Image

ചൈനയുടെ ഹൃദയത്തിലൂടെ (സഞ്ചാരസാഹിത്യം5) ജോര്‍ജ് പുത്തന്‍കുരിശ്

Published on 05 November, 2019
ചൈനയുടെ ഹൃദയത്തിലൂടെ (സഞ്ചാരസാഹിത്യം5) ജോര്‍ജ് പുത്തന്‍കുരിശ്

ചൈനയുടെ മുഖ്യ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഷാങായിയെ,     ലോക   ധനവിനിമയത്തിന്റെ ഭ്രമണകേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്നതാണ്.     ഷാങായി നഗരത്തിന്റെ ഹൃദയഭാഗമെന്നു പറയുന്നത്,  വരമ്പുപോലെ കെട്ടിയുണ്ടാക്കിയ ഒരു ബണ്ടും  വിഹാരശാലകളും, നദീതടപ്രദേശങ്ങളും അതിനു ചുറ്റും നിരന്നു നില്ക്കുന്ന ബ്രിട്ടിഷ് അധിനവേശ കാലത്തെ കെട്ടിടങ്ങളുമാണ്.. ഹോങ്പൂ നദിയുടെ മറുവശത്ത് അറുനൂറ്റി മുപ്പത്തിരണ്ടു മീറ്റര്‍ ഉയരമുള്ള ഷാങായി ടവറും ഓറിയെന്റല്‍ പേള്‍ ടീവി ടവറും ചേര്‍ന്ന് പൂടോങ് ഡിസ്റ്റിറിക്ടിലെ ചക്രവാളങ്ങള്‍ക്ക് ചാരുത പകരുന്നു.  ഹോങ്പൂ നദിതട പ്രദേശത്തിലെ വിഹാരശാലകളിലെ മോടിയേറിയ വീഥിയിലൂടെ നടക്കുമ്പോള്‍ പഴയതും പുതിയതുമായ ഷാങായി നഗരത്തിന്റെ വ്യതാസങ്ങള്‍ വളരെ സ്പഷ്ടതയോടെ എവിടെയും വേര്‍ തിരിഞ്ഞു നില്ക്കുന്നത് കാണാമായിരുന്നു. 
 
ഉച്ചഭക്ഷണത്തിനു ശേഷം,    മിങ് രാജവാഴ്ചയുടെ കാലത്ത് ഉണ്ടാക്കിയ പ്രാചീനമായ യുയാന്‍ ഗാര്‍ഡന്‍ അഥവാ സന്തോഷത്തിന്റെ ഉദ്യാനം സന്ദര്‍ശിച്ചു. സുന്ദരവും പ്രശാന്തവുമായ ഈ സങ്കേതം ബുദ്ധമതക്ഷേത്രങ്ങളും, പൊയ്കകളും, രാജകീയ പ്രൗഡിയുള്ള പ്രദര്‍ശനശാലകളാലും ഉജ്ജ്വലമാണ്. അതിനടുത്തു തന്നെ ഞങ്ങള്‍ സന്ദര്‍ശിച്ച പട്ടുതുണികളും, പരവതാനികളും, ചിത്രതയ്യലുകളുടേയും വാണിഭശാലയും, അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സുന്ദര സൃഷ്ടികളും, ചൈനയുടെ കരകൗശല വൈദഗ്ധ്യത്ത്യത്തെ വിളിച്ചറിയിക്കുന്നതായിരുന്നു. ക്വൂന്‍ രാജവാഴ്ചകാലത്ത്, ബര്‍മ്മയില്‍ നിന്ന് സമ്മാനമായി ലഭിച്ച കട്ടികൂടിയ പച്ച രത്‌നകല്ലുകളില്‍ തീര്‍ത്ത, ബുദ്ധ വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രവും ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി.  വെളുത്ത സ്ഫടികസമാനം തിളങ്ങുന്ന രത്‌നങ്ങളില്‍ തീര്‍ത്ത     ഈ  അമൂല്യമായ വിഗ്രഹങ്ങള്‍ അപൂര്‍വ്വമായ ഒരു സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകളാണ്.  ബാക്കിയുള്ള സമയം ഉല്ലാസിയായ ഷാങായി നഗരത്തിന്റെ താളക്രമങ്ങള്‍ സ്വയം കണ്ടെത്താനായി ഏവരും ഉപയോഗിച്ചു. തിരക്കേറിയ കച്ചവട തെരുവിലൂടെ ചൈനീസ് യാത്രയുടെ ഓര്‍മ്മകളെ നിലനിറുത്താന്‍ പലതരത്തിലുള്ള സ്മരണികള്‍ അന്വേഷിക്കുമ്പോള്‍, വിലപേശലിനായി, ക്ഷിയാന്‍ സിറ്റിയില്‍ ഞങ്ങളുടെ
വഴികാട്ടിയായിരുന്ന ജൂലി പഠിപ്പിച്ചു തന്ന സുന്ദരി എന്നര്‍ത്ഥമുള്ള മെയിന്യൂ എന്ന വാക്കും സുന്ദരന്‍ എന്നര്‍ത്തമുള്ള ഷൈ്വയിഗ്വ എന്ന ചൈനീസ് വാക്കുകളും വളരെ പ്രയോചനമുള്ളതായി തീര്‍ന്നു.
പതിനാലു ദിവസം നീണ്ടു നിന്ന അനുഭവ സമ്പന്നമായ യാത്രയുടെ   സമാപനം കുറിച്ചുകൊണ്ടുള്ള വിടവാങ്ങല്‍ ഡിന്നറിനായി ഏവരും ഷാങായി നഗരത്തിലെ ഒരു റസ്‌റ്റോറന്റില്‍ ഒത്തു കൂടി.   അമേരിക്കയിലെ പല സ്‌റ്റേറ്റുകളില്‍ നിന്ന് വന്നവരാണെങ്കിലും അനേക നാള്‍ പരിചയമുള്ളവരെ പോലെയാണ് ഒരോത്തരുടേയും പെരുമാറ്റങ്ങള്‍. പതിനാലു ദിവസത്തെ യാത്രയില്‍ പരിചയമില്ലാതിരുന്ന പലരേയും പരിചയപ്പെടാനും ആശയങ്ങള്‍ കൈമാറാനും സാധിച്ചു. പലപ്രായത്തിലുള്ളവരും ആരോഗ്യ പ്രശ്‌നമുള്ളവരും ഉണ്ടായിരുന്നെങ്കിലും പ്രശ്‌നരഹിതമായ ഒരു യാത്രയിരുന്ന് എന്നതില്‍ ഗ്രൂപ്പ് ലിഡറായിരുന്ന ശ്രീ മട്ടയ്ക്കല്‍ നന്ദിയും ചാരിതാര്‍ത്ഥ്യവും പ്രകാശിപ്പിച്ചു. അതോടൊപ്പം,  വളരെ കാര്യക്ഷമതയോടെ ചൈനയാത്രയെ നയിച്ച യുവാനോടുള്ള പ്രത്യേക നന്ദിരേഖപ്പെടുത്തുകയും അദ്ദേഹത്തിന് ഗ്രൂപ്പിന്റെ വക ഒരു പാരിദോഷികം നല്‍കുകയും ചെയ്തു. ചൈന സന്ദര്‍ശനത്തിന്റെ സ്മരണിക എന്ന നിലയില്‍ യുവാന്‍, ചൈന വന്‍മതിലിന്റെ പശ്ചാത്തലത്തിലെടുത്ത ഞങ്ങളുടെ ഗ്രൂപ്പിന്റെ ചിത്രം ആലേഖനം ചെയ്ത പോഴ്‌സലൈന്‍ കപ്പ് രാത്രി മുറികളിലേക്ക് പോകുന്നതിന് മുന്‍പ് കൈപ്പറ്റണം ഏന്ന് അഭ്യര്‍ത്ഥിക്കുകയുണ്ടായി.   
ഷാങായി നഗരത്തിന്റെ മുഖമുദ്രയായി, സൂര്യാസ്തമനത്തിനു ശേഷം ഇരുളെങ്ങും പരക്കുമ്പോള്‍ ഹോങ്പൂ നദിയുടെ തീരത്ത്, വിവിധ വൈദ്യുത ദീപങ്ങളുടെ വര്‍ണ്ണ പൊലിമയില്‍ ് തലയുയര്‍ത്തി നില്ക്കുന്ന വിദേശ നിര്‍മ്മിതങ്ങളായ കെട്ടിടങ്ങളുടെ വിസ്മയകരമായ കാഴ്ച കാണാതെ മടങ്ങുക എന്നത് ഒരു തീരാ നഷ്ടമായിരിക്കും. വിടവാങ്ങല്‍ ഡിന്നറിനു ശേഷം ഏല്ലാവരും  ദീപാലങ്കരവും കണ്ട് ആ നദീതടത്തിലൂടെ നടക്കുമ്പോള്‍, 'കനകോജ്ജ്വലദീപശിഖാ രേഖാവലിയാലെ, കമനീയകലാദേവത കണിവച്ചതുപോലെ' എന്ന ചങ്ങമ്പുഴ കവിതയിലെ കവിതാശകലം എന്റെ ചുണ്ടുകളില്‍    നര്‍ത്തനമാടി.

ജൂണ്‍ പതിനഞ്ചാംതിയതി രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം,    അമേരിക്കയിലേക്കുള്ള മടക്കയാത്രയ്ക്കായി ഏവരും റീഗല്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ ലോബിയില്‍ ഒത്തു കൂടി   സുഹൃത്തും കുടുംബവും, ഞങ്ങളും ഷാങ്ായി എയര്‍പോര്‍ട്ടില്‍ നിന്ന് അമേരിക്കയിലേക്കും മറ്റുള്ളവര്‍ ബെയിജീങ് വഴി അമേരിക്കയിലേക്ക് മടങ്ങതക്ക രീതിയിലായിരുന്നു ക്രമീകരണങ്ങള്‍. ഞങ്ങള്‍ക്കുവേണ്ടി തയ്യാര്‍ ചെയ്തിരുന്ന വാഹനത്തില്‍ ഞങ്ങള്‍ ഷാങായി എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. ഞങ്ങളെ എയര്‍പോര്‍ട്ടിനുള്ളില്‍ കയറ്റി വിടുന്നതുവരെ ഷാങായിലെ   ഗയിഡായിരുന്ന ഷീല ഒപ്പം ഉണ്ടായിരുന്നു. ചൈനയുടെ മണ്ണില്‍ നിന്ന് ഞങ്ങളേയും വഹിച്ചുകൊണ്ടുള്ള വിമാനം പറന്നുപൊങ്ങി അനന്തവിഹായസ്സിലെ വെള്ളിമേഘങ്ങളുടെ ഉള്ളില്‍
മറഞ്ഞപ്പോള്‍ കണ്ണുകള്‍ പൂട്ടി ഇരുന്ന എന്റെ മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി. ധാരണകളും തെറ്റുധാരണകളുമായി ഒരു മുന്‍വിധിയോടെ വന്ന എന്റെ ധാരണകളും മാറ്റി മിറക്കുന്നതായിരുന്നു പല അനുഭവങ്ങളും. വിദേശ ടൂറിസ്റ്റുകളുടെ യാത്രയ്ക്ക് തടസ്സമാകുന്ന ഒന്നും തന്നെ എങ്ങും കണ്ടില്ല. 

ഇന്ത്യയേക്കാള്‍ ജന സാന്ദ്രത കൂടിയ ചൈനയിലെ നഗരങ്ങളുടെ വൃത്തിയും ശുചിത്വവും ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇതൊന്നും നിര്‍ബന്ധിതമായി ചെയ്യിപ്പിക്കാന്‍ ആ പ്രദേശങ്ങളില്‍ നിയമപാലകരെയെ ചാര•ാരേയോ എങ്ങും കണ്ടില്ല. ചൈനയിലെ അന്‍പത് ശതമാനത്തിലേറെ ജനങ്ങള്‍ സിഗരറ്റ് വലിക്കുന്നവരാണെങ്കിലും അവിടെയെങ്ങും ഒരു സിഗരറ്റു കുറ്റിയും കിടന്നു കണ്ടതായി ഞാനോര്‍ക്കുന്നില്ല. ദുര്‍ഗന്ധം വമിക്കുന്ന പൊട്ടിയെ ഓടകളോ, മാലിന്യ കൂമ്പാരങ്ങളോ അലഞ്ഞു തിരിയുന്ന ചെത്തില പട്ടികളേയോ കണ്ടില്ല.  അന്തരീക്ഷ മലിനീകരണം കുറയ്ക്കുവാനുള്ള നടപടിയുടെ ഭാഗമായി ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ശബ്ദരഹിതമായ വാഹനങ്ങള്‍ എങ്ങും ദൃശ്യമായിരുന്നു. നിരത്തുകളുടെ പാര്‍ശ്വങ്ങളിലും മദ്ധ്യഭാഗത്തുമൊക്കെ പൂച്ചെടികള്‍ വച്ച് പിടിപ്പിച്ച് ഏറ്റവും മനോഹരമാക്കിയിരിക്കുന്നു. ഒരു കടലാസ്സു കഷണമോ   മറ്റ് മാലിന്യങ്ങളെ, ഇല്ലാത്ത യാങസി റിവറിലൂടെ സഞ്ചരിക്കുമ്പോള്‍ കേരളത്തിലെ പമ്പയാറിനേയും, പെരിയാറിനേയും, ഭാരതത്തിലെ ഗംഗയേയുംമൊക്കെ ഓര്‍ത്ത് ഹൃദയം തപിച്ചു. ടൂറിസത്തിലൂടെ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ച് സമ്പത്ത് വ്യവസ്ഥയെ വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യതകളുള്ള നമ്മുടെ  ഭാരതത്തിന് എന്തു പറ്റിയെന്നോര്‍ത്തു. ലോകത്തിലെ ഏകാധിപത്യത്തിന്റേയും കമ്മ്യൂണിസത്തിന്റേയും പ്രഭവ സ്ഥാനമായ ചൈന കമ്മ്യൂണിസ്റ്റ് രാജ്യമായിട്ടല്ല ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് നേരെമറിച്ച് കാലത്തിന് അനുസരിച്ച പുരോഗമനത്തിന്റെ പാതയില്‍ വെമ്പാന്‍ കൊതിക്കുന്ന യുവാവിനെപ്പോലെ തോന്നി. ഉച്ചഭക്ഷണത്തിനായി എയര്‍ ക്യാനഡ ഹോസ്റ്റ് വിളിച്ചപ്പോളാണ് ചിന്തകളുടെ ലോകത്തു നിന്നും ഞാന്‍ ഉണര്‍ന്നത്. പതിനാല് ദിവസം നീണ്ടുനിന്ന ഞങ്ങളുടെ യാത്ര പിറ്റെദിവസം സന്ധ്യക്ക് ഹ്യൂസ്ന്റണില്‍ അവസാനിച്ചപ്പോള്‍ മനസ്സു പറഞ്ഞു, 'നോ ഈസ് ബെറ്റര്‍ ദാന്‍ ഹോം' (അവസാനിച്ചു).


ചൈനയുടെ ഹൃദയത്തിലൂടെ (സഞ്ചാരസാഹിത്യം5) ജോര്‍ജ് പുത്തന്‍കുരിശ്
Join WhatsApp News
Geroge Puthenkurish 2019-11-05 10:09:54
correction'
'നോ ഈസ് ബെറ്റര്‍ ദാന്‍ ഹോം'  as 'No place is better than home'
josecheripuram 2019-11-05 19:43:22
That's if the places yo visited is worse than your home,No place is better than your home.I have seen people who never like to stay in their home,they always get out of the home.Leave home in the morning&come back at night.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക