Image

ചന്ദ്രശേഖരന്റെ വധം: ഗുണകരമായത് യുഡിഎഫിനെന്ന് പിണറായി

Published on 08 May, 2012
ചന്ദ്രശേഖരന്റെ വധം: ഗുണകരമായത് യുഡിഎഫിനെന്ന് പിണറായി
തൃശൂര്‍: ചന്ദ്രശേഖരന്റെ കൊലപാതകം ഗുണം ചെയ്തത് യുഡിഎഫിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ പ്രസ് ക്ളബ്ബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

അഞ്ചാം മന്ത്രി പ്രശ്നവും ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളും യുഡിഎഫിന്റെ മുഖം നഷ്ടപ്പെടുത്തിയിരിക്കുകയായിരുന്നു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ എന്ന രീതിയിലാണ് സിപിഎമ്മിനെതിരെ ആരോപണമുയരുന്നത്. കൊലപാതകികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തിയിട്ടും സൂചനകള്‍ ലഭിച്ചിട്ടും പോലീസ് ഇതുവരെ ആരെയും കസ്റഡിയിലെടുത്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രശേഖരന്റെ വീട്ടില്‍ പോകുന്നതില്‍ സിപിഎമ്മിന് മടിയില്ല. എന്നാല്‍ സിപിഎമ്മുകാര്‍ വരേണ്ടെന്നും വന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ പറഞ്ഞിരുന്നു. ഇത് അവഗണിച്ച് പോയി പ്രശ്നമുണ്ടായാല്‍ എന്തിന് പോയി എന്ന് പിന്നീട് ചോദ്യമുയരുമെന്നും പിണറായി പറഞ്ഞു. ചന്ദ്രശേഖരന്റെ മരണത്തില്‍ സിപിഎമ്മിന് ഒരു കുറ്റബോധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ അതിരുവിട്ട കളിക്ക് കോണ്‍ഗ്രസും ഭരണകൂടവും തയാറെടുക്കുന്നുവെന്നതിന്റെ സൂചനയാണ് പാര്‍ട്ടിയുടെ ബൂത്ത് കമ്മറ്റി നടക്കുന്നിടത്തേക്ക് പോലീസെത്തിയതെന്ന് പിണറായി പറഞ്ഞു. ഇത്തരത്തില്‍ കാര്യങ്ങള്‍ നീക്കാനാണ് ഉദ്ദേശ്യമെങ്കില്‍ അത് വകവെയക്കില്ലെന്നും എല്‍ഡിഎഫ് ഇതിനു വഴങ്ങില്ലെന്നും പിണറായി പറഞ്ഞു. മുല്ലപ്പെരിയാര്‍ റിപ്പോര്‍ട്ട് കേരളത്തിനെതിരാണ്. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് കേരളം സ്വീകരിക്കണം. ഇതിന് തയാറാകാതെ കെ.ടി. തോമസിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ് പ്രശ്നത്തില്‍ നിന്ന് വഴുതിമാറാനാണ് മന്ത്രിമാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക