Image

39 ബില്യണ്‍ തരില്ല: യൂറോപ്യന്‍ യൂണിയനോട് ബോറിസ് ജോണ്‍സണ്‍

Published on 26 August, 2019
39 ബില്യണ്‍ തരില്ല: യൂറോപ്യന്‍ യൂണിയനോട് ബോറിസ് ജോണ്‍സണ്‍

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനു ബ്രിട്ടന്‍ നല്‍കാനുള്ള കുടിശികയായ മുപ്പത്തൊന്പതു ബില്യണ്‍ യൂറോ നല്‍കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രെക്‌സിറ്റ് വച്ച് യൂറോപ്യന്‍ യൂണിയന്‍ കളിക്കുന്ന കളികള്‍ക്കുള്ള ശിക്ഷയാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കരാറോടെ അംഗത്വം ഉപേക്ഷിച്ചാലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് ഇത്രയും തുക നല്‍കേണ്ടി വരുന്നത്. അതേസമയം, കരാറില്ലാതെയാണ് പിന്‍മാറ്റമെങ്കില്‍ ഒന്പതു ബില്യണ്‍ മാത്രം നല്‍കിയാല്‍ മതിയാകും. ബ്രെക്‌സിറ്റ് പിന്‍മാറ്റ കരാര്‍ കീറിയെറിയുന്നതിനു തുല്യമായ നിലപാടാണ് ജോണ്‍സണ്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.

മുന്‍ പ്രധാനമന്ത്രി തെരേസ മേയുടെ കാലത്ത് രൂപീകരിച്ച ബില്‍ താന്‍ നിരാകരിക്കുകയാണെന്ന് ജി7 ഉച്ചകോടിയിലാണ് ജോണ്‍സണ്‍ വ്യക്തമാക്കുന്നത്. ഇത് ഏഴു ബില്യനായി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു.

പോര്‍ക്ക് പൈ, കോളിഫ്‌ളവര്‍, ഷവര്‍ ട്രേ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ വ്യാപാര നികുതിയുടെ പേരില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ജോണ്‍സണ്‍ താക്കീത് ചെയ്തു. 

ഇതിനിടെ, കരാറോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പിന്‍മാറാനുള്ള സാധ്യത വിരളമാണെന്നും അദ്ദേഹം പറഞ്ഞു. കരാറില്ലാത്ത ബ്രെക്‌സിറ്റിനുള്ള സാധ്യത പത്തു ലക്ഷത്തിലൊന്നാണെന്നാണ് അദ്ദേഹം മുന്‍പു പറഞ്ഞിട്ടുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക