Image

സ്ഥലത്തെ പ്രധാന പയ്യന്‍ (കഥ: ജെസ്സി ജിജി)

Published on 17 October, 2019
സ്ഥലത്തെ പ്രധാന പയ്യന്‍ (കഥ: ജെസ്സി ജിജി)
ടോമി , അതാണ് നമ്മുടെ കഥാനായകന്റെ പേര് .ആറടി പൊക്കവും നല്ല വെളുത്ത നിറവുമുള്ള സുമുഖന്‍ ആണ് ടോമി.പ്രവാസി സംഘടനയുടെ തലപ്പത്തിരിക്കാന്‍ അവന്റെ ആരെയും മയക്കുന്ന വാചകമടി ഒന്ന് മാത്രം മതിയായിരുന്നു. വാചകമടിച്ചു ആളെ പാട്ടിലാക്കുക എന്നത് നേതാക്കള്‍ക്ക് അവശ്യം വേണ്ട ഗുണം ആണല്ലോ.മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന ടെക്‌സാസ് സംസ്ഥാനത്തിലെ ഒരു മലയാളി സംഘടനയുടെ നേതാവാണ് കക്ഷി. കക്ഷിക്ക് സംഘടന പ്രവര്‍ത്തനം മാത്രം അല്ല കേട്ടോ. ഒരു മൂന്നു നാല് ഗ്യാസ് സ്‌റ്റേഷനുകളുടെ പാര്‍ട്ണര്‍ ആണ് . തരക്കേടില്ലാത്ത വരുമാനം ഉണ്ട്.പോരെങ്കില്‍ ഭാര്യ നേഴ്‌സ് പ്രാക്റ്റീഷനര്‍ ആണ്. അങ്ങനെ വലിയ അല്ലലും അലട്ടലും ഒന്നും ഇല്ലാതെ പോകുന്ന കാലം .

അങ്ങനെയിരിക്കെ ടിയാന് ഒരു മോഹം. മലയാളി സംഘടനയുടെ നേതാവ് ഒക്കെ ശരി. എന്നാലും ഒരു നാലാളിന്റെ മുന്‍പില്‍ പ്രതീക്ഷിച്ച ഒരു ഗമയൊക്കെ കിട്ടാന്‍ എന്താ ഒരു വഴി... കാശ് കൊടുത്തു ഒരു അവാര്‍ഡ് ഒക്കെ വാങ്ങാം എന്ന് വെച്ചാല്‍ അതൊക്കെ ഒരു പഴഞ്ചന്‍ ഏര്‍പ്പാട് ആയോ എന്നൊരു സംശയം .പിന്നെ എന്താ ഒരു വഴി ..... ആള്‍ അങ്ങനെ തലപുകഞ്ഞു ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ , ഒരു ഐഡിയ അങ്ങനെ ബള്‍ബ് കത്തി തെളിഞ്ഞുവന്നു . നാട്ടില്‍ വരെ ഒന്നുപോവുക .. ഒരു ചെറിയ വല്ല കാര്യവും നാട്ടിലെ ഏതെങ്കിലും ഒരു സംഘടനക്കോ സ്ഥാപനത്തിനോ ചെയ്യുക. പ്രവാസിമലയാളിയുടെ സ്‌നേഹോപഹാരം. പിന്നെ വൈറല്‍ ആക്കാനാണോ പാട്. ഡോളര്‍ രൂപയിലേക്കു മാറ്റാന്‍ പറ്റിയ സമയവും.
“സുഖയാത്രക്ക് ചെറിയ ലഗ്ഗേജ് “എന്ന സൂത്ര വാക്യത്തില്‍ വാമഭാഗത്തേയും ഉള്‍പ്പെടുത്താന്‍ മറന്നില്ല.
 
അങ്ങനെ ഓണവും ക്രിസ്തുമസും ഒന്നും അല്ലാത്ത ശുഭമുഹൂര്‍ത്തത്തില്‍ പയ്യന്‍സ് നാട്ടില്‍ ലാന്‍ഡ് ചെയ്തു. പക്ഷെ വിചാരിച്ചതുപോലെ ഒന്നും നടന്നില്ല. നാട്ടിലെ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പേരില്‍ കുറച്ചു രൂപ മാറികിട്ടിയതു മിച്ചം.ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചിരിക്കുമ്പോള്‍ അതാ വാര്‍ത്ത. “ കേരളത്തെ നടുക്കിയ കൊലപാതകപരമ്പരയിലെ സൂത്രധാര യെ പിടികൂടി എന്ന്” മാധ്യമങ്ങള്‍ക്കു ചാകര. ഓരോരുത്തരും മനോധര്‍മ്മം പോലെ എരിവും മസാലയും കൂട്ടികൊടുക്കുന്നു.

പെട്ടെന്ന് പയ്യന്റെ മനസ്സില്‍ ഒരു ലഡു പൊട്ടി. കൈനകര ഗ്രാമത്തില്‍ പയ്യന്റെ കുടുംബം കുറച്ചുനാള്‍ താമസിച്ചിട്ടുണ്ട്. കഥാനായികയേ പയ്യന്‍ ഓര്‍ക്കുന്നുമില്ല. എന്നാലും ഇതൊരവസരമല്ലേ.

അടുത്ത ദിവസം പ്രാദേശിക പാത്രത്തില്‍ പയ്യന്റെ അഭിമുഖം. “ സ്കൂളില്‍ പഠിക്കുമ്പോഴേ കഥാനായിക . അക്രമണവാസനയും കൊലപാതക വാസനയും പ്രകടിപ്പിച്ചിട്ടുണ്ടെന്നും , പയ്യന്റെ അവസരോചിതമായ ഇടപെടലില്‍ ഇരകള്‍ രക്ഷപ്പെട്ടെന്നും. എന്തിനേറെ അതിലൊരു ഇരയുടെ പേര് വരെ പയ്യന്‍ വെളിപ്പെടുത്തി. പ്രവാസിമലയാളിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ എല്ലാം പയ്യന്റെ അഭിമുഖം പ്രസിദ്ധീകരിച്ചു. ദോഷം പറയരുതല്ലോ, കൂടെ വേണ്ട
 മസാലകള്‍ മാധ്യമങ്ങളും ആവശ്യം അറിഞ്ഞു ചേര്‍ത്ത് കൊടുത്തു.
അങ്ങനെ നാലുപേരറിയുന്ന പ്രവാസി ആയി , കൃതാര്‍ത്ഥനായി നമ്മുടെ പയ്യന്‍സ് തിരിച്ചുള്ള ടിക്കറ്റും ബുക്ക് ചെയ്തു, സുന്ദര സ്വപ്‌നങ്ങള്‍ കണ്ടുറങ്ങി.

“ കൈനകര സംഭവത്തില്‍ വഴിത്തിരിവ്. പ്രതിക്ക് ഒരു പ്രവാസി മലയാളിയില്‍ നിന്നും , കൊലയ്ക്കു സഹായം ലഭിച്ചതായി പ്രതിയുടെ വെളിപ്പെടുത്തല്‍.” പ്രധാന വാര്‍ത്ത . രക്ഷപ്പെടുവാനുള്ള തന്ത്രം ആയി പ്രതിക്കെതിരെ പ്രവാസി മലയാളി അഭിമുഖം നല്‍കിയതായും ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.” കഥകള്‍ ഒരായിരം ഫേസ്ബുക്കിലും മെസ്സഞ്ചറിലും വാട്ട് സാപ്പിലും തത്തികളിച്ചു. “ കുറച്ചു ലെഗേജു ആണ് സുഖം. അതുകൊണ്ടു ഈ വിഴുപ്പുഭാണ്ഡം എനിക്കുവേണ്ട. ഒരു നല്ല വക്കീലിനെ ഞാന്‍ കണ്ടിട്ടുണ്ട്. “വാമഭാഗം അസന്നിഗ്ധമായി പ്രെഖ്യാപിച്ചു. അങ്ങനെ ആഗ്രഹം പോലെ പയ്യന്‍സ് (കു) പ്രസിദ്ധനായി.

സംഭവാമി യുഗേ യുഗ........,


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക