Image

ഡോ. എലിസബത്ത് ജോയിയെ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു

ജോര്‍ജ് തുമ്പയില്‍ Published on 06 November, 2019
ഡോ. എലിസബത്ത് ജോയിയെ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു
ജനീവ/ന്യൂയോര്‍ക്ക്: വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചിന്റെ (ഡബ്ല്യു.സി.സി)യുടെ അടുത്ത ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗമായ ഇംഗ്ലണ്ടില്‍ നിന്നുള്ള ഡോ. എലിസബത്ത് ജോയിയെ നാമനിര്‍ദ്ദേശം ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള റവ. പ്രൊഫ. ഡോ. ജെറി പിള്ളൈയും (പ്രിസ്ഡിറ്റേറിയന്‍ സഭ)യും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട രണ്ടുപേരില്‍ ഒരാളാണ്. അന്തിമതീരുമാനം തെരഞ്ഞെടുപ്പിലൂടെയാണ് നടപ്പിലാക്കുക. 2020-ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ മാര്‍ച്ച് 18 മുതല്‍ 24 വരെ നടക്കുന്ന സമ്മേളനത്തിലാണ് ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുക. ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കുന്നതു സംബന്ധിച്ച എല്ലാ ഔദ്യോഗിക പ്രക്രിയയും അഭിമുഖങ്ങളും പൂര്‍ത്തിയാക്കി, അടുത്ത തിരഞ്ഞെടുപ്പിനായി കേന്ദ്ര കമ്മിറ്റിക്ക് രണ്ട് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ സമവായത്തോടെ തീരുമാനിച്ചു. ഡബ്ല്യു.സി.സി ജനറല്‍ സെക്രട്ടറി സെര്‍ച്ച് കമ്മിറ്റി മോഡറേറ്റര്‍ പ്രൊഫ. ഡോ. ഫെര്‍ണാണ്ടോ എന്‍സ് ഇക്കാര്യം സെന്‍ട്രല്‍ കമ്മിറ്റിയുടെ മോഡറേറ്റര്‍ ഡോ. ആഗ്‌നസ് അബൂമിനെ അറിയിച്ചു.
ഡബ്ല്യു.സി.സി ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് സംബന്ധിച്ചു കേന്ദ്രകമ്മിറ്റി നിയോഗിച്ച സെര്‍ച്ച് കമ്മിറ്റി ഈ ആഴ്ചയാണ് യോഗം ചേര്‍ന്നു കാര്യങ്ങള്‍ തീരുമാനിച്ചത്. അവരുടെ പ്രവര്‍ത്തനഫലങ്ങളെക്കുറിച്ച് കേന്ദ്രകമ്മിറ്റി മോഡറേറ്റര്‍ ഡോ. ആഗ്‌നസ് അബൂമിനെ അറിയിച്ചു. നിലവിലെ ജനറല്‍ സെക്രട്ടറി റവ. ഡോ. ഒലവ് ഫിക്‌സ് ട്വീറ്റ് ഇനി മത്സരിക്കാനില്ലെന്ന് 2018 ജൂണില്‍ കേന്ദ്രകമ്മിറ്റിയെ അറിയിച്ചിരുന്നു. അഞ്ചുവര്‍ഷമാണ് ഒരു ടേം. അദ്ദേഹം രണ്ടു തവണ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയും ഏതന്‍സില്‍ നടന്ന സേര്‍ച്ച് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു.

ദൈവീകപ്രഭ നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ വളരുകയും വേദശാസ്ത്രങ്ങളുടെ പൊരുള്‍ തേടി മേയുകയും സഭാസംബന്ധമായ വിഷയങ്ങളെ സമഗ്രമായി സംഗ്രഹിക്കുകയും ചെയ്ത എലിസബത്ത് ജോയി, ദേശീയവും അന്തര്‍ദേശീയവുമായ  വേദികളില്‍ തിളങ്ങി നില്‍ക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിന് ഉടമയാണ്.

വേദശാസ്ത്ര വിശാരദന്മാരായ പതിനാലിലധികം പേരെ ലോകത്തിലെത്തിച്ച കുടുംബത്തില്‍ ജനിച്ചും ഇവാഞ്ചലിക്കല്‍ ലുഫറന്‍ സഭയില്‍ വളര്‍ന്നു. വെരി. റവ. ജോര്‍ജ് ജോയി കോര്‍ എപ്പിസ്‌കോപ്പയുടെ സഹധര്‍മ്മിണിയായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മിനിസ്ട്രിതല പ്രവര്‍ത്തനമേഖലയില്‍ സജീവമായി.
ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സയന്‍സില്‍ ബിരുദം നേടിയ ശേഷം ദൈവശാസ്ത്രത്തില്‍, യുണൈറ്റഡ് തിയോളജിക്കല്‍ കോളേജില്‍ നിന്ന് മറ്റൊരു ബിരുദവും നേടി.

തുടര്‍ന്നു അവിടുന്നു തന്നെ തിയോളജിക്കല്‍ മാസ്‌റ്റേഴ്‌സും 1980 മുതല്‍ 1988 വരെ സ്റ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്‌മെന്റില്‍ സജീവമായി പ്രവര്‍ത്തിച്ചു. ബൈബിള്‍ സൊസൈറ്റിയില്‍ എഡിറ്റോറിയല്‍ ഓഫീസര്‍ ആയും പ്രവര്‍ത്തിച്ചു. 1993-മുതല്‍ ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരള, തമിഴ്‌നാട് ഏരിയയിലെ ക്രിസ്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റിലീജിയന്റെ റീജിയണല്‍ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. 2000-ല്‍ സ്റ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ 90 വര്‍ഷ ചരിത്രത്തിലെ ആദ്യ വനിത ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റു. സഭയ്ക്കും സമൂഹത്തിനും ഉപകാരപ്രദമായ അനേകം കാര്യങ്ങളില്‍ ഇടപെടുകയും ആഗോളവത്കരണം, കാലാവസ്ഥ വ്യതിയാനം, വര്‍ണ്ണ/വര്‍ഗ്ഗ അവബോധം മനുഷ്യാവകാശങ്ങള്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ സജീവമാവുകയും ചെയ്തു.
2002 മുതല്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് മിഷന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി ആയി പ്രവര്‍ത്തിക്കുന്നു. ലോകമെമ്പാടുമുള്ള 31 ക്രൈസ്തവ സഭകളുടെ കൂട്ടായ സംരംഭമാണ് കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് മിഷന്‍. ഈ സഭകളിലെ ധനം, ജനത, വൈദഗ്ധ്യം, ഉള്‍ക്കാഴ്ച മുതലായവയൊക്കെ പങ്കുവെക്കുന്നതിലൂടെ പ്രേഷിത ദൗത്യം പ്രാദേശികമായി എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് കൗണ്‍സിലിന്റെ ഉദ്ദേശലക്ഷ്യം. 1977-ല്‍ സ്ഥാപിതമായി. 
ലണ്ടനിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിയിലെ അസോസിയേറ്റ് വികാരിയായും കൂടാതെ ബ്ലാക്ക് ഫ്രയാര്‍സ് ചാപ്പലിലും സേവനമനുഷ്ഠിക്കുന്ന വെരി. റവ. ജോര്‍ജ് ജോയി കോര്‍ എപ്പിസ്‌കോപ്പയുടെ സഹധര്‍മ്മിണി. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിലെ പ്രധാന പ്രാസംഗികയായി രണ്ടുതവണ എത്തിയിരുന്നു. ഏവരും സ്‌നേഹത്തോടെ എലിസബത്ത് കൊച്ചമ്മ എന്നു വിളിക്കുന്ന ഡോ. എലിസബത്ത് ജോയി എക്യുമെനിക്കല്‍ ലോകത്ത് മൂന്നു പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ (ബിഎസ്‌ഐ), സ്റ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഓഫ് ഇന്ത്യ (എസ്‌സിഎംഐ), ക്രിസ്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്റ്റഡി ഓഫ് റിലീജിയന്‍ ആന്‍ഡ് സൊസൈറ്റി (സിഐഎസ്ആര്‍എസ്) ഇന്‍ ഇന്ത്യ, കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് മിഷന്‍ (സിഡബ്ല്യുഎം), ഡെപ്യൂട്ടി  സെക്രട്ടറി ഫോര്‍ എക്യുമെനിക്കല്‍ റിലേഷന്‍സ് ഫോര്‍ യുകെ റീജിയന്‍ ഓഫ് ദി മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ആന്‍ഡ് ഡയറക്ടര്‍ ഓഫ് ചര്‍ച്ചസ് ടുഗെതര്‍ ഇന്‍ ഇംഗ്ലണ്ട് (സിടിഇ) എന്നിവയോടെല്ലാം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ലണ്ടനിലെ കിംഗ്‌സ് കോളേജില്‍ നിന്നും 2018 ജൂലൈയില്‍ തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയ എലിസബത്ത് ജാതി, വര്‍ഗ, വര്‍ണ, ലിംഗ സമത്വം തീയോളജിയില്‍ വരുത്തുന്ന സ്വാധീനം ദളിത് കാഴ്ചപ്പാടില്‍ എന്ന വിഷയത്തിലാണ് പഠനം നടത്തിയത്. ക്രിസ്ത്യന്‍, ജൂത, ഹൈന്ദവ, മുസ്ലീം വിദ്യാലയങ്ങളിലെത്തി തന്റെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് അനുഭവങ്ങള്‍ പങ്കുവെക്കുന്ന എലിസബത്ത് യുകെയിലെ 3എഫ്എഫ് (ത്രീ ഫെയ്ത്ത്‌സ് ഫോറം) എന്ന സംഘടനയിലെ സജീവാംഗമാണ്. ചര്‍ച്ചസ് ടുഗെദര്‍ ഇന്‍ ഇംഗ്ലണ്ട് (സിടിഇ) യിലെ ഡയറക്ടറായി ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നു.

പോര്‍ട്ട് അലിഗ്രേ, ബുസാന്‍ എന്നിവിടങ്ങളില്‍ നടന്ന വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ രണ്ട് അസംബ്ലിയിലും എലിസബത്ത് കൊച്ചമ്മ പങ്കെടുത്തു. കൊറിയയിലെ ബുസാനില്‍ നടന്ന ഡബ്ലുസിസി-യുടെ പത്താം അസംബ്ലിയില്‍ കേന്ദ്രകമ്മിറ്റിയംഗമായി മലങ്കരസഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന  മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസിനെയും തെരഞ്ഞെടുത്തിരുന്നു.

സ്റ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഓഫ് ഇന്ത്യ (എസ് സിഎംഐ)യുടെ ആദ്യത്തെ വനിത ജനറല്‍ സെക്രട്ടറിയും സിഇഒ-യുമായിരുന്നു. 2016-ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എലിസബത്ത് അടക്കം 99 ക്രൈസ്തവ നേതാക്കന്മാരെ വിളിച്ചു കൂട്ടി അവരുടെ സാമൂഹികപരമായ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു. ഐക്യരാഷ്ട്രസഭയില്‍ സുസ്ഥിര വികസന നേട്ടങ്ങള്‍ (എസ്ഡിജി) എന്നീ വിഷയത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാനും സാധിച്ചു. മകന്‍ സുദര്‍ശന്‍ തോമസ് ജോയി. മകള്‍ ദീപ്തി റേച്ചല്‍ ജോയി. മരുമക്കള്‍: ടെസ് മേരി തോമസ്, റോണി വറുഗീസ്. കൊച്ചുമകന്‍: ജോഷ്വാ ഏബ്രഹാം ജോയി.

ഡോ. എലിസബത്ത് ജോയിയെ വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു
Join WhatsApp News
Abraham Thomas 2019-11-06 10:02:15
Congratulations Kochamma
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക