Image

ധനമന്ത്രിക്കും കിഫ്‌ബിക്കുമെതിരെ ജി സുധാകരന്റെ 'ബകന്‍ പരാമര്‍ശം വിവാദത്തില്‍

Published on 11 November, 2019
 ധനമന്ത്രിക്കും കിഫ്‌ബിക്കുമെതിരെ ജി സുധാകരന്റെ 'ബകന്‍ പരാമര്‍ശം വിവാദത്തില്‍

തിരുവനന്തപുരം: പൊതുമരാമത്ത്‌ വകുപ്പിന്റെ പദ്ധതികളെല്ലാം കിഫ്‌ബിയിലിരിക്കുന്ന ഉദ്യോഗസ്‌ഥര്‍ വെട്ടുന്നുവെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി ജി. സുധാകരന്റെ പരാതി. 

കനകക്കുന്നില്‍ നാലാമത്‌ എന്‍ജിനീയേഴ്‌സ്‌ കോണ്‍ഗ്രസിന്റെ ഉദ്‌ഘാടനച്ചടങ്ങില്‍ സംസാരിക്കവെയാണ്‌ മന്ത്രി കിഫ്‌ബിയെ ചാരി ധനമന്ത്രി തോമസ്‌ ഐസക്കിനെതിരേ തിരിഞ്ഞത്‌.

'പി.ഡബ്ല്യു.ഡി ഉദ്യോഗസ്‌ഥര്‍ പദ്ധതിരേഖ വീണ്ടും അയയ്‌ക്കുമ്‌ബോള്‍ കിഫ്‌ബിയിലുള്ളവര്‍ വീണ്ടും വെട്ടും. ഒടുവില്‍ എങ്ങനെയെങ്കിലും പദ്ധതികള്‍ ചീഫ്‌ ടെക്‌നിക്കല്‍ എക്‌സാമിനറെന്ന (സി.ടി.ഇ) രാക്ഷസന്റെ മുന്നിലെത്തും. ബകന്‍ ഭക്ഷണം കാത്തിരിക്കുന്നതു പോലെയാണ്‌ അയാള്‍! എല്ലാ ദിവസവും ആരെയെങ്കിലും കൊടുക്കണം. 

പിടിച്ചുവയ്‌ക്കാന്‍ എപ്പോഴും ഒരു റോഡെങ്കിലും വേണം. ഇങ്ങനെയൊരു മനുഷ്യന്‍ എന്തിനാണ്‌ അവിടെയിരിക്കുന്നത്‌. ചീഫ്‌ എന്‍ജിനിയര്‍മാര്‍ കൊടുക്കുന്ന റിപ്പോര്‍ട്ട്‌ പരിശോധിക്കാന്‍ സി.ടി.ഇയായി ഒരു ചീഫ്‌ എന്‍ജിനീയറെയെല്ലേ വേണ്ടത്‌. അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ കാര്യങ്ങള്‍ എന്നേ നേരെയായേനെ.

തന്റെ മണ്ഡലത്തിലെ ഒരു പാലം സി.ടി.ഇ. പിടിച്ചുവച്ചിരിക്കുകയാണ്‌.ഏതെങ്കിലും തരത്തിലുള്ള അപാകതയുണ്ടെങ്കില്‍ അത്‌ പരിഹരിക്കാന്‍ പറയുന്നതിനു പകരം അനാവശ്യമായി ഉടക്കിടുകയാണ്‌. ഒരു ഫയലും മൂന്നു ദിവസത്തിലധികം പിടിച്ചുവയ്‌ക്കരുതെന്നാണു നിയമം. 

തൃപ്‌തികരമല്ലെങ്കില്‍ ഒരാഴ്‌ചയ്‌ക്കകം ഫയല്‍ തിരിച്ചയയ്‌ക്കണം. അങ്ങനെ ചെയ്യാതിരിക്കുന്നതിലൂടെ സര്‍ക്കാര്‍ പദ്ധതികളെ മുഴുവന്‍ ഉദ്യോഗസ്‌ഥര്‍ അവതാളത്തിലാക്കുകയാണ്‌. ഇതിന്റെ പേരില്‍ പി.ഡബ്ല്യു.ഡി. എന്തെല്ലാം കടന്നാക്രമണങ്ങളാണു നേരിടുന്നതെന്ന്‌ ആരെങ്കിലും അറിയുന്നുണ്ടോ?

കിഫ്‌ബിയെ ഏല്‍പിച്ച റോഡുകളുടെ ഉത്തരവാദിത്വം പി.ഡബ്ല്യു.ഡിക്കല്ല. റോഡ്‌ വെട്ടിമുറിച്ചതിനുള്ള പഴിയും പി.ഡബ്ല്യു.ഡിയാണു കേള്‍ക്കുന്നത്‌. പഞ്ചായത്തിലെ റോഡുകള്‍ പോലും പി.ഡബ്ല്യു.ഡിയുടേതാണെന്നാണ്‌ എല്ലാവരും കരുതുന്നത്‌.

 റോഡ്‌ വെട്ടിപ്പൊളിക്കുന്നതിന്‌ മുമ്‌ബ്‌ എം.എല്‍.എ. അധ്യക്ഷനായ സമിതി തീരുമാനിക്കണമെന്നുണ്ട്‌. എന്നാല്‍ അതിനുള്ള പഴിയും പി.ഡബ്ല്യു.ഡിയാണു കേള്‍ക്കുന്നത്‌.' - സുധാകരന്‍ പറഞ്ഞു.

ദേശീയപാതാ അതോറിറ്റിയെയും മന്ത്രി വിമര്‍ശിച്ചു. ദേശീയപാത വികസനം ഈ സര്‍ക്കാരിന്റെ കാലത്തും തീരില്ലെന്നും പാതയുടെ കാലാവധി കഴിഞ്ഞ്‌ മൂന്നുവര്‍ഷം കഴിഞ്ഞാലും അതോറിറ്റി പണം തരില്ലെന്നും അതോറിറ്റി ഇത്തരത്തില്‍ ഏഴാംതരം രാഷ്‌ട്രീയം കളിക്കരുതെന്നും ജി. സുധാകരന്‍ പറഞ്ഞു.

അരൂരിലെ 'പൂതന' പ്രയോഗം വിവാദമായതിനു പിന്നാലെയാണ്‌ മന്ത്രിയുടെ 'ബകന്‍' പരാമര്‍ശം. കിഫ്‌ബിക്കെതിരേ നേരിട്ടും അതിന്റെ തലതൊട്ടപ്പനായ ധനമന്ത്രി തോമസ്‌ ഐസക്കിനെതിരെ പരോക്ഷമായും ആണ്‌ അദ്ദേഹം തുറന്നടിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക