Image

ഫ്രഞ്ച്‌ തെരഞ്ഞെടുപ്പിലെ അന്തിമ യുദ്ധം മേയ്‌ ആറിന്‌; അധികാരത്തില്‍ കണ്ണുനട്ട്‌ ഹോളണ്ടെ

ജോസ്‌ കുമ്പിളുവേലില്‍ Published on 05 May, 2012
ഫ്രഞ്ച്‌ തെരഞ്ഞെടുപ്പിലെ അന്തിമ യുദ്ധം മേയ്‌ ആറിന്‌; അധികാരത്തില്‍ കണ്ണുനട്ട്‌ ഹോളണ്ടെ
പാരീസ്‌: ഫ്രഞ്ച്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ രണ്‌ടാം ഘട്ടം മേയ്‌ ആറിന്‌ (ഞായര്‍) നടക്കും. ആദ്യ ഘട്ടത്തില്‍ നേടിയ വിജയത്തിന്റെ മാറ്റ്‌ രണ്‌ടാം ഘട്ടത്തില്‍ വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയില്‍ സോഷ്യലിസ്റ്റ്‌ സ്ഥാനാര്‍ഥി ഫ്രാങ്കോയിസ്‌ ഹോളണ്‌ടെ. പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍ക്കോസിയുടെ നില പരുങ്ങലില്‍ തന്നെയെന്നാണ്‌ ഏറ്റവും ഒടുവിലത്തെ അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്‌.

തെരഞ്ഞെടുപ്പ്‌ പ്രചാരണം വെള്ളിയാഴ്‌ചയോടെ അവസാനിച്ചു. സെന്‍ട്രിസ്റ്റ്‌ പ്രതിനിധി ഫ്രാങ്കോ ബെയ്‌റോ പ്രഖ്യാപിച്ച പിന്തണയും ഹോളണ്‌ടെയുടെ കരുത്ത്‌ വര്‍ധിപ്പിക്കുന്നു. ഇടതുപക്ഷ പരിപാടികള്‍ നടപ്പാക്കാന്‍ തനിക്കു കരുത്തു പകരണമെന്നാണ്‌ വോട്ടര്‍മാരോട്‌ ഹോളണ്‌ടെ അഭ്യര്‍ഥിച്ചിരിക്കുന്നത്‌.

യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രിക്കുന്ന ചെലവു ചുരുക്കല്‍ രാഷ്‌ട്രീയത്തോട്‌ വ്യക്തമായ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നതാണ്‌ ഹോളണ്‌ടെയുടെ നിലപാടുകള്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ ചെലവുചുരുക്കല്‍ നടപടികള്‍ റദ്ദാക്കുമെന്നും വളര്‍ച്ച പുഷ്‌ടിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്‌ട്‌. ചെലുവുചുരുക്കല്‍ നടപടികളുടെ പരാജയം സ്‌പെയ്‌നില്‍ വ്യക്തമായതും അദ്ദേഹത്തിന്റെ വാദങ്ങള്‍ കൂടുതല്‍ പ്രസക്തമാക്കുന്നു.

അതേസമയം, വഴി ഇനിയും അടഞ്ഞിട്ടില്ലെന്നാണ്‌ സര്‍ക്കോസിയുടെ വിശ്വാസം. എന്നാല്‍, അഭിപ്രായ വോട്ടെടുപ്പുകള്‍ പ്രകാരം, ഹോളണ്‌ടെയെക്കാള്‍ അഞ്ചു മുതല്‍ ഏഴു പോയിന്റ്‌ വരെ പിന്നിലാണ്‌ അദ്ദേഹം ഇപ്പോള്‍. ആനിലയ്‌ക്ക്‌ നിലവിലെ പ്രസിഡന്റ്‌ നിക്കോളാസ്‌ സാര്‍കോസിയുടെ അവസാന പ്രതീക്ഷയും അസ്‌തമിച്ചതായിട്ടാണ്‌ വിലയിരുത്തല്‍. സര്‍ക്കോസിയുടെ കാബിനറ്റില്‍ അംഗമായിരുന്നിട്ടുള്ള ബെയറോ പരസ്യമായി ഹോളണ്‌ടിനെ പിന്തുണച്ചത്‌ സര്‍ക്കോസിയുടെ പതനം ഉറപ്പാക്കാനാണ്‌ സാധ്യത.
ഫ്രഞ്ച്‌ തെരഞ്ഞെടുപ്പിലെ അന്തിമ യുദ്ധം മേയ്‌ ആറിന്‌; അധികാരത്തില്‍ കണ്ണുനട്ട്‌ ഹോളണ്ടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക