Image

ശബരിമല വിധിക്ക് ശേഷം ഭീഷണിയുണ്ടായി; വിധിയില്‍ ഉറച്ചുനില്‍ക്കുന്നു- ജസ്റ്റിസ് ചന്ദ്രചൂഢ്

Published on 02 October, 2019
ശബരിമല വിധിക്ക് ശേഷം ഭീഷണിയുണ്ടായി; വിധിയില്‍ ഉറച്ചുനില്‍ക്കുന്നു- ജസ്റ്റിസ് ചന്ദ്രചൂഢ്

ദില്ലി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധി പ്രഖ്യാപനത്തിന് ശേഷം ഭീഷണി നേരിട്ടെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. മുംബൈയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു ഭീഷണികള്‍. ഇക്കാര്യം തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമാണ് തന്നോട് പറഞ്ഞതെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. ഭീഷണി മുഴക്കിയും മോശം പദപ്രയോഗങ്ങള്‍ അടങ്ങിയതുമായിരുന്നു സന്ദേശങ്ങള്‍. സോഷ്യല്‍ മീഡിയ ഉപയോഗിക്കേണ്ടെന്ന് അവര്‍ തന്നെ ഉപദേശിച്ചുവെന്നും ചന്ദ്രചൂഢ് പറഞ്ഞു.


ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ യുവതീ പ്രവേശനം അനുവദിച്ച വിധിയില്‍ ഇപ്പോഴും ഉറച്ച്‌ നില്‍ക്കുന്നു. യുവതികളെ അകറ്റി നിര്‍ത്തുന്ന രീതിയോട് യോജിക്കാന്‍ സാധിക്കില്ല. അവരുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. സ്വതന്ത്രമായി ആരാധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഭരണഘടന നല്‍കുന്നുണ്ടെന്നും ചന്ദ്രചൂഡ് പറഞ്ഞു.


ശബരിമല കേസുമായി ബന്ധപ്പെട്ട വിധിയില്‍ ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു അവര്‍ക്ക്. അത് താന്‍ ബഹുമാനിക്കുന്നു. എങ്ങനെയാണ് സ്ത്രീ അവകാശ വിഷയത്തില്‍ വനിതാ ജഡ്ജിക്ക് വിയോജിക്കാന്‍ സാധിക്കുക എന്ന് തന്നോട് ചിലര്‍ ചോദിച്ചു. 


പുരുഷന്‍മാര്‍ ഒരു രീതിയിലും സ്ത്രീകള്‍ മറ്റൊരു രീതിയിലും ചിന്തിക്കണമെന്നുണ്ടോ എന്നാണ് താന്‍ അവരോട് തിരിച്ചുചോദിച്ചത്. തങ്ങള്‍ പ്രൊഫഷണലുകലാണെന്നും താന്‍ അവരോട് പറഞ്ഞുവെന്നും ചന്ദ്രചൂഡ് പറഞ്ഞു.

ശബരിമല യുവതീ പ്രവേശനം അനുവദിച്ചുള്ള വിധി പ്രസ്താവിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചില്‍ ചന്ദ്രചീഢ് അടക്കം അഞ്ചംഗങ്ങളാണുണ്ടായിരുന്നത്. ശബരിമല വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചിലും ചന്ദ്രചൂഢ് അംഗമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക