Image

എന്തിനാണ് ഞാന്‍ 15 ദിവസം നഷ്ടപ്പെടുത്തിയത്.... മുഖ്യമന്ത്രി പദമില്ലാതെ പിന്നോട്ടില്ലെന്ന് ഉദ്ധവ്

Published on 07 November, 2019
എന്തിനാണ് ഞാന്‍ 15 ദിവസം നഷ്ടപ്പെടുത്തിയത്.... മുഖ്യമന്ത്രി പദമില്ലാതെ പിന്നോട്ടില്ലെന്ന് ഉദ്ധവ്

മുംബൈ: മഹാരാഷ്ട്രയില്‍ എംഎല്‍എമാരുടെ യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. മുഖ്യമന്ത്രി പദമില്ലാതെ ഒരടി പോലും പിന്നോട്ടില്ലെന്ന് ഉദ്ധവ് തുറന്ന് പറഞ്ഞു. അദ്ദേഹത്തിന് പിന്നില്‍ അണിനിരക്കുമെന്ന് എംഎല്‍എമാരും പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം റിസോര്‍ട്ട് രാഷ്ട്രീയം മഹാരാഷ്ട്രയിലും ആരംഭിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുംബൈയിലെ റിസോര്‍ട്ടില്‍ ശിവസേന എംഎല്‍എമാര്‍ താമസിക്കും. ഇവിടേക്ക് ബിജെപി എംഎല്‍എമാരുടെ വരവും തടയും.


മുഖ്യമന്ത്രി സ്ഥാനത്തില്‍ കുറഞ്ഞൊന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഉദ്ധവിന്റെ നിലപാട്. മുഖ്യമന്ത്രി പദം വേണ്ടെങ്കില്‍ എന്തിനാണ് താന്‍ 15 ദിവസം നഷ്ടപ്പെടുത്തിയതെന്നും ഉദ്ധവ് ചോദിച്ചെന്ന് ശിവസേന എംഎല്‍എ സഞ്ജയ് ശിര്‍സത്ത് പറഞ്ഞു. അമിത് ഷായ്ക്ക് മുന്നില്‍ വെച്ചാണ് 50:50 ഓഫര്‍ ബിജെപി വാഗ്ദാനം ചെയ്തത്. അതുകൊണ്ട് പിന്മാറില്ലെന്നും ശിര്‍സത്ത് പറഞ്ഞു.


അതേസമയം ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ഒരിക്കലും കീഴടങ്ങരുതെന്നാണ് ശിവസേന എംഎല്‍എമാരുടെ നിര്‍ദേശം. 25 എംഎല്‍എമാരെ ബിജെപി കൂറുമാറ്റിക്കും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ഉദ്ധവ് തള്ളി. എനിക്ക് ബിജെപിയുമായി സഖ്യം അവസാനിപ്പിക്കേണ്ട കാര്യമില്ല. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് എന്താണോ പറഞ്ഞത് അത് നടപ്പാക്കാന്‍ ബിജെപി തയ്യാറാവണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു.


പറഞ്ഞ വാക്ക് പാലിക്കാന്‍ തയ്യാറാണെങ്കില്‍, മുഖ്യമന്ത്രി പദം നല്‍കാന്‍ തയ്യാറാണെങ്കില്‍ ബിജെപിക്ക് ധൈര്യമായി ശിവസേനയെ വിളിക്കാം. മുഖ്യമന്ത്രി പദം രണ്ടരവര്‍ഷത്തേക്ക് നല്‍കണമെന്നാണ് നേരത്തെ പറഞ്ഞത്. അത് ബിജെപി അംഗീകരിച്ചതാണ്. ഇപ്പോഴും അതേ നിലപാടാണെങ്കില്‍ എന്നെ വിളിക്കണം, അതല്ലെങ്കില്‍ വിളിക്കേണ്ട കാര്യമില്ലെന്നും ഉദ്ധവ് പറഞ്ഞു. ഞങ്ങള്‍ക്ക് ബിജെപിയെ ഒതുക്കേണ്ട കാര്യമില്ല. ഞങ്ങള്‍ ഏറ്റവും സത്യസന്ധമായിട്ടാണ് കാര്യങ്ങള്‍ പറയുന്നത്. അത് തള്ളിക്കളയുകയാണെങ്കില്‍ നിങ്ങളുമായി എന്തിന് ചര്‍ച്ച നടത്തണമെന്നും ഉദ്ധവ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക