Image

ചീഫ്‌ സെക്രട്ടറിയെ മരട്‌ ഫ്‌ളാറ്റുടമകള്‍ തടഞ്ഞു; ഗോ ബാക്ക്‌ വിളിയുമായി വന്‍ പ്രതിഷേധം

Published on 09 September, 2019
ചീഫ്‌ സെക്രട്ടറിയെ മരട്‌ ഫ്‌ളാറ്റുടമകള്‍ തടഞ്ഞു; ഗോ ബാക്ക്‌ വിളിയുമായി വന്‍ പ്രതിഷേധം

കൊച്ചി: മരട്‌ ഫ്‌ളാറ്റ്‌ പൊളിച്ചുനീക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. ഫ്‌ളാറ്റ്‌ സന്ദര്‍ശിക്കാനെത്തിയ ചീഫ്‌ സെക്രട്ടറിയെയും ജില്ലാ കളക്ടറെയും ഫ്‌ളാറ്റുടമകള്‍ തടഞ്ഞു. ഗോ ബാക്ക്‌ വിളികളുമായി ഫ്‌ളാറ്റുടമകള്‍ രംഗത്തുവരികയായിരുന്നു. 

പൊളിച്ചുനീക്കാനുള്ള തീരുമാനത്തിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്‌ ഫ്‌ളാറ്റുടമകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‌ ഉടമകള്‍ കത്തയച്ചിട്ടുണ്ട്‌.

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ്‌ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട്‌ നല്‍കിയതെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പുതിയ റിട്ട്‌ ഹര്‍ജി ഫയല്‍ ചെയ്‌തത്‌. ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചതിലെ നിയമലംഘനം പരിശോധിക്കാനാണ്‌ സമിതിയെ നിയോഗിച്ചത്‌.

സര്‍ക്കാരും നഗരസഭയും സുപ്രീം കോടതിയെ സൃത്യമായി കാര്യങ്ങള്‍ ധരിപ്പിച്ചിട്ടില്ല. അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസക്കാരുണ്ടെന്ന്‌ ആരും സുപ്രീം കോടതിയെ ധരിപ്പിച്ചില്ല. 

ഫ്‌ളാറ്റ്‌ പൊളിക്കുന്നത്‌ ഏത്‌ വിധേനയും പ്രതിരോധിക്കും. സര്‍ക്കാരും നഗരസഭയും ഇപ്പോഴും യാതൊരുവിധ സഹായവും നല്‍കുന്നില്ലെന്നും ഫ്‌ളാറ്റുടമകള്‍ ആരോപിക്കുന്നു.

അതേസമയം, ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള കോടതി നിര്‍ദേശവുമായി മുന്നോട്ടുപോകുമെന്ന്‌ ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ അറിയിച്ചു. കോടതിവിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്‌.

 ഫ്‌ളാറ്റുകളിലെ താമസക്കാരെ പുനരധിവസിപ്പിക്കുമെന്നും ചീഫ്‌ സെക്രട്ടറി വ്യക്തമാക്കി. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്ന്‌ നഗരസഭാ ചെയര്‍പേഴ്‌സണും അറിയിച്ചു. നടപടിക്ക്‌ എല്ലാ പിന്തുണയും നല്‍കുമെന്ന്‌ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക