Image

എനിക്ക് നിന്നെ പേടിയാണ് (കഥ: പി. ടി. പൗലോസ്)

Published on 15 October, 2019
എനിക്ക് നിന്നെ പേടിയാണ് (കഥ: പി. ടി. പൗലോസ്)
തുഷാരകണങ്ങള്‍ ഇറ്റുവീണ ചെങ്കല്‍നടപ്പാതയില്‍ അവള്‍ നിന്നു, അവളുടെ അരഞ്ഞാണച്ചരടിലെ ഏലസ്സില്‍ ആരെയും മയക്കുന്ന മന്ത്രവുമായി, ഇലഞ്ഞിപ്പൂവിന്റെ സുഗന്ധവുമായി.

തീയില്‍ പഴുത്ത ചെമ്പിന്റെ നിറമുള്ള മുഖത്തെ പ്രായത്തിന്റെ ചുളിവുകള്‍
പ്ലാസ്റ്റര്‍ ഓഫ് പാരീസ് നികത്തി. മുല്ലപ്പൂ പോലുള്ള വെപ്പുപല്ലുകള്‍ വെളിയില്‍കാട്ടി പകല്‍പോലെ ചിരിക്കുമ്പോള്‍ അതൊരു കൊലച്ചിരി ആണെന്ന് പറയാന്‍ ആരും ആദ്യം മടിക്കും. രാമ രാവണ യുദ്ധത്തില്‍ ലക്ഷ്മണന് മേഘനാഥന്‍ ഏല്പിച്ച മുറിവുണക്കാന്‍ സഞ്ജീവനിക്ക് വേണ്ടി പണ്ട് ഹനുമാന്‍ ഹിമാലയത്തില്‍നിന്നും അടര്‍ത്തിയെടുത്ത ദ്രോണഗിരി പര്‍വ്വതത്തിന്റെ കൊച്ചു കൊച്ചു പതിപ്പുകള്‍ പോലെ അവളുടെ നിതംബവും നിറഞ്ഞ മാറും. ദ്രോണഗിരിയിലെ സഞ്ജീവനി കൊതിച്ച ഋഷിപുംഗവന്മാരെ കാലം യവനികയിട്ടു മൂടിക്കൊണ്ടിരിക്കുന്നു. ഇന്നും താഴ് വാരത്തിലെ കാട്ടരുവികളില്‍നിന്നും പാലും തേനും സഞ്ജീവനിയായി അച്ചടക്കത്തോടെ ഒഴുകുന്നു.

അവളുടെ വില്ലയിലേക്ക് നടപ്പാതയിലെ മേപ്പിള്‍ മരങ്ങളുടെ
ഇടയിലൂടെ കഴപ്പനുറുമ്പുകള്‍ വരിവരിയായി പോകുന്നു, വില്ലക്കുളളില്‍ ഉറക്കമില്ലാതെ ഉരുണ്ടലക്കുന്ന തമ്പുരാട്ടിയുടെ വിരിപ്പിനടിയില്‍ ഒളിച്ചിരുന്ന് ഉറക്കം കൊടുക്കാന്‍. ഉറുമ്പുവരികളുടെ അവസാനം വഴി തെറ്റി വരിയില്‍ വന്ന
എന്നെ അവള്‍ കണ്ടു. കണ്ണുകള്‍ വെട്ടിത്തിളങ്ങി. എന്റടുത്തേക്ക് നടയിറങ്ങിവരുമ്പോള്‍ ആഞ്ഞുവീശിയ കോടക്കാറ്റില്‍ അവളുടെ ഉടയാടകള്‍ ഉയര്‍ന്നുതാണു . അവളുടെ കാല്‍തുടയുടെ മേല്‍മേഖലയും അതിനപ്പുറത്തെ സങ്കീര്‍ണ്ണമായ സമര്‍പ്പണത്തിന്റെ ഗദ്‌സമനെയും കണ്ട് വില്ലയുടെ ജാലകപ്പടിയില്‍ രണ്ടാം പുസ്തകമെഴുതാന്‍ അദൃശ്യനായി പതുങ്ങിയിരുന്ന വാത്സ്യായനന്‍ പോലും നാണിച്ചു തലതിരിച്ചു. അവള്‍
എന്റെ അടുത്തെത്തി. പേടിച്ചുവിറച്ച എന്നെ ആര്‍ത്തിയോടെ ചുറ്റിവരിഞ്ഞു. എന്നിട്ടു ചെവിയില്‍ മന്ത്രിച്ചു.

''ഒരു മഴത്തുള്ളിയായി വീണ്ടും നിന്നിലേക്ക് എനിക്ക് പെയ്തിറങ്ങണം''

എന്റെ കാല്‍വിരലുകളിലൂടെ ഭയത്തിന്റെ തണുപ്പ് അരിച്ചുകയറി. അവളോട് പറയാന്‍ വാക്കുകള്‍ പുറത്തേക്ക് വന്നില്ല. എങ്കിലും പറഞ്ഞൊപ്പിച്ചു.

''വേണ്ട....എനിക്ക് നിന്നെ പേടിയാണ്. പണ്ട് നീ എന്നിലേക്ക് ഒരു പെരുമഴയായി പെയ്തിറങ്ങി. ആ
മഴകണങ്ങള്‍ എന്റെ ഹൃദയഭിത്തികളില്‍  പറ്റിയമര്‍ന്നിരിക്കുന്നു. അത് ദുഃസ്വപ്നമായി ഇന്നും എന്റെ ഉറക്കം കെടുത്തുന്നു. വേണ്ട...എനിക്ക് നിന്നെ പേടിയാണ് ''

ഞാന്‍ പിടിവിടുവിച്ച് ഓടി..... മേപ്പിള്‍ മരങ്ങളുടെ ഇടയിലൂടെ, പൊന്തക്കാടുകളുടെ നടുവിലൂടെ, മകരമാസക്കുളിരിലൂടെ, മേടമാസച്ചൂടിലൂടെ, വര്‍ഷകാലസന്ധ്യകളിലൂടെ...... ഉള്ളില്‍ ചോരപൊടിയുന്ന മുറിവുമായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക