Image

ക്യാബിന്‍ ക്രൂ സമരം: ലുഫ്താന്‍സ 1300 സര്‍വീസുകള്‍ റദ്ദാക്കി, യാത്രക്കാര്‍ ദുരിതത്തില്‍

ജോസ് കുമ്പിളുവേലില്‍ Published on 07 November, 2019
ക്യാബിന്‍ ക്രൂ സമരം: ലുഫ്താന്‍സ 1300 സര്‍വീസുകള്‍ റദ്ദാക്കി, യാത്രക്കാര്‍ ദുരിതത്തില്‍
ബര്‍ലിന്‍: രണ്ടു ക്യാബിന്‍ ക്രൂ യൂണിയനുകളുടെ സമരം കാരണം ജര്‍മന്‍ എയര്‍ലൈന്‍ ലുഫ്താന്‍സ 1300 സര്‍വീസുകള്‍ റദ്ദാക്കി. ജര്‍മനിയിലെ ക്യാബിന്‍ ക്രൂ 48 മണിക്കൂര്‍ സമരം ആരംഭിച്ചതിനാല്‍ പതിനായിരക്കണക്കിന് ലുഫ്താന്‍സ യാത്രക്കാര്‍ ദുരിതത്തിലായി. ശമ്പള വര്‍ധയും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് ലുഫ്താന്‍സയില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്ത 180,000 യാത്രക്കാരെ ബാധിച്ചെന്നാണ് കണക്കാക്കുന്നത്. സമരം ഒഴിവാക്കാന്‍ മാനെജ്‌മെന്‍റ് അവസാന സമയത്ത് സ്വീകരിച്ച് നിയമ നടപടികളും പരാജയപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കാനുള്ള തീരുമാനം. ബുധനാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി വരെ നീളും. ജര്‍മനിയില്‍ നിന്നു പുറപ്പെടുന്ന സര്‍വീസുകളെയാണ് ഇതു പ്രധാനമായും ബാധിച്ചത്. ലുഫ്താന്‍സ ശൃംഖലയിലാകെ തകരാറുകള്‍ക്ക് സാധ്യത കാണുന്നു.

ജര്‍മനിയിലെ യുഎഫ്ഒ ഫ്‌ലൈറ്റ് അറ്റന്‍ഡന്‍റ്‌സ് യൂണിയനാണ് പണിമുടക്ക്  പ്രഖ്യാപിച്ചത്. വ്യാഴാഴ്ച 700 വിമാനങ്ങളും വെള്ളിയാഴ്ച 600 ഓളം വിമാനങ്ങളും റദ്ദാക്കാന്‍ നിര്‍ബന്ധിതരായതായി ലുഫ്താന്‍സ പറഞ്ഞു. പതിനായിരക്കണക്കിന് ആളുകളെ ഈ നടപടി ബാധിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

ജര്‍മ്മന്‍ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്ന എല്ലാ ലുഫ്താന്‍സയെയും ഇതുബാധിക്കുമെന്ന് യുഎഫ്ഒ യൂണിയന്‍ നേരത്തെതന്നെ അറിയിച്ചിരുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ ഗതാഗത കേന്ദ്രങ്ങളായ ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്ക്, ഹാംബുര്‍ഗ്, കൊളോണ്‍, ഡ്യൂസല്‍ഡോര്‍ഫ്, ബര്‍ലിന്‍ തുടങ്ങിയ വിമാനത്താവളങ്ങളിലെ വലിയൊരു വിഭാഗം വിമാനങ്ങള്‍ ചലനമില്ലാതെ കിടക്കുകയാണ്.  പണിമുടക്കിന്‍റെ ഫലമായി ഞങ്ങളുടെ ഉപഭോക്താക്കളില്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിന് സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യുമെന്ന് ലുഫ്ത്താന്‍സ അറിയിച്ചിട്ടുണ്ട്.

ലുഫ്താന്‍സ ഗ്രൂപ്പിലുടനീളമുള്ള ക്യാബിന്‍ ക്രൂവിന് ഉയര്‍ന്ന വേതനം നല്‍കുന്നതിനൊപ്പം, താല്‍ക്കാലിക തൊഴിലാളികള്‍ കൂടുതല്‍ ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നു. ആഭ്യന്തര നേതൃത്വ കലഹത്തെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെ പ്രതിനിധീകരിക്കാന്‍ യുഎഫ്ഒയ്ക്ക് അവകാശമില്ലെന്ന് വാദിച്ച ലുഫ്താന്‍സ, കോടതിയില്‍ യൂണിയന്‍റെ നിയമപരമായ നിലയെ ചോദ്യം ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക