിശാബോധവുമുള്ള പക്ഷിക്കുഞ്ഞുങ്ങളാവട്ടെ നമ്മുടെ കുട്ടികൾ ...
ആ തിരിച്ചറിവുള്ള ഒരാളുടെയും ലക്ഷ്യങ്ങളും സ്വപ്നങ്ങളും മറ്റൊരാൾക്കും ഒരു സാഹചര്യത്തിലും നശിപ്പിക്കാൻ സാധ്യമാവില്ലെന്ന് തീർച്ച .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക