Image

റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിന്‍ തേജസ് ഒന്നാം മാസത്തില്‍ നേടിയത് 70 ലക്ഷം രൂപയുടെ ലാഭം

Published on 11 November, 2019
റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിന്‍ തേജസ് ഒന്നാം മാസത്തില്‍ നേടിയത് 70 ലക്ഷം രൂപയുടെ ലാഭം

ദില്ലി: ഐആര്‍സിടിസിയുടെ തേജസ് എക്‌സ്പ്രസ് ഈ വര്‍ഷം ഒക്ടോബര്‍ വരെ നേടിയത് 70 ലക്ഷം രൂപയുടെ ലാഭം. ടിക്കറ്റ് വില്‍പനയിലൂടെ 3.70 കോടി രൂപയാണ് തേജസ് നേടിയത്. റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിനിന്റെ മികച്ച തുടക്കമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 50 റെയില്‍വേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേക്ക് വികസിപ്പിക്കുകയും സ്വകാര്യ പാസഞ്ചര്‍ ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ ശൃംഖലയില്‍ 150 ട്രെയിനുകള്‍ ഓടിക്കാനും അനുവദിക്കുന്ന റെയില്‍വേയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ ലഖ്നൗ-ദില്ലി റൂട്ടില്‍ തേജസ് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്തത്. ഒക്ടോബര്‍ 5 ന് പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ശരാശരി 80-85 ശതമാനം വരെ ട്രെയിന്‍ ഓടുന്നുണ്ട്.


ഒക്ടോബര്‍ 5 മുതല്‍ ഒക്ടോബര്‍ 28 വരെ (21 ദിവസം, ട്രെയിന്‍ ആഴ്ചയില്‍ ആറ് ദിവസം ഓടുന്നു), ട്രെയിന്‍ ഓടിക്കുന്നതിന് ഐആര്‍സിടിസി ചെലവഴിച്ചത് ഏകദേശം 3 കോടി രൂപയാണ്. അത്യാധുനിക ട്രെയിന്‍ ഓടിക്കാന്‍ പ്രതിദിനം ശരാശരി 14 ലക്ഷം രൂപ ചെലവഴിച്ച റെയില്‍വേ യാത്രക്കാരുടെ നിരക്കില്‍ നിന്ന് പ്രതിദിനം 17.50 ലക്ഷം രൂപ നേടി. റെയില്‍വേ ഇതര ഓപ്പറേറ്ററോടൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ ആദ്യമായി ഓടിക്കുന്ന ട്രെയിനാണ് ലഖ്നൗ-ദില്ലി റൂട്ടിലെ തേജസ് എക്‌സ്പ്രസ്.


കോമ്ബിനേഷന്‍ ഭക്ഷണം, 25 ലക്ഷം രൂപ വരെ സൗജന്യ ഇന്‍ഷുറന്‍സ്, കാലതാമസമുണ്ടായാല്‍ നഷ്ടപരിഹാരം എന്നിങ്ങനെ ധാരാളം ആനുകൂല്യങ്ങള്‍ ഐആര്‍സിടിസി യാത്രക്കാര്‍ക്കായി നല്‍കുന്നു. സ്വകാര്യ ട്രെയിനുകളുടെ പ്രവര്‍ത്തനം, സ്റ്റേഷന്‍ പുനര്‍വികസന പദ്ധതികള്‍ക്കുള്ള മുന്‍കൈയ്യെടുക്കല്‍ എന്നിവയ്ക്കായി ഒരു കൂട്ടം സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക ടാസ്‌ക് ഫോഴ്സ് സര്‍ക്കാര്‍ കഴിഞ്ഞ മാസമാണ് രൂപീകരിച്ചത്. എന്നാല്‍ ഈ ഗ്രൂപ്പിന്റെ ആദ്യ യോഗം ഇതുവരെ നടന്നിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക