കോഴിക്കോട്: ഒഞ്ചിയത്തെ റവല്യൂഷണറി
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനൈ വെട്ടിക്കൊന്നതു
ഏഴംഗ സംഘമെന്നു പോലീസ്. ഇതില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലായി.
കസ്റ്റഡിയിലായവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ല. പ്രതികള്‍ക്കു
സൗകര്യമേര്‍പ്പെടുത്തിക്കൊടുത്തവരാണ് ഇവര്‍. അക്രമികള്‍ക്ക് കാര്‍
വാടകയ്ക്ക് നല്‍കിയ കാര്‍ ഉടമ നവീന്‍ദാസ്, ബന്ധു റിജേഷ്, കാര്‍
അക്രമിസംഘത്തിന് നല്‍കിയെന്ന് കരുതുന്ന ഹാരിസ് എന്നിവരാണ് പിടിയിലായത്.
അതേസമയം, ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഏഴു പേരേയും പോലീസ്
തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. ഒരു കൊലക്കേസില്‍ പ്രതിയായ റഫീഖ് എന്നയാളാണ്
കാര്‍ വാടകയ്‌ക്കെടുത്തത്. അക്രമികള്‍ ഉപയോഗിച്ച കെഎല്‍ 58ഡി 8144 നമ്പര്‍
ഇന്നോവ കാര്‍ മാഹിക്കടുത്ത് ചൊക്ലിയില്‍ നിന്നാണ് കണ്‌ടെത്തിയത്.
അതേസമയം, ചന്ദ്രശേഖരന് ഇന്നലെ വന്ന അവസാനഫോണ്‍ കോള്‍ അന്വേഷണത്തില്‍
നിര്‍ണായകമാകുമെന്നാണ് സൂചന. വിവാഹച്ചടങ്ങില്‍ നിന്ന് വീട്ടിലേക്കു മടങ്ങിയ
ചന്ദ്രശേഖരന്‍ പതിവ് വഴിക്കല്ല പോയതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
ചന്ദ്രശേഖരന്‍ വഴിമാറി യാത്ര ചെയ്തതും അവസാന ഫോണ്‍കോളും തമ്മില്‍
ബന്ധമുണെ്ടന്ന സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്.