Image

സാങ്കേതിക തകരാര്‍; പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി

Published on 12 November, 2019
സാങ്കേതിക തകരാര്‍; പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി

ദുബായ്: ദുബായില്‍ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് യാത്രക്കാരുമായി പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം തിരിച്ചിറക്കിയത്. വിമാനത്തില്‍ ഉണ്ടായ ചെറിയ സാങ്കേതിക തകരാറാണ് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കാന്‍ കാരണം. ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത്.


തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം വിമാനത്തിലെ മര്‍ദ നിയന്ത്രണ സംവിധാനത്തില്‍ തകരാറുണ്ടെന്ന് കണ്ടെത്തുകയും വീണ്ടും ദുബായ് വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കാന്‍ തീരുമാനിച്ചത്. കുറച്ച്‌ സമയം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമേ വിമാനത്തിലുണ്ടായിട്ടുള്ള എന്നും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയതെന്നും എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ പറഞ്ഞു.


തകരാര്‍ പരിഹരിക്കാനുള്ള സാങ്കേതിക സംഘത്തെയും ഉപകരണങ്ങളെയും ദുബായിലേക്ക് അയച്ചിട്ടുണ്ടെന്നും പ്രാദേശിക സമയം രാത്രി പത്ത് മണിയോടെ വിമാനം മുംബൈയിലേക്ക് തിരിക്കുമെന്നും വിമാന അധികൃതര്‍ അറിയിച്ചു. 244 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക