Image

പങ്കാളിയുടെ അക്കൗണ്ട് ചോര്‍ത്തിയെന്ന ആരോപണം നാസ അന്വേഷിക്കുന്നു

Published on 25 August, 2019
പങ്കാളിയുടെ അക്കൗണ്ട് ചോര്‍ത്തിയെന്ന ആരോപണം നാസ അന്വേഷിക്കുന്നു
വാഷിങ്ടണ്‍: ബഹിരാകാശത്തുവെച്ച് നടന്നതായി ആരോപിക്കപ്പെടുന്ന ആദ്യ കുറ്റകൃത്യം യു.എസ് ബഹിരാകാശ ഏജന്‍സി നാസ അന്വേഷിക്കുന്നു. യു.എസ് ബഹിരാകാശ യാത്രിക ആന്‍ മക്‌ക്ലൈന്‍, തന്‍െറ പങ്കാളിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍വെച്ച് അനധികൃതമായി പരിശോധിച്ചെന്ന പരാതിയാണ് അന്വേഷിക്കുന്നത്.

സ്വവര്‍ഗ ദമ്പതികളായ ആനും സമ്മര്‍ വേര്‍ഡനും തമ്മില്‍ അകന്നുകഴിയുകയാണ്. ആന്‍ തന്‍െറ ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്ന വിവരം മനസ്സിലാക്കി ഈ വര്‍ഷം ആദ്യത്തിലാണ് വേര്‍ഡന്‍ ഫെഡറല്‍ ട്രേഡ് കമീഷന്‍ (എഫ്.ടി.സി) മുമ്പാകെ പരാതിയുമായെത്തിയതെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നാസയിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫിസില്‍ വേര്‍ഡന്‍െറ കുടുംബം മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്.

അതേസമയം, ആന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് അവരുടെ വക്കീല്‍ റുസ്റ്റി ഹാര്‍ഡിന്‍ പറഞ്ഞു. ദമ്പതികളുടെ പൊതു സാമ്പത്തിക കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിന്‍െറ ഭാഗമായുള്ള നടപടി മാത്രമാണിത്.

ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങിയ ശേഷം നടന്നിരുന്നതാണിതെന്നും റുസ്റ്റി പറഞ്ഞു. അന്വേഷണത്തിന്‍െറ ഭാഗമായി രണ്ടു വനിതകളുമായും നാസ അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം, തന്‍െറ പരാതിയില്‍ എഫ്.ടി.സി പ്രതികരിച്ചിട്ടില്ലെന്ന് വേര്‍ഡന്‍ പറഞ്ഞു. ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ജൂണിലാണ് ആന്‍ തിരിച്ചെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക