Image

അടുക്കള (കവിത-ഉഷ കാരാട്ടില്‍)

Published on 24 October, 2019
അടുക്കള (കവിത-ഉഷ കാരാട്ടില്‍)
ചിട്ടയോടെഅടുക്കിവച്ച
ഭൗതികശാസ്ത്രത്തിന്റെയും
ജീവശാസ്ത്രത്തിന്റെയും
രസതന്ത്രത്തിന്റെയും
സമ്മേളനഭുവനമാണ്
അടുക്കള .
മനപാഠമാക്കപ്പെട്ട
നിര്‍മിതികളുടെയും
അളവ്തൂക്കങ്ങളുടെയും
കൈക്കണക്കിന്റെയും
ഘടികാരതാളത്തിന്റെയും
ഗണിതരൂപങ്ങളുടെയും
കലവറയാണത്.
പല ഊര്‍ജമാറ്റങ്ങളെയും
തിളനിലയേയും
വിരല്‍ത്തുമ്പിന്റെ
ബലപ്രയോഗത്താല്‍
നിയന്ത്രിച്ച്,
ഊഹങ്ങളുടെ അടിസ്ഥാനത്തില്‍
ജീവകങ്ങളും, ധാതുക്കളും
വറുത്തുപൊരിച്ച്
രുചിച്ചും മണത്തും
പരിക്ഷണനിരീക്ഷണ
വിധേയമാക്കുമ്പോള്‍,
നിഗമനത്തിലെത്തുംമുന്നേ
കാതോര്‍ത്തുപോയ
കിളിയൊച്ചകളിലോ
വിളിയൊച്ചകളിലോ
മനസ്സുടക്കി,
ഉന്നതതാപനിലയില്‍
അടുപ്പത്തുവച്ചചട്ടിയില്‍
സോഡിയം ക്ലോറൈഡ്‌ചേര്‍ത്ത്
ഇളക്കിക്കൊണ്ടിരുന്ന
പരീക്ഷണവസ്തുവിന്റെ
ചലനംനിലച്ചപ്പോള്‍,
അടിത്തട്ടില്‍
ഊഷ്മാവ്ഉറഞ്ഞുകൂടി
രൂപാന്തരംപ്രാപിച്ച
കറുത്ത കയ്പ്പുള്ള
രാസസംയുക്തത്തിന്റെ
കുരുക്കഴിയ്ക്കാന്‍
പെടാപ്പാടുപെടാറുണ്ട്
അടുക്കള .
അടുക്കള (കവിത-ഉഷ കാരാട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക