Image

മരടിന് പിന്നാലെ കൂടുതല്‍ നിയമ ലംഘനങ്ങളും സുപ്രീം കോടതി പരിശോധിക്കുന്നു

Published on 21 October, 2019
മരടിന് പിന്നാലെ കൂടുതല്‍ നിയമ ലംഘനങ്ങളും സുപ്രീം കോടതി പരിശോധിക്കുന്നു
ന്യൂഡല്‍ഹി: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനു പിന്നാലെ എറണാകുളത്തെ ചിലവന്നൂരിലെ തീരദേശ നിയമ ലംഘനങ്ങളും സുപ്രീം കോടതി പരിശോധിക്കുന്നു. ചിലവന്നൂരിലെ തീരദേശ നിയമ ലംഘനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജിയില്‍ ആണ് സുപ്രീം കോടതി നോട്ടീസ്. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള കേസിലെ എതിര്‍കക്ഷികള്‍ക്കാണ് ജസ്റ്റിസ്മാരായ നവീന്‍ സിന്‍ഹ, ബി ആര്‍ ഗവായ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്.

ചിലവന്നൂരിലെ തീരദേശ നിയമ ലംഘനങ്ങളില്‍  2015ല്‍ ആണ്  വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യുറോ കേസ് റജിസ്റ്റര്‍ ചെയ്തത്. വിരമിച്ചവരും സര്‍വ്വീസില്‍ ഉള്ളവരും ആയ 14 പേര്‍ക്കെതിരേ ചിലവന്നൂര്‍ സ്വദേശി ആന്റണി എ വി നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ആയിരുന്നു കേസ് റജിസ്റ്റര്‍ ചെയ്തത്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്യാന്‍ ഇരിക്കെ ആണ് ബില്‍ഡര്‍ സിറിള്‍ പോള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേസ് റദ്ദാക്കിയത്.

ഹൈക്കോടതി വിധിക്ക് എതിരെ എ വി ആന്റണി നല്‍കിയ ഹര്‍ജിയില്‍ ആണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കേരളത്തില്‍ തീരദേശ നിയമം ലംഘിച്ച് ഉള്ള നിര്‍മ്മാണങ്ങള്‍ വ്യാപകം ആണെന്ന് ആന്റണിക്ക് വേണ്ടി ഹാജരായ ലക്ഷ്മി കൈമള്‍ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക