Image

പ്രളയപ്പരപ്പിലും സ്‌നേഹതുരുത്തുകള്‍ 2018ല്‍ ജൈസല്‍, ഇത്തവണ നൗഷാദ് (കുര്യന്‍ പാമ്പാടി)

Published on 17 August, 2019
പ്രളയപ്പരപ്പിലും സ്‌നേഹതുരുത്തുകള്‍ 2018ല്‍ ജൈസല്‍, ഇത്തവണ നൗഷാദ് (കുര്യന്‍ പാമ്പാടി)
മലബാറിലേക്കുള്ള തിരുവിതാംകൂര്‍ കുടിയേറ്റത്തിന്റെ നൂറാം വാര്‍ഷികം (2020) അടുക്കുമ്പോള്‍ മലബാറിനെ പിടിച്ചുലച്ച പ്രളയ ദുരന്തങ്ങളില്‍ നൂറിലേറെപ്പേര്‍ മരണമടഞ്ഞെങ്കിലും പേമാരിക്കും മണ്ണിടിച്ചിലും ഇടയില്‍ അവിടവിടെ കണ്ട സ്‌നേഹത്തുരുത്തുകള്‍ ഈദ് ദിനത്തില്‍ വൈറല്‍ ആയി.

എറണാകുളത്ത് ബ്രോഡ്!വേ വഴിയോരത്ത് ഈദ് വില്‍പ്പനക്കു വച്ചിരുന്ന റെഡിമേഡ് വസ്ത്രങ്ങള്‍ അപ്പാടെ ദുരിതബാധിതര്‍ക്കു ദാനം ചെയ്ത കെ.പി. നൗഷാദാണ് അവരില്‍ ഒരാള്‍. സോഷ്യല്‍ മീഡിയയില്‍  നൗഷാദിന്റെ കൊച്ചുകടയുടെ മുമ്പില്‍ കെട്ടിയിരുന്ന ബാനറില്‍ കണ്ട റെജിപോളിന്റെ ഫോണിലേക്കു തുരുതുരെ ഫോണ്‍ വിളികള്‍. നൗഷാദിന്റെ നമ്പരിനായി.

ബ്രോഡ്‌വേയില്‍ സഹായം ശേഖരിച്ചുകൊണ്ടിരുന്ന സന്നദ്ധ പ്രവര്‍ത്തകരെ അങ്ങോട്ട് ചെന്ന് വിളിച്ച് വരുത്തി എനിക്കും ചിലതു തരാറുണ്ട് എന്ന് പറയുകയായിരുന്നു മാലിപ്പുറം സ്വദേശിയായ നൗഷാദ്.  പാന്റും ഷര്‍ട്ടും നൈറ്റിയും കുട്ടിയുടുപ്പും നാലഞ്ച് ചാക്കു നിറയെ വാരിക്കോരി അദ്ദേഹം നല്‍കി. ''ഈ കൊടുക്കുന്നതാണെന്റെ ലാഭം,''എന്നൊക്കെ നൗഷാദ് അവരോടു ആവര്‍ത്തിച്ച് പറഞ്ഞു.

സന്നദ്ധഭടന്മാരില്‍ ഒരാള്‍ എല്ലാം മൊബൈലില്‍ പകര്‍ത്തി അപ്‌ലോഡ് ചെയ്തു. അങ്ങിനെയാണ് നൗഷാദിനെപ്പറ്റി ലോകം അറിയുന്നത്. നൗഷാദിനു ഇരിക്കപ്പൊറുതി ഇല്ലാതായി. കഴിഞ്ഞവര്‍ഷവും അയാള്‍ ഇങ്ങിനെ ഉടുപ്പുകള്‍ ദാനം ചെയ്തിരുന്നു. അന്നാരും ഗൗനിച്ചില്ല. ഇത്തവണ ശരിക്കും താരമായി. മന്ത്രിമാരും  മമ്മൂട്ടി, ജയസൂര്യ, ആസിഫ് അലി തുടങ്ങിയ അഭിനേതാക്കളും ജില്ലാ കളക്ടര്‍ എസ്. സുഹാസും വിളിച്ചു.

കഴിഞ്ഞ വര്‍ഷത്തെ ആസുര പ്രളയത്തില്‍ വെള്ളത്തില്‍ നിന്ന് ചവിട്ടിക്കയറാന്‍ സ്വന്തം ചുമല്‍ താഴ്ത്തി മുങ്ങികക്കിടന്ന മലപ്പുറം താനൂരിലെ മല്‍സ്യതൊഴിലാളി കെ.പി. ജൈസലിനെപ്പോലെ നൗഷാദും ഒറ്റദിവസം കൊണ്ട് ആഗോള പ്രശസ്തനായി. ഔട്ട്‌ലുക് മാസിക നൗഷാദിന്റെ കാരിക്കേച്ചര്‍ വരച്ചു. ദുബായിയില്‍  ഒരു കലാകാരന്‍ പലനിറമുള്ള തുണിശകലങ്ങള്‍കൊണ്ട് അയാളുടെ മുഖത്തിനു ചായം തേച്ചു. ദുബായിയിലെ സ്‌കോട്ടിഷ് ഗായകന്‍ സാജ് സാബ്രി പാട്ടെഴുതി പാടി. എല്ലാം വൈറല്‍.

കേരളം പരക്കെ ശക്തമായ മഴപെയ്‌തെങ്കിലും മഴക്കെടുതി ഏറ്റവും ഉഗ്രമായി പ്രഹരിച്ചത് മലപ്പുറം, വയനാട് ജില്ലകളെയാണ്. മലപ്പുറത്ത് നിലമ്പൂരിനടുത്ത് കവളപ്പാറയിലും വയനാട്ടില്‍ മേപ്പാടിക്കടുത്ത് പുത്തുമലയിലും വീടുകള്‍ നിറഞ്ഞ  മലയോരങ്ങള്‍ കുത്തിയൊലിച്ച് താഴേക്ക് പതിച്ചു. നാല്‍പതോളം അടി ഉയര്‍ന്ന മണ്ണിനടിയില്‍ നിന്ന് ജനങ്ങളെ കണ്ടെത്താന്‍ നിരവധി മണ്ണുമാന്തി യന്ത്രങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും എളുപ്പമായില്ല.

മലപ്പുറത്ത് കുത്തിയൊലിച്ച് പോയത് വെട്ടാന്‍ പാകമാകാത്ത റബര്‍ തോട്ടമാനെകില്‍ വയനാട്ടില്‍ തേയിലത്തോട്ടമാണ്. രണ്ടിടത്തും ധാരാളം താമസക്കാര്‍. റബര്‍തോട്ടത്തിനു മുകളില്‍ പുതിയ നഴ്‌സറി ഒരുക്കുന്നതിനായി ഏറെസ്ഥലം ഇടിച്ച് നിരത്തി തയ്യാറാക്കിയിരുന്നു. പേമാരി അതിനുള്ളിലേക്ക് പെയ്തിറങ്ങി എല്ലാം കുത്തിയൊലിപ്പിച്ചു കൊണ്ടുപോയെന്നു വ്യക്തം.

എന്താണ് ഈ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലും കാരണം? മലമ്പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാറമടകളിലെ സ്‌ഫോടനം ഒരു കാരണമാകാമെന്നു വിദഗ്ധര്‍. ലൈസന്‍സുള്ളതും അല്ലാത്തതുമായ നൂറുകണക്കിന് പാറ മടകള്‍ പശ്ചിമഘട്ട മലനിരകളെ കാര്‍ന്നു തിന്നുന്നുവെന്നാണ് ആരോപണം. അതിനു പുറമെ മലയോരങ്ങളിലും മലമുകളിലും തുറന്ന റിസോര്‍ട്ടുകളും ദോഷം ചെയ്യുന്നു. ചില മലകളില്‍ വാട്ടര്‍ തീം പാര്‍ക്കുകള്‍ വരെയുണ്ട്. അവക്ക് വേണ്ടി കൃത്രിമ തടാകങ്ങളും.

സംസ്ഥാനത്ത് 750 കരിങ്കല്‍ ക്വാറികള്‍ക്കാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ 2015 ല്‍ ഗവര്‍മെന്റ് ആവശ്യപ്പെട്ടതനുസരിച്ച് കേരള ഫോറസ്‌ററ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ സജീവവും അല്ലാത്തതുമായ 5924 പാറമടകള്‍ ഉണ്ടെന്നു കണ്ടെത്തി. ഗാഡ്ഗില്‍ കമ്മിറ്റി 2011ല്‍ കേന്ദ്രത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 2016ഓടെ പരിസ്ഥിതി ലോലപ്രദേശത്തെ ഖനനം പൂര്‍ണമായി അവസാനിപ്പിക്കണമെന്നും പുതുതായി ആര്‍ക്കും അനുമതി നല്‍കരുതെന്നും നിര്‍ദേശിച്ചിരുന്നു. ഒന്നും നടപ്പായില്ല.

കഴിഞ്ഞ വര്‍ഷമുണ്ടായ അഭൂതപൂര്‍വമായ പ്രളയത്തെ തുടര്‍ന്ന് ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുള്ള സംസ്ഥാനത്തിന്റെ മുന്‍കരുതലുകള്‍ ഇത്തവണ കുറെയൊക്കെ പ്രയോജനം ചെയ്തുവെന്നത് നേരാണ്. സെക്രട്ടറിയേറ്റില്‍ സീനിയര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റിയും ജില്ലകളില്‍ തത്തുല്യമായ സംവിധാനങ്ങളും പ്രവര്‍ത്തിച്ചു. ദുരന്തജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കു മന്ത്രിമാര്‍ നേരിട്ട് ചുമതല വഹിച്ചു. എന്നാല്‍ മുമ്പ് പ്രഖ്യാപിച്ച പലദുരന്തനിവാരണ പരിപാടികളും പാതിവഴിയിലെത്തി നില്‍ക്കുന്നു.
 
കേരളമൊട്ടാകെ സജീവമായി നിന്ന സര്‍ക്കാരിതര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് ഏറെ ശ്രദ്ധപിടിച്ചു പറ്റിയത്. നാട്ടുകാരോടൊപ്പം സ്കൂള്‍, കോളജ്, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. സാമൂഹ്യമാധ്യമങ്ങളിലെ കൂട്ടായ്മകള്‍ ഇവരെയെല്ലാം ഒരുക്കൂട്ടുന്നതില്‍ വലിയ പങ്കു വഹിച്ചു എന്നതും സമ്മതിക്കണം.

മലപ്പുറത്തെ കവളപ്പാറയില്‍ പുറത്തെടുത്ത മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം  ചെയ്യാന്‍ മൂന്നുകി.മീ. അടുത്തുള്ള ഒരു മുസ്ലിം പള്ളി തുറന്നു കൊടുത്തത് മതസൗഹാര്‍ദത്തിന്റെ മകുടോദാഹരണം. താലൂക്ക് ആശുപത്രിവരെ പോകാന്‍ 45 കി.മീ.  കൊണ്ടുപോകേണ്ടിയിരുന്നു. വയനാട്ടില്‍ മുത്തങ്ങ വനത്തിനടുത്ത് പൊന്‍കുഴിയില്‍ സീതാരാമ ക്ഷേത്രം ശുചീകരിക്കുന്നതിനു ഹിന്ദുക്കളോടൊപ്പം മുസ്ലിംകളും ഒന്നിച്ചുനിന്നു. കണ്ണൂരില്‍ ശ്രീകണ്ഠാപുരത്ത് ക്ഷേത്രം ശുചീകരിക്കാന്‍ മുസ്ലിംകളും മോസ്ക് ശുചീകരിക്കാന്‍ ഹിന്ദുക്കളും സഹകരിച്ചു.
 
കേരളത്തെ സഹായിക്കാന്‍ ജപ്പാനിലെ നിഹോം കൈരളി അംഗങ്ങള്‍ രംഗത്തിറങ്ങി എന്നതാണ് ഏറ്റവും ഒടുവിലത്തെ സന്തോഷ വാര്‍ത്ത. 2018ല്‍ അവര്‍ 35 ലക്ഷത്തിന്റെ സഹായം സമാഹരിച്ചിരുന്നു.  നിഹോമിനെ പ്രതിനിധീകരിച്ചു സുരേഷ് ലാലും രമണിലാലും ചേര്‍ന്നാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.   ഇത്തവണ ബാബു കോശി , നീന ശക്തി, ജിജോ ശിവന്‍, ബാബു അബുബക്കര്‍, പ്രശാന്ത് പൂയത്ത് എന്നിവരടങ്ങുന്ന കോര്‍ കമ്മിറ്റിയാണ് സഹായം ഒരുക്കൂട്ടുന്നത്. യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെ അഞ്ഞൂറു  പേരുണ്ട് അംഗങ്ങള്‍. ജപ്പാനില്‍ ഏകദേശം 1200 മലയാളികള്‍ ജോലി ചെയ്യുന്നു. 


പ്രളയപ്പരപ്പിലും സ്‌നേഹതുരുത്തുകള്‍ 2018ല്‍ ജൈസല്‍, ഇത്തവണ നൗഷാദ് (കുര്യന്‍ പാമ്പാടി)പ്രളയപ്പരപ്പിലും സ്‌നേഹതുരുത്തുകള്‍ 2018ല്‍ ജൈസല്‍, ഇത്തവണ നൗഷാദ് (കുര്യന്‍ പാമ്പാടി)പ്രളയപ്പരപ്പിലും സ്‌നേഹതുരുത്തുകള്‍ 2018ല്‍ ജൈസല്‍, ഇത്തവണ നൗഷാദ് (കുര്യന്‍ പാമ്പാടി)പ്രളയപ്പരപ്പിലും സ്‌നേഹതുരുത്തുകള്‍ 2018ല്‍ ജൈസല്‍, ഇത്തവണ നൗഷാദ് (കുര്യന്‍ പാമ്പാടി)പ്രളയപ്പരപ്പിലും സ്‌നേഹതുരുത്തുകള്‍ 2018ല്‍ ജൈസല്‍, ഇത്തവണ നൗഷാദ് (കുര്യന്‍ പാമ്പാടി)പ്രളയപ്പരപ്പിലും സ്‌നേഹതുരുത്തുകള്‍ 2018ല്‍ ജൈസല്‍, ഇത്തവണ നൗഷാദ് (കുര്യന്‍ പാമ്പാടി)പ്രളയപ്പരപ്പിലും സ്‌നേഹതുരുത്തുകള്‍ 2018ല്‍ ജൈസല്‍, ഇത്തവണ നൗഷാദ് (കുര്യന്‍ പാമ്പാടി)പ്രളയപ്പരപ്പിലും സ്‌നേഹതുരുത്തുകള്‍ 2018ല്‍ ജൈസല്‍, ഇത്തവണ നൗഷാദ് (കുര്യന്‍ പാമ്പാടി)പ്രളയപ്പരപ്പിലും സ്‌നേഹതുരുത്തുകള്‍ 2018ല്‍ ജൈസല്‍, ഇത്തവണ നൗഷാദ് (കുര്യന്‍ പാമ്പാടി)പ്രളയപ്പരപ്പിലും സ്‌നേഹതുരുത്തുകള്‍ 2018ല്‍ ജൈസല്‍, ഇത്തവണ നൗഷാദ് (കുര്യന്‍ പാമ്പാടി)
Join WhatsApp News
josecheripuram 2019-08-17 23:00:05
I saw the kindness of people.I did not see any kindness of the `Authorities?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക