Image

ആവേശപ്പൂരമൊരുക്കി ബീഗിള്‍

Published on 29 October, 2019
ആവേശപ്പൂരമൊരുക്കി ബീഗിള്‍
ദീപാവലി എന്നത് മലയാള പ്രേക്ഷകനെ സംബന്ധിച്ച് മനസു നിറയ്ക്കുന്ന ആഘോഷചിത്രങ്ങള്‍ തിയേറ്ററുകളിലെത്തുന്നത് കാത്തിരിക്കുന്ന അവസരം കൂടിയാണ്. പ്രത്യേകിച്ച് തമിഴ് സിനിമകള്‍ ഈ അവസരത്തില്‍ വലിയ തോതില്‍ സ്വീകരിക്കപ്പെടുന്നു. ഈ വര്‍ഷവും തമിഴകം പ്രതീക്ഷകള്‍ തെറ്റിക്കുന്നില്ല. ഇളയ ദളപതി വിജയ്‌നെ നായകനാക്കി ആറ്റ്‌ലീ സംവിധാനം ചെയ്ത ബീഗിള്‍ എന്ന ചിത്രം തമിഴ് മലയാള പ്രേക്ഷകന്റെ മനസ് നിറയ്ക്കാന്‍ പോന്നതാണ്.

പതിവു ഫോര്‍മുലകളില്‍ നിന്നും അല്‍പം മാറി സഞ്ചരിക്കാന്‍ സംവിധായകനൊപ്പം വിജയും തയ്യാറായിട്ടുണ്ട് ഈ ചിത്രത്തില്‍. എല്ലാത്തിലും ഒരു രക്ഷകന്‍ പരിവേഷം കൈയ്യാളുന്ന വിജയിനെ ബുദ്ധിപൂര്‍വം ആ കടമയില്‍ നിന്നും ഒഴിവാക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ പ്രണയവും ആക്ഷ്‌നും മാസും എല്ലാം നല്ല കൃത്യമായി ചേര്‍ത്ത് അണിയിച്ചൊരുക്കിയിട്ടുമുണ്ട് ഈ ബിഗിലില്‍. ഒരുപാട് പുതുമകളും ട്വിസ്റ്റുകളും പ്രതീക്ഷിക്കാനില്ലെങ്കിലും കാഴ്ചക്കാരനെ ബീഗില്‍ നിരാശപ്പെടുത്തില്ല.

ജനങ്ങളുടെ രക്ഷക്കു വേണ്ടിയും അഴിമതിക്കെതിരെയും ശബ്ദമുയര്‍ത്തുകയും ആയുധമെടുക്കുകയും ചെയ്യുന്ന രായപ്പന്റെ മകനാണ് മൈക്കല്‍(ബീഗില്‍). ഒരു ഫുട്‌ബോള്‍ താരമാണ്.  എന്നാല്‍ സ്‌പോര്‍ട്ടിസില്‍ നിന്നും മാറി അയാളും ഒരു ലോക്കല്‍ ഗുണ്ടയാണ്. അച്ഛന്റെ തന്നെ പാതയിലാണ് അയാളുടെ ജീവിത സഞ്ചാരവും. എന്നാല്‍ അപ്രതീക്ഷിതമായി അയാള്‍ക്കാ തമിഴ്‌നാട് വനിതാ ഫുട്‌ബോള്‍ടീമിന്റെ കോച്ചായി മാറേണ്ടി വരുന്നു. ഡല്‍ഹിയിലെത്തി അവരെ പരിശീലിപ്പിച്ച് ദേശീയതലത്തില്‍ അവരെ വിജയികളാക്കണം. അതാണ് അയാള്‍ക്ക് ലഭിച്ചിരിക്കുന്ന ദൗത്യം. എന്നാല്‍ നാട്ടില്‍ തനി റൗഡിയായി ജീവിതം നയിച്ച മൈക്കളിന് അതെങ്ങനെയാണ് സാധിക്കുക. ആരാണ് അയാളില്‍ വിശ്വാസമര്‍പ്പിക്കാന്‍ തയ്യാറാകുന്നത്. സ്വന്തം ജീവിതത്തില്‍ അച്ചടക്കവും മര്യാദയുമില്ലാതെ ഗുണ്ടയായി നടക്കുന്ന ഇയാള്‍ക്ക്

എങ്ങനെ ഒരു ഫുട്‌ബോള്ടീമിനെ പരിശീലിപ്പിക്കാന്‍ കഴിയും. അതും വനിതാ ടീമിനെ. ഇത്തരം നൂരു ചോദ്യങ്ങളില്‍ നിന്നാണ് ബീഗില്‍ എന്ന ചിത്രം ആരംഭിക്കുന്നത്. അയാള്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ ഇടം നേടുക എന്നത് അച്ഛനായരായപ്പന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. പക്ഷേ അവസാന നിമിഷം അത് അട്ടിമറിക്കപ്പെട്ടു. എങ്ങനെയാണ് മൈക്കല്‍ ഒരു ഗുണ്ടയായി മാറിയത്. ഇതിനുളള ഉത്തരം കൂടിയാണ് ബീഗില്‍.
പതിവു കുപ്പായങ്ങള്‍ ഉപേക്ഷിച്ച് പുതിയവ അണിയാന്‍തയ്യാറായ വിജയിന് ആശ്വസിക്കാം. രായപ്പന്‍ എന്ന കഥാപാത്രത്തിന്റെ ഇരുത്തം വന്ന പ്രകടനം അത് സാക്ഷ്യപ്പെടുത്തുന്നു. ശരീരഭാഷയിലും ഡയലോഗ് ഡെലിവറിയിലുമെല്ലാം ആ ഗാംഭീര്യവും ഒറിജിനാലിറ്റിയും പ്രകടമാക്കാന്‍ വിജയിനു സാധിച്ചു. അതുപോലെ തന്നെ മകന്‍ മൈക്കലെന്ന ബീഗിലായും വിജയ് തിളങ്ങുക മാത്രമല്ല, തകര്‍ത്താടി എന്നു തന്നെ പറയാം.  ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വെല്ലുവിളിച്ച് തനിയെ കളിക്കുന്ന ബീഗിലിനെ കൈയ്യും വിസിലുമടിച്ചു  മാത്രമേ  പ്രേക്ഷകര്‍ക്ക് സ്വീകരിക്കാനാകൂ.

സ്‌പോര്‍ട്ട്‌സിന്റെ ആവേശത്തിനൊപ്പം ബന്ധങ്ങളുടെ ഇഴയടുപ്പത്തെ കുറിച്ചും അതിന്റെ മൂല്യത്തെ കറിച്ചും സംവിധായകന്‍ വ്യക്തമാക്കുന്നു.  അച്ഛനും മകനും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന സിനിമയാണ് ബീഗില്‍. അത വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിട്ടുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ഭാര്യയ്ക്ക് സ്ത്രീക്ക് കൊടുക്കേണ്ട പരിഗണനയ കുറിച്ച് വ്യക്തമായി അടിവരയിട്ടു പറയുന്നുണ്ട് ബീഗിളില്‍. കൂടാതെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് സമൂഹത്തില്‍ നിന്നും മുഖം ഒളിപ്പിച്ചു കഴിഞ്ഞു വന്ന പെണ്‍കുട്ടിക്ക്  പ്രതീക്ഷയുടെ പുതിയലോകങ്ങള്‍ കാണിച്ചു കൊടുക്കുന്ന കണ്ണാടിയായി ഫുട്‌ബോള്‍ മാറുന്നു. അതു പോലെ വിവാഹം കഴിഞ്ഞതോടെ തന്റെ ഇഷ്ടങ്ങള്‍ ഭര്‍ത്താവിന്റെ താല്‍പര്യങ്ങള്‍ക്കു വേണ്ടി ബലി കൊടുക്കേണ്ടി വരുന്ന പെണ്ണിന് ഫുട്‌ബോള്‍ താങ്ങും തണലും വിരിച്ച് മറ്റൊരു ലോകം നല്‍കുന്നതും സ്ത്രീശാക്തീകരണത്തിന്റെ പ്രാധാന്യം അറിയിക്കാന്‍ ഉപകരിക്കുന്നു.  

വനിതകളുടെ ഫുട്‌ബോള്‍ സ്ക്രീനില്‍ വളരെ ചടുലമായി തന്നെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു. ഫുട്‌ബോള്‍ താരങ്ങളായി എത്തിയ  പതിമൂന്ന് താരങ്ങളും ശരിക്കും പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളെ പോലെ തന്നെ കളിക്കളം നിറഞ്ഞു കളിച്ചു. ലൈവായി കളി കാണും പോലെ തന്നെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിച്ചു എന്നത് അവതരണത്തിന്റെ മികവാണ്. സ്‌പോര്‍ട്ട്താരങ്ങള്‍ക്കു വേണ്ട മികച്ച കായികക്ഷമതയും ശരീരഭാഷയും എല്ലാവരിലും പ്രകടമായിരുന്നു. നായികയായി എത്തിയ നയന്‍താരക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. എങ്കിലും മികച്ച സ്ക്രീന്‍ പ്രസന്‍സ് കൊണ്ട് അവര്‍ തന്റെ ഭാഗം പ്രേക്ഷകന്റെ മനസില്‍ തങ്ങി നില്‍ക്കും വിധം മികച്ചതാക്കി.

ചിത്രത്തിന്റെ ആവേശം കൂട്ടാന്‍ എ.ആര്‍.റഹ്മാന്റെ ഗാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ജി.കെ വിഷ്ണുവിന്റെ ഛായാഗ്രഹണവും റൂബന്റെ എഡിറ്റിങ്ങും മികച്ചതായി. മൂന്നു മണിക്കൂര്‍ നേരം ആഘോഷമായി ആസ്വദിക്കാന്‍ ബീഗില്‍ എന്ന ചിത്രം നിങ്ങളെ അനുവദിക്കും. ഈ ദീപാവലിയുടെ വെടിക്കെട്ട് കാഴ്ച തന്നെയാണ് അറ്റ്‌ലീയും വിജയും ചേര്‍ന്നൊരുക്കുന്ന ബീഗില്‍.



ആവേശപ്പൂരമൊരുക്കി ബീഗിള്‍
ആവേശപ്പൂരമൊരുക്കി ബീഗിള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക