Image

ലോസ്റ്റ് വില്ലയിലെ ചെങ്കൊടി (കഥ: ഷാജു ജോണ്‍)

Published on 11 October, 2019
ലോസ്റ്റ് വില്ലയിലെ ചെങ്കൊടി (കഥ: ഷാജു ജോണ്‍)
                                                                                                                                                                                                                                                              " എന്റെ  ചുരിദാര്‍ ആരാ ഇങ്ങനെ കീറി ഇട്ടിരിക്കുന്നുന്നെ ..............?"

പയ്യത്തിയുടെ ചോദ്യം വീടിനകം മുഴുവന്‍  കത്രിന കൊടുംകാറ്റ് പോലെ ചുഴറ്റി അടിച്ചുകൊണ്ടിരുന്നു. മുറികളില്‍ നിന്നും മുറികളിലേക്കു പാഞ്ഞു വീശുന്ന ആ കൊടുംകാറ്റിന്റെ   ഏറിയും കുറഞ്ഞും  വന്നുകൊണ്ടിരുന്ന  മുഴക്കം  ശ്രവിച്ചു കൊണ്ട്   പയ്യന്‍സ് മനസ്സില്‍ പറഞ്ഞു

 "കൊടുംകാറ്റ് മാത്രമല്ല ..........ഇടിവെട്ടിനും പേമാരിക്കും സമയമായി"

' ഇതൊക്കെ എത്ര കണ്ടിരിക്കുന്നു'  എന്ന ഭാവത്തില്‍ നില്‍ക്കുന്ന അമേരിക്കന്‍ മിലിട്ടറിയെ പോലെ തന്നെ പയ്യന്‍സും നിര്‍വികാരനായി ഇരുന്നു . വെറുതെ ഇരുന്നാല്‍ ചോദ്യങ്ങളുടെ പ്രവാഹമായിരിക്കുമെന്നതിനാല്‍  "ഞാനൊന്നും അറിഞ്ഞില്ലേ"  എന്ന രൂപേണ   ആഴ്ചയില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അമേരിക്കന്‍ മലയാളം പത്രം  പതുക്കെ നിവര്‍ത്തി വായിക്കാന്‍ തുടങ്ങി . 

" മുഴുവന്‍ പരസ്യങ്ങള്‍ ആണ് ...ന്നാലും  ഫ്രീ അല്ലെ ... അടുത്ത ഫൊക്കാന കണ്‍വെന്‍ഷന്‍ ഡാളസില്‍ വച്ചാണ് ....ഉം ..നടക്കട്ടെ ......."പത്രത്തിലെ താളുകള്‍ വെറുതെ മറിച്ചു കൊണ്ട് ഓരോരോ തലകെട്ടുകളിലൂടെയും കണ്ണുകള്‍ ഓടിക്കുന്നതായി ഭാവിച്ചു .

പക്ഷെ  പയ്യന്‌സിന്റെ പത്രം മാറിക്കലിന്റെയും വായനയുടെയും ഒക്കെ  മുകളിലൂടെ വീണ്ടും പയ്യത്തിയുടെ ചോദ്യം പല വിധത്തിലുള്ള രോദനങ്ങളായി  മുഴങ്ങിക്കൊണ്ടിരുന്നു

"എന്തൊരു കഷ്ടാണ്  ഇത് ....വാങ്ങിച്ചിട്ടു ഇതുവരെ ഉടുത്തില്ല ..തുണ്ടം തുണ്ടമായി കീറി ഇട്ടിരിക്കുന്നത് കണ്ടോ ?" .........  അവസാനത്തെ കണ്ടോ എന്നുള്ള വാക്കും അതിന്റെ കൂടെയുള്ള  ചോദ്യ ചിഹ്നവും  പിന്നെയും വീട് മുഴുവന്‍  പിന്നെയും ചുറ്റിയടിച്ചുകൊണ്ടിരുന്നു

"എടാ കോമളാ നീ എന്റെ ചുരിദാര്‍ വെട്ടി വല്ല പ്രോജെക്ടും  ചെയ്‌തോ ?"

ഫോണില്‍ കോലം വരച്ചുകൊണ്ടിരുന്ന കോമളന്  അമ്മയുടെ ചോദ്യം അത്രക്കങ്ങു  മനസ്സിലായില്ല .മുകളിലേക്ക് വളരുന്ന കോമളന്റെ മലയാള ഭാഷാവളര്‍ച്ച  കീഴേക്കാണ് .അങ്ങനെ വളരും തോറും തളരുന്ന മലയാണ്മയോടുള്ള  അഭിനിവേശംമൂലം അമ്മ പറഞ്ഞത് എന്താണെന്നു മനസ്സിലാക്കാന്‍ കോമളന്‍ അമ്മയുടെ ചുണ്ടനക്കത്തിലേക്കു തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു  


"വാട്ട്? ....ഐ ഡിഡന്റ് ഗെറ്റ് യു."   കോമളന്‍ സത്യസന്ധമായി കാര്യം പറഞ്ഞു
 
"ഞാന്‍ ചോദിച്ചത് നീ എന്റെ ഈ ചുരിദാറില്‍ എന്തെങ്കിലും ചെയ്‌തോ എന്നാണ് ?" പയ്യത്തി വീണ്ടും അവര്‍ത്തിച്ചെങ്കിലും കോമളന്  ഇപ്പോഴും ഒന്നും മനസ്സിലായില്ല

"ക്യാന്‍ യു സെ ഇന്‍ ഇംഗ്ലീഷ്?" അവന്‍ തന്റെ നിസഹായത വെളിപ്പെടുത്തി

ഈയിടെ ആയി അങ്ങനെ ആണ് ..... കോമളന്  എന്തെങ്കിലും മനസ്സിലാകണമെങ്കില്‍ ഇംഗ്ലീഷില്‍ തന്നെ പറയണം .അല്ലെങ്കില്‍ ഇതേ പോലെ വാട്ട് ,വൈ പ്രയോഗങ്ങള്‍ വന്നുകൊണ്ടിരിക്കും  മലയാളം പഠിപ്പിക്കാന്‍  ആവതു ശ്രമിച്ചെങ്കിലും, പരാജയഭീതി മൂലം പയ്യന്‍സ്  അതില്‍ നിന്ന് സ്വയം പിന്‍തിരിഞ്ഞു . 

"ഓ ..ഇപ്പൊ ഇപ്പോക്കെ ആയിട്ട് ഇവനോടൊക്കെ ഒന്നും പറയാന്‍ പറ്റാതായി  എടാ നീ എത്ര സായിപ്പു ചമഞ്ഞാലും .നിന്റെയൊക്കെ മൂലം അങ്ങ് കേരളത്തിലാ ..ഇടക്കിടെ അതോര്‍ക്കുന്നത് നല്ലതാ" പയ്യത്തിയുടെ ദേഷ്യം കുടി കുടി വന്നു

"വാട്ട് .....വാട്ട് ദി ഹെക് യു ആര്‍ ടോക്കിങ്?" കോമളന്‍ ഒന്നും മനസ്സിലാവാതെ കണ്ണും മിഴിച്ചിരുന്നു  

 പിന്നീട് മുറിഞ്ഞു തൂങ്ങിയ  ചുരിദാര്‍ കാണിച്ചു കൊടുത്തപ്പോഴാണ് കോമളന് കാര്യം മനസ്സിലായത്. അവന്‍ ഇല്ല എന്ന് നിസ്സംഗനായി ചുമലുകള്‍ ഉയര്‍ത്തികൊണ്ടു മറുപടി പറഞ്ഞു

പയ്യത്തിയുടെ ചോദ്യവും ഒപ്പമുള്ള ചോദ്യചിഹ്നവും    വീണ്ടും വീടിനുള്ളില്‍ ചുറ്റി നടന്നു.   സംശയമുള്ള ധാരാളം പേരുകള്‍ പയ്യത്തി സ്വന്തം പ്രതിപട്ടികയില്‍ എഴുതിചേര്‍ക്കപ്പെട്ടു  പറമ്പില്‍ കുടി ഓടി നടക്കുന്ന അണ്ണാന്‍  മുതല്‍ വീടിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ചുണ്ടെലി വരെ ആ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു

"ഏയ് ...എലിയൊന്നും അല്ല ...ഇതു കൃത്യമായി കത്രിക കൊണ്ട് മുറിച്ചതാണ് " സാഹചര്യ തെളിവ് കണക്കിലെടുത്ത് പയ്യത്തി  എലിയെയും അണ്ണാനെയും പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി

ഇത്രയൊക്കെ സംഭവിച്ചിട്ടും നിസ്സംഗനായി ഇരിക്കുന്ന പയ്യന്‌സിലേക്കു  അവസാനമായാണ് പയ്യത്തി തിരിഞ്ഞത്  അതിനു  കാരണം ഉണ്ട്  പൊതുവെ പിശുക്കനും അരക്കനും പത്തു പൈസ ധര്‍മം  കൊടുക്കാത്തവനുമാണ് പയ്യന്‍സ് എന്നാണ് വയ്പ്. അങ്ങനെ ഉള്ള  പയ്യന്‌സിനു ഒരു  ചുരിദാര്‍ നശിപ്പിക്കാനുള്ള മനസുണ്ടാകില്ല എന്ന് പയ്യത്തിക്കു നന്നായി അറിയാം. തലേ ആഴ്ച കുടി പള്ളിയിലെ സന്നദ്ധസംഘടന ആയ മാതൃജ്യോതിസിലെ  അംഗങ്ങള്‍ ഡൊണേഷനു  വേണ്ടി വച്ചിരുന്ന പഴയ ചുരിദാറുകളെ നോക്കി പയ്യന്‍സ് പറഞ്ഞതെ ഉള്ളു ,

" എന്തായാലും എല്ലാവരും ഡോണെറ്റ് ചെയ്തു .....നീ ആരും അറിയാതെ അതില്‍ നിന്ന് രണ്ടെണ്ണം എടുക്ക്   ..എന്തിനാ  പുതിയത്  മേടിക്കുന്നെ?"    അന്ന് പക്ഷെ ഒരു രൂക്ഷമായ നോട്ടത്തില്‍ പയ്യത്തി തന്റെ മറുപടി ഒളിപ്പിച്ചു. എങ്കിലും ആരും കേള്‍ക്കാതെ പയ്യന്‍സിന്റെ ചെവിയില്‍ പറഞ്ഞു

 "ഇത് പള്ളിയാണ്...ഒന്ന് കുമ്പസാരിച്ചതേ ഉള്ളൂ .... വീണ്ടും ഒന്നോടെ കുമ്പസാരിക്കാന്‍ പോണോ ?

അങ്ങനെ ഉള്ള പയ്യന്‍സ് ഒരു ചുരിദാര്‍ നശിപ്പിക്കില്ല എന്ന് പയ്യത്തിക്കു ഉറപ്പാണ് എങ്കിലും  ഒരു അവസാന ശ്രമം എന്ന നിലയില്‍ പയ്യത്തി ചോദിച്ചു  

" ഹേ  മനുഷേനെ നിങ്ങള്ക്ക് എന്തെങ്കിലും അറിയാമോ ?"

"അറിയാന്നെ ..ഫൊക്കാന കണ്‍വെന്‍ഷന്‍ ഡാളസ്സില്‍ ആണ്....അവരുടെ രണ്ടു വര്ഷം കഴിഞ്ഞുള്ള ഇലക്ഷന് വരെ സ്ഥാനാര്‍ത്ഥികള്‍ റെഡി ...." പയ്യന്‍സ് എങ്ങും തൊടാതെ മറുപടി പറഞ്ഞു

"ഹോ മടുത്തു .ഒരു ഫോക്കനേം ഫൊമേം ..ഞാന്‍ ചോദിച്ചത് ഈ ചുരിദാര്‍ എങ്ങനെയാ ഇങ്ങനെ ആയെ എന്നാണ്?" കീറിയ ചുരിദാര്‍ പൊക്കിപ്പിടിച്ചു നില്‍ക്കുന്ന പയ്യത്തിയെ ഒന്ന് പാളി നോക്കിയിട്ടു പയ്യന്‍സ്  വീണ്ടും പത്രത്തിലേക്ക് കണ്ണോടിച്ചു.

"ഷൂട്ടിങ്ങില്‍ അഞ്ചു പേര് മരിച്ചു .ഇവരുടെ ഒരു കാര്യേ .ഇവിടെ എന്തെല്ലാം നിരോധിക്കുന്നു ..ഈ തോക്കു അങ്ങ് നിരോധിച്ചാ ഇതേ പോലെ ആളുകള്‍ ചാവുവോ ?"പയ്യന്‍സ് പത്രം മറിച്ചു കൊണ്ട് സ്വയം  പറഞ്ഞു

"എന്തിനാ നിരോധിക്കുന്നെ അതൊരെണ്ണം കിട്ടിയിരുന്നെങ്കില്‍ ..ഈ ചുരിദാര്‍ കീറിയവന്റെ നെഞ്ചത്തേക്ക് കാച്ചിയേനെ "

ദേഷ്യം കൊണ്ട് ചുവന്ന പയ്യത്തി ചുരിദാര്‍ പത്രത്തിന് മുകളിലേക്ക് എറിഞ്ഞു

"ഇനി നിങ്ങള് ഇതിനു സമാധാനം പറഞ്ഞിട്ടു പത്രം വായിച്ചാല്‍ മതി...ഒരു മനുഷ്യസ്‌നേഹി ....."

പയ്യന്‍സ് വീണ്ടും കണ്ണുകള്‍ ഉയര്‍ത്തി ദേഷ്യം അഭിനയിച്ചു കൊണ്ട് ചോദിച്ചു "നിനക്ക് എന്താ വേണ്ടേ ?"

"എനിക്കൊന്നും വേണ്ട ..ഈ ചുരിദാര്‍ ആരാ കീറീത് എന്ന് എനിക്കിപ്പോ അറിയണം ..പെരുന്നാളിന് ഉടുക്കാന്‍ വേണ്ടി മാത്രം കഴിഞ്ഞ വര്ഷം നാട്ടില്‍ പോയപ്പോള്‍ വാങ്ങിച്ചതാ ..ഇതിന്റെ വില അറിയാമോ ?"

പത്രം മറഞ്ഞു കിടന്ന ചുരിദാര്‍ ദുരെ എറിഞ്ഞിട്ടു മുഖത്ത് ഗൗരവം ഭാവിച്ചു പയ്യന്‍സ് പറഞ്ഞു "അത് ഞാന്‍ തന്നെയാ ...!!"

ഒരു നിമിഷം പയ്യത്തി  വായ പൊളിച്ചു നിന്നു  ..എന്ത് ചെയ്യണമെന്ന് അറിയാതെ....... എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല .സമനില വീണ്ടെടുത്തപ്പപ്പോള്‍ പയ്യത്തിയുടെ മുഖം നവരസങ്ങളാല്‍ നിറഞ്ഞു.വിശ്വസിക്കാന്‍ കഴിയാത്തതു പോലെ പയ്യത്തി വീണ്ടും വീണ്ടും പയ്യന്‌സിനെ തന്നെ നോക്കികൊണ്ടിരുന്നു

"നിങ്ങള്ക്ക് എന്താ വട്ടായോ ?" തിളക്കുന്ന കണ്ണുകളുമായി പയ്യത്തി ചോദിച്ചു

"അത് ഞാന്‍ ഒരാവശ്യത്തിന് മുറിച്ചതാ.." വളരെ ശാന്തമായി പയ്യന്‍സ് മറുപടി പറഞ്ഞു

"എന്താവശ്യത്തിനു ?" പയ്യത്തിയുടെ ചോദ്യത്തിന് ശക്തി കൂടി .

"ഒരു കൊടി  ഉണ്ടാക്കാന്‍ ..ഒരു ചുവന്ന കൊടി ...അതായത് ഒരു ചെങ്കൊടി" പയ്യന്‍സ് ഒരു തരം വിപ്ലവവീര്യം ഒളിപ്പിച്ചു വച്ച സ്വരത്തില്‍ പറഞ്ഞു

"ങേ കൊടിയോ ? നിങ്ങളെന്നാ കമ്യൂണിസ്‌റ് പാര്‍ട്ടിയുടെ ലോക്കല്‍ കമ്മറ്റി വല്ലതും തുടങ്ങാന്‍ പ്ലാനുണ്ടോ ?"

"നീ പതുക്കെ പറ ..കമ്മ്യൂണിസ്‌റ് എന്നൊക്കെ  പറയല്ലേ അപ്പുറത്തെ സായിപ്പെങ്ങാന്‍  കേട്ടാല്‍ മതി നമ്മളെ എല്ലാം ചെവിക്കു പിടിച്ചു അമേരിക്കയില്‍ നിന്ന് എറിഞ്ഞു കളയും"

"പിന്നെ എന്തിനാ നിങ്ങള്ക്ക് ചുവന്ന കൊടി ?" പയ്യത്തിയുടെ ഉദ്വേഗം കൂടി കൂടി വന്നു

"ഒരു ട്രെയിന്‍ നിര്‍ത്തേണ്ട ആവശ്യം ഉണ്ടായിരുന്നു" പയ്യന്‍സ് നിസ്സംഗനായി പറഞ്ഞു

"ട്രെയിനോ ?" പയ്യത്തിക്ക് കണ്ണുകളിലൂടെ ഇരുട്ട് കയറുന്നതു പോലെ തോന്നി ഇങ്ങേര്‍ക്ക് ഇതെന്തു പറ്റി പിച്ച് പേയും പറയാന്‍ 

പയ്യത്തിയുടെ മുഖം ശ്രദ്ധിക്കാതെ പയ്യന്‍സ് വിവരിക്കാന്‍ തുടങ്ങി

"നീ ഡാര്‍ജിലിംഗ് എന്ന് കേട്ടിട്ടുണ്ടോ ? മലകളും താഴ്വരകളും നിറഞ്ഞ സുന്ദരിയായ സഞ്ചാരികളുടെ പറുദീസയായ ഡാര്ജിലിങ് അവിടുത്തെ ഒരു ചെറിയ ഗ്രാമപ്രദേശമാണ്  ഫിലാമിയ.പകലും രാത്രിയും  മൂടല്‍മഞ്ഞിന്റെ കുട ചൂടി നില്‍ക്കുന്ന ഫിലാമിയ  താഴവര........

ഒന്ന് നിര്‍ത്തിയ ശേഷം പയ്യന്‍സ് തുടര്‍ന്നു

" എടുത്തു പറയാന്‍  അവിടെ ഒരു റെയില്‍വേ സ്‌റ്റെഷന്‍ മാത്രം . അതിനകത്തു ഒരു സ്‌റ്റേഷന്‍ മാസ്റ്ററും. ഫിലാമിയാക്കു ഒരു പ്രത്യേകത ഉണ്ട് ധാരാളം വമ്പന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശം ആണത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്ന കാലത്തു അവിടെ ഒരു ലഹള നടന്നു അവിടത്തെ നിവാസികളായ ലെപ്പാച്ചെ വിഭാഗവും ഗൂര്‍ഖകളും തമ്മില്‍.ലഹള ഒതുക്കാന്‍ നിയോഗിക്കപ്പെട്ടത് ജെ ഗ്രാന്‍റ് എന്ന സായിപ്പായിരുന്നു. ലഹള ഒതുങ്ങിയെങ്കിലും സായിപ്പു അവിടം വിട്ടു പോയില്ല.സായാഹ്നങ്ങളില്‍ സായിപ്പും തന്റെ പ്രിയതമയും എന്നും സവാരിക്കിറങ്ങും. അവിടെയുള്ള ഏറ്റവും വലിയ പാറയുടെ  മുകളില്‍ കയറി ചെമ്മാനം ചെഞ്ചായം ചാലിച്ച സന്ധ്യയെ  നോക്കിയിരിക്കും. മദാമ്മക്കു ഏറ്റവും ഇഷ്ടമായിരുന്നു മുകള്‍ ഭാഗം പരന്ന ആ പാറ അതുകൊണ്ടു അവര്‍ ഒരു പേരു വിളിച്ചു "ക്രേസി റോക്ക്". അതിനെ പിന്നെ നാട്ടുകാര്‍  'ഭ്രാന്തന്‍പാറ' എന്ന് വിളിക്കാന്‍ തുടങ്ങി   അവിടെ അവര്‍ നൂറു വര്ഷം ജീവിച്ചു എന്നാണ് ചരിത്രം.

ഇപ്പോള്‍ അവിടെ കാമുകി കാമുകന്മാരുടെ ഉല്ലാസ കേന്ദ്രമാണ് , .ഭ്രാന്തന്‍ പാറയുടെ മുകളില്‍ എത്ര തവണ സൂര്യാസ്തമയം കാണുന്നോ അത്രയും കൂടുതല്‍ ദൃഢതയും ആസ്വാദ്യതയും  അവരുടെ പ്രണയത്തിനും ഉണ്ടാകും എന്നാണ് വിശ്വാസം  . കാലം മാറിയെങ്കിലും വിശ്വാസം അങ്ങനെ തന്നെ നില്‍ക്കുന്നു.ഇപ്പോള്‍ എല്ലാം സായാഹ്നങ്ങളിലും   ധാരാളം പ്രണയ യൊവ്വനങ്ങള്‍ അവിടെ വരും. മോട്ടോര്‍ബൈക്കുകളിലും മൂടി ഇല്ലാത്ത കാറുകളിലും ഒക്കെ ആയി.... ഭ്രാന്തന്‍  പാറയുടെ മുകളില്‍ സായാഹ്നങ്ങള്‍ ചിലവഴിക്കും  ആ പാറയുടെ മുകളില്‍ നിന്ന് പ്രണയിനിയുടെ പേര് നീട്ടി വിളിച്ചാല്‍ ആയിരം തവണ പ്രകൃതിതന്നെ ആ പേര് ആവര്‍ത്തിച്ചു ആവര്‍ത്തിച്ച് പറയുമത്രെ! 

" വഴിയേ പോണവരൊക്കെ അവിടെ പോയി വിളിക്കാന്‍ തുടങ്ങിയാ ....മേപ്പടി പ്രകൃതി ആകെ വിഷമിച്ചു പോവുല്ലോ ? കണ്ട പൈങ്കിളി കഥകളുമായി വന്നോളും " പയ്യത്തി ഇടയ്ക്കു കയറി പറഞ്ഞു


"ഛെ ...നീ ആ രസച്ചരട് മുറിച്ചു ...ആ ഫ്‌ലോ അങ്ങ് പോയി !......എന്ത് പറയാനാ ഒരല്പം ഭാവന എങ്കിലും വേണ്ടേ .എന്നാല്‍ കേട്ടോളൂ ആ ഭ്രാന്തന്‍ പാറക്കു സമീപമുള്ള ഒരു ബംഗ്ലാവ് ആണ് ലോസ്റ്റ് വില്ല ...അവിടത്തെ ചില മുഹൂര്‍ത്തങ്ങള്‍ .. സംഭവങ്ങള്‍....ഞങ്ങള്‍ നാടകരൂപത്തില്‍ അവതരിപ്പിക്കുന്നു പള്ളിപെരുന്നാളിന് ......." 

"അപ്പൊ അത് പറ ....നിങ്ങളുടെ നാടക ഭ്രാന്ത് ....എന്റെ ചുരിദാര്‍ അതിനെന്തു പിഴച്ചു ?"

ആ നാടകം മുന്നോട്ടു പോകണമെങ്കില്‍  ഫിലാമിയയില്‍  തീവണ്ടി നില്‍ക്കണം ...തീവണ്ടി എങ്ങനെയാ നില്‍ക്കണത് ?  ഒരൊറ്റ ചുവന്ന  കോടിയുടെ ബലത്തില്‍....പയ്യന്‍സ് വളരെ നാടകാത്മകമായി ആ രംഗം അവതരിപ്പിച്ചു


ചുവന്ന കൊടി ഉണ്ടാക്കാനുള്ള  തുണി അന്വേഷിച്ചു മടുത്തു ..അവസാനം അതാ നിന്റെ  ചുവന്ന ചുരിദാര്‍ എന്നെ നോക്കി വരൂ വരൂ എന്ന് വിളിക്കുന്നു .ആ ചുരിദാര്‍ തന്നെ എന്നോട് പറഞ്ഞു "മിസ്റ്റര്‍ പയ്യന്‍സ് നിങ്ങളുടെ നാടകത്തിന്റെ വിജയത്തിന് വേണ്ടി ഞാന്‍ ഒരു രക്ത സാക്ഷി ആകാന്‍ തയ്യാറാണ് .മുറിക്കൂ ...എന്നെ നിങ്ങളുടെ ഉപകാരണമാക്കു !! അങ്ങനെ ആണ് ആ ചുവന്ന കൊടി ഉണ്ടായത്

ആ ചുരിദാര്‍ സ്വയം ഒരു ബലിയാടായി .നീളം കുറഞ്ഞ ഒരു മുളം കമ്പിന്റെ അറ്റത്തു നിവര്‍ന്നു നിന്നപ്പോള്‍ .ആത്മാഭിമാനം കൊണ്ട് 'ഈങ്ക്വിലാബ് സിന്ദാബാദ് ' വിളിച്ചെങ്കിലും ഞാനതിനോട് പതുക്കെ പറഞ്ഞു ..

"ഇത് അമേരിക്ക ആണ് ..എല്ലാ സ്വാതന്ത്ര്യവും ഇവിടെ തന്നിട്ടുണ്ടെങ്കിലും .കമ്യൂണിസ്റ്റുകാരന്‍ എന്ന് പറയാനോ ,കോടി പിടിക്കാനോ ,സമരം ചെയ്യാനോ ഉള്ള സ്വാതന്ത്ര്യം മാത്രം ഇല്ല .അത് കൊണ്ട് നീ ഈ കമ്പില്‍ തന്നെ ചുരുണ്ടു കുടി കിടന്നോ !!"

"അയ്യായിരം രൂപ കൊടുത്തു വാങ്ങിച്ചിട്ടു ഇട്ടിട്ടു പോലുമില്ല"  പയ്യത്തി കരയണോ ദേഷ്യപ്പെടാനോ എന്ന ഭാവത്തില്‍ പയ്യന്‌സിനെ തന്നെ നോക്കിക്കൊണ്ടിരുന്നു   ...

"സൗത്ത് കാരോളിനയില്‍ നിന്നും ഡാലസിലെക്കു താമസം മാറ്റിയപ്പോള്‍ തന്നെ ആദ്യം പറഞ്ഞ ഒരു കാര്യം ഉണ്ട് ,എന്താന്നറിയാവോ

ഈ പാട്ടും, നാടകവും ,അസോസിയേഥാനും ഒക്കെ സൗത്ത് കരോലീനയുടെ അതിര്‍ത്തി ആയ അഗസ്റ്റയില്‍ യില്‍ ഉപേക്ഷിക്കണമെന്നു ....പക്ഷെ എന്താ കാര്യം ?  ഇവിടെ വന്നിട്ടും മനസമാധാനം തരുന്നില്ലല്ലോ  മനുഷ്യാ ? പയ്യത്തി മുറിയപെട്ട ചുരിദാര്‍ നെഞ്ചോടു ചേര്‍ത്ത് കരയാന്‍ തുടങ്ങി.

"ഇതിനു പകരം എനിക്ക് ഉടനെ തന്നെ ഒരെണ്ണം വാങ്ങിത്തരണം" സമാധാന ചര്‍ച്ചക്കായി പയ്യത്തി മുന്നോട്ടു വന്നു  

അതിന് എവിടെ പോകും ഇത് വാങ്ങിക്കാന്‍? പയ്യന്‍സ് തന്റെ നിസ്സഹായത വെളിപ്പെടുത്തി

എവിടെയാ പോവേണ്ടത് എന്നെനിക്കറിയില്ല ...നോര്‍ത്തിന്ത്യന്‍ കടയിലോ എവിടെ വേണേലും പോ  ഇല്ലേല്‍ ഈ കീറിയത് ഇട്ടു കൊണ്ട് ഞാന്‍ പള്ളിപെരുന്നാളിന് പോകും . കീറിയ ചുരിദാര്‍ വളരെ സ്‌നേഹത്തോടെ മടക്കി പയ്യത്തി അലമാര തുറന്നു അതിനുള്ളിലേക്ക് വച്ചു . അപ്പോഴാണ് പയ്യന്‍സ് അലമാരയില്‍ നാട്ടിലെ ഒരു ജൗളിക്കടയുടെ വെളുത്ത കൂടിരിക്കുന്നത് കണ്ടത് കൂടിന്റെ ഒരു വശത്ത് കുടി ഒരു പച്ചസാരിയുടെ കുറെ ഭാഗം തള്ളി നിന്നിരുന്നു

"എന്താ ഉണ്ടക്കണ്ണു മിഴിച്ചു നോക്കുന്നത്...?" പയ്യത്തി ചോദിച്ചു 

"അല്ല ആ സാരി ...അതിതുവരെ കണ്ടിട്ടില്ലല്ലോ ?" അലമാരയിലേക്കു പാളി നോക്കുന്നതിനിടയില്‍ പയ്യന്‍സ് പറഞ്ഞു

"മിഴിച്ചു നോക്കണ്ട ..അതെന്റെ കൂട്ടുകാരി നാട്ടില്‍ നിന്ന് വന്നപ്പോള്‍ കൊണ്ടുവന്നതാ..." കുട്ടുകാരിയോടുള്ള  നന്ദിയും കൃതജ്ഞതയും പയ്യത്തിയുടെ മുഖത്ത് തുടിച്ചു നിന്നു

"ഏത്  എട്ടുവീട്ടിലെ ഉണ്ണിയാര്‍ച്ചയോ ?.......  ഒരു വിമാനം നിറയെ പെരുന്നാള്‍ സാധനങ്ങളും , സാരികളും ഒക്കെ ആയിട്ടാണ്  ഉണ്ണിയാര്‍ച്ചയുടെ  വരവ് എന്നാണ് പൊതുവെ ഉള്ള സംസാരം. അതില്‍ പെട്ട സാരിയാണോ ഇതും ?

ഭാഗ്യം ....?" പയ്യന്‍സ് പറഞ്ഞ ഭാഗ്യം എന്ന വാക്കില്‍ പയ്യത്തി എന്തോ മണത്തു

"എന്താപ്പോ ഒരു ഭാഗ്യം ?" ഒരു അന്വേഷകയുടെ മുഖത്തോടെ പയ്യത്തി ചോദിച്ചു

"അല്ല.... അതെ ....ഈ സ്‌റേഷന്‍ മാസ്റ്റര്‍ക്ക് ഒരു പച്ചക്കൊടി കുടി വേണം .നിറുത്തിയ വണ്ടിയെ പറഞ്ഞു വിടാന്‍ ..പച്ച ചുരിദാര്‍ ഒന്നും കണ്ടില്ല ..സാരി എങ്ങനെയാ നല്ല പച്ചയാണോ ?

"ങേ ..."  അപ്പോഴാണ് പയ്യത്തി ആ ഭാഗ്യം എന്ന വാക്കില്‍ ഒളിഞ്ഞിരുന്ന അപകടം മണത്തത്

 "ഇതിലെങ്ങാന്‍ തൊട്ടു പോയാല്‍ ..ആ പറഞ്ഞുവിട്ട തീവണ്ടിയില്‍ നിങ്ങളെ കയറ്റി വിടും  ..അല്ലെങ്കില്‍ വേണ്ട .എനിക്ക് തീരെ വിശ്വാസം ഇല്ല"   .പയ്യത്തി അലമാര പൂട്ടി,അതിന്റെ പൂട്ടില്‍ പിടിച്ചു നാല് വലി കൂടി വലിച്ചു പൂട്ടി എന്നുറപ്പു വരുത്താന്‍ .താക്കോല്‍ ഉടുത്ത ചുരിദാറിന്റെ വള്ളിയില്‍ കെട്ടിയിടുമ്പോള്‍ പൊറു പൊറുക്കുന്നുണ്ടായിരുന്നു

"ഒരു നാടകക്കാരന്‍ "

ആ പച്ചസാരി പയ്യന്‌സിന്റെ മനസ്സില്‍ നിന്ന് പോകുന്നില്ല .പക്ഷെ റിഹേഴ്‌സലിനു പോകാന്‍ വേണ്ടി  നാടക ഡയറക്ടറുടെ വണ്ടി വന്നത് കൊണ്ട് പയ്യത്തിയോട് കൂടുതല്‍ സംസാരിക്കേണ്ടി വന്നില്ല.റിഹേഴ്‌സല്‍ വളരെ ദൂരെ ഉള്ള ഒരു വീട്ടില്‍ ആയിരുന്നു  സൂര്യന്‍ എരിഞ്ഞടങ്ങി തുടങ്ങി വര്‍ണങ്ങള്‍ വാരി വിതറിയ സായാഹ്നത്തില്‍  ചോളപാടങ്ങളുടെ നടുവിലൂടെ  വണ്ടി ഓടിക്കുമോള്‍ ഡയറക്ടര്‍ ഭാവാത്മകമായി പറയുന്നുണ്ടായിരുന്നു."കുറച്ചു പാറക്കൂട്ടങ്ങള്‍ കൂടി ഉണ്ടെങ്കില്‍ ഇവിടം നമ്മുടെ ഫിലാമിയയെ പോലെ തോന്നിയേനെ അല്ലെ/"

ഒരു പ്രതികരണവും ഇല്ലാതെ ഇരിക്കുന്ന പയ്യന്‍സിനോട് ഡയറക്ടര്‍ വീണ്ടും ചോദിച്ചു "എന്താടോ പയ്യന്‍സേ നീ ഏതാണ്ട് പോയ പോലെ ഇരിക്കുന്നെ?"  

"ഏയ് ഒന്നുല്ല  ..റിഹേഴ്‌സല്‍ ക്യാമ്പില്‍ എന്തെങ്കിലും കഴിക്കാനുണ്ടാവുമല്ലോ അല്ലെ ?"

"നിനക്ക് തീറ്റ തീറ്റ എന്ന ഒരൊറ്റ കാര്യമേ ഉള്ളോ ?"

"അതല്ലാന്നേ ഇന്നുച്ച മുതല്‍ വയറില്‍ ഗ്യാസാ ....

"എന്താ പറ്റിയെ  ഭാര്യ പിണങ്ങിയോ ?"

ഒന്ന് പറയാതെ പയ്യന്‍സ് ചോളവയലിലേക്കു നോക്കിയിരുന്നു .ആകാശത്ത് കാര്‍മേഘം ധാരാളം  ഉരുണ്ടു കൂടുന്നുണ്ടായിരുന്നു ...പെയ്ത മഴയുടെ വെളളം അപ്പോഴും റോഡിലൂടെ ഒഴുകിക്കൊണ്ടിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക