Image

അതിര്‍ത്തിയില്‍ വന്‍ ആയുധശേഖരവുമായി എത്തിയ ട്രക്ക്‌ പിടിച്ചെടുത്തു; 3 തീവ്രവാദികള്‍ അറസ്റ്റില്‍

Published on 12 September, 2019
അതിര്‍ത്തിയില്‍ വന്‍ ആയുധശേഖരവുമായി എത്തിയ ട്രക്ക്‌ പിടിച്ചെടുത്തു; 3 തീവ്രവാദികള്‍ അറസ്റ്റില്‍
ശ്രീനഗര്‍: വന്‍ ആയുധ ശേഖരവുമായി 3 തീവ്രവാദികള്‍ പിടിയില്‍. ജമ്മു കശ്‌മീര്‍- പഞ്ചാബ്‌ അതിര്‍ത്തിക്കടുത്ത്‌ ലഖാന്‍പൂരില്‍വെച്ചാണ്‌ ഇവരെ ജമ്മു കശ്‌മീര്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്യുന്നത്‌. 

ഇവരില്‍ നിന്ന ആറ്‌ എകെ 47 തോക്കുകളും ട്രക്കില്‍ കടത്താന്‍ ശ്രമിച്ച ആയുധങ്ങളും പിടികൂടിയിട്ടുണ്ട്‌. ഇവര്‍ക്ക്‌ ജെയ്‌ഷെ മുഹമ്മദ്‌ ബന്ധമുണ്ടെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.

ട്രക്കില്‍ ആയുധങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ 3 തീവ്രവാദികള്‍ പിടിയിലായതായി പോലീസ്‌ വൃത്തങ്ങള്‍ വ്യക്തമാക്കിയെന്ന്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. 

രാവിലെ എട്ട്‌ മണിയോടെയാണ്‌ ജമ്മു-പത്താന്‍കോട്ട്‌ ഹൈവേയിലൂടെ കടന്നുപോയ ട്രക്ക്‌ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയത്‌. പരിശോധനയില്‍ 6 എകെ 47 തോക്കുകള്‍ പിടികൂടുകയായിരുന്നുവെന്ന്‌ ജമ്മു കശ്‌മീര്‍ ഐജി മകേഷ്‌ സിംഗ്‌ വ്യക്തമാക്കി. ട്രക്ക്‌ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തു.

കശ്‌മീരില്‍ നിന്നും പഞ്ചാബിലെ ബാമിയാല്‍ മേഖല ലക്ഷ്യം വെച്ചാണ്‌ ട്രക്ക്‌ പോയതെന്നാണ്‌ സൂചന. അറസ്റ്റിലായ മൂന്ന്‌ പേര്‍ കശ്‌മീര്‍ സ്വദേശികളാണെന്നാണ്‌ വിവരം. 

ഇവരെ ചോദ്യം ചെയ്‌ത്‌ വരികയാണെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി. കശ്‌മീരില്‍ വന്‍ ആക്രമണത്തിന്‌ തീവ്രവാദികള്‍ ലക്ഷ്യം വയ്‌ക്കുന്നുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്‌ താഴ്വരയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക