Image

ഇറാനിയന്‍ സുന്ദരിക്ക് ഫിലിപ്പീന്‍സ് അഭയം നല്‍കി

Published on 10 November, 2019
ഇറാനിയന്‍ സുന്ദരിക്ക് ഫിലിപ്പീന്‍സ് അഭയം നല്‍കി
മനില: ഇന്റര്‍പോള്‍ റെഡ് നോട്ടിസ് കാരണം മൂന്നാഴ്ചയിലേറെ വിമാനത്താവളത്തില്‍ ഭയന്നു കഴിഞ്ഞതിനൊടുവില്‍ ഇറാനിയന്‍ യുവതിക്ക് ഫിലിപ്പീന്‍സില്‍ അഭയം. ഇറാന്‍ ക്രിമിനല്‍ കുറ്റം ചുമത്തി അറസ്റ്റ് ആവശ്യപ്പെട്ടിരുന്ന ബഹോറെ സറി ബഹാരി എന്ന മുപ്പത്തിയൊന്നുകാരിക്കാണു ഫിലിപ്പീന്‍സ് രാഷ്ട്രീയ അഭയം നല്‍കിയത്.

2014 മുതല്‍ ഫിലിപ്പീന്‍സില്‍ താമസിച്ചു വരികയായിരുന്നു ബഹാരി. അതിനിടെ ഇറാന്റെ പ്രതിനിധിയായി സൗന്ദര്യമത്സരത്തിലും പങ്കെടുത്തു. അടുത്തിടെ ദുബായില്‍ പോയി തിരികെയെത്തിയപ്പോഴായിരുന്നു വിമാനത്താവളത്തില്‍ തടഞ്ഞത്. ഇവര്‍ക്കെതിരെ ഇറാന്റെ അറസ്റ്റ് വാറന്റുമുണ്ടായിരുന്നു. ഇറാന്‍ ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചു എന്നായിരുന്നു കേസ്.

ഇവരെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റര്‍പോളിന് ഇറാന്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണു വിമാനത്താവളത്തില്‍ തടഞ്ഞത്. എന്നാല്‍ ഇറാനിലേക്കു പോകാന്‍ ഭയമാണെന്നും അഭയം നല്‍കണമെന്നും ആവശ്യപ്പെട്ട് ബഹാരി വിമാനത്താവളത്തില്‍ കുത്തിയിരുന്നു. രാജ്യത്തു കാലു കുത്താന്‍ അനുവാദമില്ലാത്തതിനാല്‍ വിമാനത്താവളത്തിലെ തന്നെ മൂന്നാം ടെര്‍മിനലിലെ പാസഞ്ചര്‍ റൂമിലേക്കു അധികൃതര്‍ ഇവരുടെ താമസം മാറ്റി. അവിടെ വച്ച് സമൂഹമാധ്യമങ്ങളിലൂടെ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ തേടുകയായിരുന്നു ബഹാരി. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേര്‍ട്ടിനും അപേക്ഷ നല്‍കി.

ഇറാനിലെത്തിയാല്‍ കൊലപ്പെടുത്തുമെന്നാണ് ടെലഗ്രാഫ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ബഹാരി വ്യക്തമാക്കിയത്. അതിനിടെ മനുഷ്യാവകാസ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ വിഷയത്തില്‍ ഇടപെട്ടു. ഇറാനിയന്‍ ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനാണ് ബഹാരിക്കെതിരെ നടപടിയെന്നും അതിന്റെ പേരില്‍ നാടുകടത്തരുതെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു. ഇറാഖിനു കൈമാറിയാല്‍ ജീവന്‍ വരെ അപകടത്തിലാകുമെന്നും പറഞ്ഞു. തുടര്‍ന്നായിരുന്നു ഫിലിപ്പീന്‍സിന്റെ ഇടപെടല്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക