Image

ജമ്മുവില്‍ വീട്ടുതടങ്കലിലുള്ള നേതാക്കള്‍ക്ക് മോചനം,​ നടപടി തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്

Published on 02 October, 2019
ജമ്മുവില്‍ വീട്ടുതടങ്കലിലുള്ള നേതാക്കള്‍ക്ക് മോചനം,​ നടപടി തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിന് തൊട്ടുപിന്നാലെ ജമ്മുവിലെ നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വീട്ടുതടങ്കല്‍ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. രണ്ട് മാസത്തിന് ശേഷമാണ് രാഷ്ട്രീയക്കാരുടെ വീട്ടുതടങ്കല്‍ അവസാനിപ്പിച്ചത്. അതേസമയം കാശ്മീര്‍ താഴ്‌വരയിലെ നേതാക്കള്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ് കഴിയുന്നത്.


വീട്ടുതടങ്കലില്‍ കഴിയുന്ന ജമ്മു നേതാക്കളെ വിട്ടയച്ചതായും അവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ മാറ്റിയതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. "അതെ, ഇപ്പോള്‍ എന്റെ നീക്കങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. ഇന്നലെ വൈകുന്നേരം ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് എന്നെ ഇക്കാര്യം അറിയിച്ചത്" നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ദേവേന്ദര്‍ റാണ പറഞ്ഞു.


സംസ്ഥാനത്തെ ബ്ലോക്ക് ഡവലപ്പ്മെന്റ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ജമ്മുവിലെ നേതാക്കളുടെ വീട്ടുതടങ്കലില്‍ അവസാനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 24 നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ അതേ ദിവസം തന്നെ നടക്കും.


ജമ്മു മേഖല സമാധാനപരമായതിനാലാണ് ഈയൊരു തീരുമാനം എടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ദേവേന്ദര്‍ സിംഗ് റാണ,​ രാമന്‍ ഭല്ല, ഹര്‍ഷ്ദേവ് സിംഗ്, ചൗധരി ലാല്‍ സിംഗ്, വികര്‍ റസൂല്‍, ജാവേദ് റാണ, സുര്‍ജിത് സിംഗ് സ്ലാതിയ, സഞ്ജദ് അഹമ്മദ് കിച്ച്‌ലൂ എന്നീ നേതാക്കളുടെ നിയന്ത്രണങ്ങളാണ് നീക്കിയത്.


ജമ്മു കാശ്മീരിലെ പ്രത്യേക പദവി അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദള്ള എന്നിവരുള്‍പ്പെടെ 400 ഓളം രാഷ്ട്രീയ നേതാക്കളെ തടങ്കലില്‍ പാര്‍പ്പിക്കുകയുംം ചെയ്തു.

ശ്രീനഗറിലെ വീട്ടില്‍ തടവിലുള്ള ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ വിചാരണ കൂടാതെ ആറ് മാസം വരെ തടങ്കലിലാക്കാന്‍ സാധിക്കുന്ന പൊതു സുരക്ഷാ ആക്‌ട് ചുമത്തിയിരുന്നു. കൂടാതെ കഴിഞ്ഞ 57 ദിവസങ്ങളായി ജമ്മു കാശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.


രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്ബോള്‍ കാശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച്‌ അവരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും തട്ടിയെടുക്കുകയാണെന്നാരോപിച്ച്‌ കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ ജാവേദ് കഴിഞ്ഞ ആഗസ്റ്റില്‍ ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തെഴുതിയിരുന്നു. അമ്മയുടെ ആരോഗ്യത്തെക്കുറിച്ച്‌ ആശങ്കയുണ്ടെന്നും അവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും അവര്‍ കത്തിലൂടെ അമിത്ഷായെ അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക