Image

സ്വകാര്യസ്വത്ത് നശിപ്പിച്ചാല്‍ ജാമ്യമില്ലാക്കുറ്റം, ബില്‍ നിയമസഭ പാസാക്കി

Published on 14 November, 2019
സ്വകാര്യസ്വത്ത് നശിപ്പിച്ചാല്‍ ജാമ്യമില്ലാക്കുറ്റം, ബില്‍ നിയമസഭ പാസാക്കി
തിരുവനന്തപുരം: ഹര്‍ത്താലിന്റെയും പ്രകടനത്തിന്റെയും മറവില്‍ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കും. ഇതിനായി കേരള സ്വകാര്യസ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നല്‍കലും ബില്‍ നിയമസഭ പാസാക്കി.

പൊതുസ്വത്ത് നശിപ്പിച്ചാല്‍ കടുത്തശിക്ഷ ലഭിക്കുന്ന കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനവും നിയമം കൊണ്ടുവന്നത്. നേരത്തേ ഇതുസംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു.

സ്വകാര്യസ്വത്തിനു നാശനഷ്ടമുണ്ടാകുന്ന തരത്തിലുള്ള പ്രവൃത്തിക്ക് അഞ്ചുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കാമെന്നാണു പുതിയ വ്യവസ്ഥ. തീകൊണ്ടോ സ്‌ഫോടകവസ്തുകൊണ്ടോ നാശനഷ്ടമുണ്ടാക്കിയാല്‍ പത്തുവര്‍ഷം വരെയാകാവുന്നതും അഞ്ചുവര്‍ഷത്തില്‍ കുറയാത്തതുമായ ശിക്ഷ ലഭിക്കാം.

വര്‍ഗീയ ലഹള, ബന്ദ്, പ്രകടനം, മാര്‍ച്ച്, ഘോഷയാത്ര, റോഡ് ഗതാഗതം തടയല്‍ തുടങ്ങിയ ഏതുവിധത്തിലുമുള്ള സംഘംചേരലിലൂടെ സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നതിനെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും.

ചെറിയ നാശനഷ്ടങ്ങള്‍ക്ക് ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്ന് ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും നാശനഷ്ടമല്ല അതിനുപിന്നിലെ കുറ്റകൃത്യമാണു കാണേണ്ടതെന്നും ഇളവ് അനുവദിക്കാനാകില്ലെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും ആത്മവിശ്വാസവും നല്‍കുന്നതാണ് ഈ നിയമമെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക