Image

വെസ്റ്റ് നയാക് സെന്റ് മേരീസ് ദേവാലയത്തില്‍ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

ജോര്‍ജ് കറുത്തേടത്ത് Published on 02 October, 2019
വെസ്റ്റ് നയാക് സെന്റ് മേരീസ് ദേവാലയത്തില്‍ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട വെസ്റ്റ് നയാക് സെന്റ് മേരീസ് യാക്കോബായ സുറിയാനി ദേവാലയത്തില്‍ പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ 5,6 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

സത്യവിശ്വാസ സംരക്ഷണത്തിനായി അന്ത്യോഖ്യാ സിംഹാസനത്തില്‍ നിന്നും ഇന്ത്യയിലേക്ക് എഴുന്നള്ളി, അനേകം പീഢകളും കഷ്ടതകളും സഹിച്ച്, മലങ്കരയില്‍തന്നെ, കോതമംഗലത്ത് മരിച്ച് കബറടക്കപ്പെട്ട ഈ പരിശുദ്ധ പിതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ വിശ്വാസികള്‍ ഏറെ പ്രത്യാശയോടെയാണ് ആഘോഷിച്ചുവരുന്നത്.

ഒക്‌ടോബര്‍ 5 (ശനി) വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്നു വികാരി വെരി റവ ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ വചനപ്രഘോഷണം നടത്തും.

ഒക്‌ടോബര്‍ 6 (ഞായര്‍) രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന് വന്ദ്യ ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തില്‍ വി. കുര്‍ബാന അര്‍പ്പണവും നടക്കും. പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ത്ഥനയുമുണ്ടായിരിക്കും.

കുര്‍ബാനാനന്തരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളുമേന്തി വിശ്വാസികള്‍ അണിനിരന്ന് നടത്തപ്പെടുന്ന ഭക്തിനിര്‍ഭരവും വര്‍ണശബളുമായ റാസ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.

പെരുന്നാള്‍ ക്രമീകരണങ്ങള്‍ ഭംഗിയായി നടത്തുന്നതിലേക്കായി വികാരി വെരി. റവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ, അസിസ്റ്റന്റ് വികാരി റവ. ഫാ. ഷിറിള്‍ മത്തായി, സജി ഇത്താക്കന്‍ (ട്രസ്റ്റി), ലിബിന്‍ ബേബി (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ പള്ളി മാനേജിംഗ് കമ്മിറ്റി വിപുലമായ ഒരുക്കങ്ങള്‍ ചെയ്തുവരുന്നു.

ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത് മാത്യു മേലേത്തും കുടുംബവുമാണ്. 12.30-നു സ്‌നേഹവിരുന്നോടെ ഈവര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക