Image

1300 കിലോ തൂക്കമുള്ള പോത്തിന് വിലയിട്ടത് 14 കോടി: വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉടമ

Published on 06 November, 2019
 1300 കിലോ തൂക്കമുള്ള പോത്തിന് വിലയിട്ടത് 14 കോടി: വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉടമ

ജയ്പൂര്‍:  രാജസ്ഥാനില്‍ നടക്കുന്ന പുഷ്‌കര്‍ മേളയില്‍ ശ്രദ്ധേയമായൊരു കൂറ്റന്‍ പോത്ത്. 1300 കിലോ തൂക്കമുള്ള ഭീമ എന്ന് പേരുള്ള  ഈ പോത്തിന് ആറര വയസാണ് പ്രായം. മുറ ഇനത്തില്‍പ്പെട്ട ഈ പോത്തിന്  14 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. അതേസമയം ഭീമയെ വില്‍ക്കാന്‍ ഉടമസ്ഥര്‍ തയ്യാറായിട്ടില്ലെന്ന് റിപ്പോര്‍ട്ട് 

ജോധ്പുര്‍ സ്വദേശിയായ ജവഹര്‍ലാല്‍ ജാന്‍ഗിഡാണ് ഭീമയുടെ ഉടമ. വര്‍ഷം തോറും നടക്കുന്ന മേളയില്‍ ഇത് രണ്ടാം തവണയാണ് ഭീമയെ അവതരിപ്പിക്കുന്നത്. നിരവധി ആളുകളാണ് ഓരോ ദിവസവും ഭീമയെ കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.

ഭീമയുടെ ഭക്ഷണത്തിനും മറ്റാവശ്യങ്ങള്‍ക്കും വേണ്ടി പ്രതിമാസം 1.5 ലക്ഷം രൂപയാണ് ചെലവഴിക്കുന്നതെന്ന് ജവഹറും കുടുംബവും പറയുന്നു. ഒരു കിലോ നെയ്യ്, അരക്കിലോ വെണ്ണ, 200 ഗ്രാം തേന്‍, 25 ലിറ്റര്‍ പാല്‍, കശുവണ്ടിപ്പരിപ്പും ആല്‍മണ്ടും ഓരോ കിലോ വീതം എന്നിങ്ങനെയാണ് ഭീമയ്ക്ക് ഒരു ദിവസം നല്‍കുന്നതെന്ന് ജവഹറിന്റെ മകന്‍ അരവിന്ദ് വ്യക്തമാക്കുന്നു. 

പുഷ്‌കര്‍ മേളയ്ക്ക് വരുന്നതിന് മുന്‍പേ ഭീമയ്ക്ക് ഒരു കൂട്ടര്‍ 14 കോടി രൂപ വില പറഞ്ഞിരുന്നു. എന്നാല്‍ ഞങ്ങള്‍ ഭീമയെ വില്‍ക്കാന്‍ തയ്യാറല്ല അങ്ങനെയൊരു കാര്യം ആഗ്രഹിക്കുന്നില്ലെന്ന് അരവിന്ദ് കൂട്ടിച്ചേര്‍ത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക