Image

പ്രളയം തകര്‍ത്ത ബഹാമാസിന് സഹായവുമായി മാസ്ക് മയാമിയും ഓറഞ്ച് വിംഗ്‌സ് ഏവിയേഷനും

അനില്‍ പെണ്ണുക്കര Published on 01 October, 2019
പ്രളയം തകര്‍ത്ത ബഹാമാസിന് സഹായവുമായി മാസ്ക് മയാമിയും ഓറഞ്ച് വിംഗ്‌സ്  ഏവിയേഷനും
 മനുഷ്യന്റെ ദുരിതങ്ങളും പ്രയാസങ്ങളും ലോകത്തിന്റെ ഏത് കോണിലും ഒരുപോലെയാണ്. അവിടെയെല്ലാം കാരുണ്യത്തിന്റെ വിരലുകള്‍ നീട്ടുന്ന ചില വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്ക് മറ്റൊരാളെ സഹായിക്കുവാന്‍ കാല ദേശ വിത്യാസങ്ങളില്ലാതെ സാധിക്കും.

കേരളത്തില്‍ പ്രളയയ ദുരന്തം ഉണ്ടായ സമയത്ത് തന്നെ ലോകത്തെ തന്നെ ദുരിതത്തിലാഴ്ത്തിയ ദുരന്തമായിരുന്നു ബഹാമസ്  ദ്വീപില്‍ ഉണ്ടായത്. ഡോറയന്‍ ചുഴലിക്കാറ്റ് പതിനായിരക്കണക്കിനാളുകളുടെ ജീവിതമാണ് ഇല്ലാതാക്കിയത്. ബഹാമസിലേക്ക് യു.എന്‍ തുടങ്ങി മറ്റു പല ഏജന്‍സികളുടയും സഹായം എത്തുന്ന അവസരത്തിലാണ് ഫ്‌ലോറിഡയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മ വലിയ സഹായങ്ങളുമായി ബഹാമസിലേക്ക് പോയത് .

 മയാമി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും  ,ഏവിയേഷന്‍ രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യമായ ഓറഞ്ച് വിംഗ് സ് ഏവിയേഷന്‍ അക്കാദമിയും  സംയുക്തമായാണ് ഈ സഹായഹസ്തം നീട്ടിയത് .  ഓറഞ്ച് വിംഗ്സ് ഏവിയേഷന്‍ അക്കാദമി മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ വിന്‍സന്റിന്റേയും മാസ്ക് ക്ലബ് രക്ഷാധികാരി നോയല്‍ മാത്യു , ജനറല്‍ സെക്രട്ടറി ജിനോ  കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ വളരെ വേഗം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നു. ബഹാമസ് പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക്  വേണ്ട സാധനങ്ങള്‍ ശേഖരിക്കുവാന്‍ തീരുമാനിക്കുകയും ഫ്‌ലോറിഡയുടെ വിവിധ ഭാഗങ്ങളില്‍ കളക്ഷന്‍ സെന്ററുകള്‍ തുടങ്ങുകയും ചെയ്തു. ഒരു വ്യക്തിയില്‍ നിന്നും ഒരു ഡോളര്‍ പോലും സ്വീകരിക്കുന്നില്ല എന്ന് തീരുമാനിക്കുകയും അതേ സമയം പ്രളയ ദുരന്തത്തിന്റെ തീവ്രത മനസിലാക്കി ആ ജനങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ മാത്രം സ്വീകരിക്കുവാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നുവെന്ന് നോയല്‍ മാത്യുവും, ജിനു കുര്യാക്കോസും വിപിന്‍ വിന്‍സന്റും ഇ-മലയാളിയോട് പറഞ്ഞു.

ഫ്‌ലോറിഡയുടെ വിവിധ ഭാഗങ്ങളില്‍ കളക്ഷന്‍ സെന്റെറുകള്‍ തുറന്നു.വിവിധ സംഘടനകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍, വ്യക്തികള്‍ എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിക്കുകയായിരുന്നു. ലോകത്തെവിടേയും മനുഷ്യന്റെ വേദനകള്‍ ഒന്നാണെന്ന വലിയ തിരിച്ചറിവില്‍ നിന്നാണ് ഏത് സഹായ ഹസ്തവും മനുഷ്യ സമൂഹത്തിന് നേരെ നീളുന്നത്. കളക്ട് ചെയ്യുന്ന സാധനങ്ങള്‍ നേരിട്ടു തന്നെ ബഹാമസില്‍ എത്തിക്കാനായിരുന്നു തീരുമാനം. ആദ്യ ഘട്ടത്തില്‍ 25000 പൗണ്ട് സാധനങ്ങള്‍ കളക്ട് ചെയ്ത് എത്തിക്കാനായിരുന്നു തീരുമാനം. അത്ഭുതമെന്ന് പറയട്ടെ 35000 പൗണ്ട് സാധനങ്ങള്‍ ആദ്യഘട്ടത്തില്‍ എത്തിക്കാന്‍ സാധിച്ചു. ആറ് തവണ പൈലറ്റ് റോസ് കപ്ലാന്‍ ബഹാമസിലേക്ക് വിമാനം പറത്തി. യു എന്‍ ,റെഡ് ക്രോസ് തുടങ്ങി നിരവധി സംഘടനകള്‍ നേതൃത്വം നല്‍കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഫ്‌ലോറിഡയിലെ മലയാളി സമൂഹത്തിനും ഒപ്പം കൂടാന്‍ സാധിച്ചു എന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് പറയുമ്പോഴും തങ്ങളെ ഏറ്റവും വിഷമപ്പെടുത്തിയത് ബഹാമസിനെ കൊടുങ്കാറ്റു വിഴുങ്ങിയ കാഴ്ചകളായിരുന്നു. നാല്‍പ്പത് മണിക്കൂറോളം തുടര്‍ച്ചയായി ഉണ്ടായ കൊടുങ്കാറ്റില്‍ എല്ലാ പച്ചപ്പുകളും ഉണങ്ങി ഇല്ലാതായ കാഴ്ച്ച അതിഭീകരമായിരുന്നു. ആ അവസ്ഥയെ അതിജീവിക്കുവാന്‍ ,ആ ജനതയ്‌ക്കൊപ്പം നില്‍ക്കുവാന്‍ ഒരു ചെറിയ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എന്നതില്‍ അഭിമാനമുണ്ടെന്ന് നോയലും, വിപിനും ,ജിനുവും ഒരേ സ്വരത്തില്‍ പറയുന്നു.

വളരെ സാധാരണ ജീവിതം നയിക്കുന്ന ഒരു സമൂഹത്തെ പ്രളയവും കൊടുങ്കാറ്റും ഇല്ലാതാക്കിയപ്പോള്‍ അവര്‍ക്ക് വേണ്ട അടിയന്തിര സഹായം എത്തിക്കുക എന്നതു മാത്രമായിരുന്നു മാസ്കി ന്റെ  ലക്ഷ്യം. ആരില്‍ നിന്നും പണം സ്വീകരിക്കാതെ സാധന സാമഗ്രികള്‍ മാത്രം സ്വീകരിക്കുകയും, അത് നേരിട്ട് എത്തിക്കുവാനും തീരുമാനിക്കുകയായിരുന്നു. തികച്ചും സൗജന്യമായി ബഹാമസില്‍ എത്തിക്കുന്ന ഉത്തരവാദിത്വം ഓറഞ്ച് വിംഗ്‌സ് ഏവിയേഷന്‍ ഏറ്റെടുത്തതോടെ എല്ലാം എളുപ്പത്തിലായി മാറി.

മയാമിയിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജം. ചില സുമനസുകളേയും, സംഘടനകളേയും ഈ അവസരത്തില്‍ സ്മരിക്കേണ്ടതുണ്ട്. മയാമി മലയാളി അസോസിയേഷന്‍ (ങങഅ ) പാം ബീച്ച് മലയാളി അസോസിയേഷന്‍, ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് കോറല്‍ സ്പ്രിംഗ്‌സ്, സെന്റ് മേരീസ് യാക്കോബായ ചര്‍ച്ച്, കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ലോറിഡ, സൗത്ത്  ഫ്‌ലോറിഡ അയ്യപ്പ ഭജന സംഘം, നന്മ ഗ്രോസറി കൂപ്പര്‍ സിറ്റി, ഡ്രം ലൗ വേഴ്‌സ് ഓഫ് ഫ്‌ലോറിഡ, റോയല്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് മയാമി. കോറല്‍ സപ്രിംഗ്‌സ് സ്‌പൈക്കേഴ്‌സ് ക്ലബ്ബ് തുടങ്ങിയ സംഘടനകളും ,ക്ലബ്ബുകളുമൊക്കെ ഈ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി സഹകരിച്ചു.

ബഹാമസിലേക്കുള്ള വിമാനയാത്രയ്ക്ക് ഫ്‌ലോറിഡ ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് വികാരി ഫാ.ജോണ്‍സ്റ്റി പച്ചക്കൊടി വീശി .മാസ്ക് രക്ഷാധികാരി നോയല്‍ മാത്യു, ഓറഞ്ച് വിംഗ് സ് ഏവിയേഷന്‍ സി ഇ ഒ വിപിന്‍ വിന്‍സന്റ് ,മാസ്ക് സെക്രട്ടറി ജിനോ കുര്യാക്കോസ്, നിധേഷ് ജോസഫ്, അജിത് വിജയന്‍ ,ജോബി കൊറ്റം, ജോഷി ജോണ്‍, മനോജ് കുട്ടി, ഷെന്‍സി മാണി, അജി വര്‍ഗീസ്, വിഷ്ണു, ചാര്‍ളി പൊറത്തൂര്‍, രഞ്ചിത്ത് രാമചന്ദ്രന്‍ , സുധീഷ് പി.കെ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.ഫോമാ ആര്‍ വി പി ബിജു തോന്നിക്കടവില്‍ ,ഫൊക്കാനാ വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തില്‍ ഫഌഗ് ഓഫ് ചടങ്ങില്‍  സന്നിഹിതരായിരുന്നു

പ്രളയം തകര്‍ത്ത ബഹാമാസിന് സഹായവുമായി മാസ്ക് മയാമിയും ഓറഞ്ച് വിംഗ്‌സ്  ഏവിയേഷനും
പ്രളയം തകര്‍ത്ത ബഹാമാസിന് സഹായവുമായി മാസ്ക് മയാമിയും ഓറഞ്ച് വിംഗ്‌സ്  ഏവിയേഷനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക