Image

പാകിസ്ഥാന് മുന്നറിയിപ്പായി ഇന്ത്യയുടെ ആണവായുധ നയംമാറ്റ സൂചന (ശ്രീനി)

Published on 16 August, 2019
പാകിസ്ഥാന് മുന്നറിയിപ്പായി ഇന്ത്യയുടെ ആണവായുധ നയംമാറ്റ സൂചന (ശ്രീനി)
സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഭാവിയില്‍ ഇന്ത്യയുടെ ആണവായുധ നയം മാറാമെന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന അപ്രതീക്ഷിതമായിരുന്നു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കൂടുതല്‍ ഇടര്‍ച്ചയിലായ പാകിസ്ഥാനുള്ള ശക്തമായ മുന്നറിയിപ്പായി ഈ നയംമാറ്റ സൂചനയെ കണക്കാക്കാം. ""ആണവശക്തിയുള്ള രാജ്യമാണ് ഇന്ത്യ. ആദ്യം പ്രയോഗിക്കില്ല എന്ന പ്രമാണമാണു രാജ്യത്തിനുള്ളത്. ഇതുവരെയും ആ പ്രമാണം മുറുകെപ്പിടിച്ചു. എന്നാല്‍, ഭാവിയില്‍ ഇങ്ങനെ തന്നെ ആയിരിക്കുമോ എന്നു പറയാനാകില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ആണവനയത്തില്‍ മാറ്റം വരാം...''രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഇതോടെ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഇന്ത്യ. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഒന്നാം ചമര വാര്‍ഷികത്തോടനുബന്ധിച്ച് രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പൊഖ്‌റാനിലായിരുന്നു ഇന്ത്യ രണ്ടു തവണയും ആണവ പരീക്ഷണം നടത്തിയത്. രാജ്സ്ഥാനിലെ ജയ്‌സാല്‍മീര്‍ മുനിസിപ്പാലിറ്റിയില്‍ പെട്ട പൊഖ്‌റാനില്‍ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1974ല്‍ ആണവപരീക്ഷണ നിലയം സ്ഥാപിച്ചു. കരസേനയുടെ കീഴിലാണ് ഈ നിലയം പ്രവര്‍ത്തിക്കുന്നത്. 1974 മേയ് 18 രാവിലെ ഇന്ത്യന്‍ സമയം 08.05നായിരുന്നു ആദ്യ ആണവ പരീക്ഷണം. ഐക്യ രാഷ്ട്ര സഭയിലെ അഞ്ച് സ്ഥിരാംഗങ്ങളല്ലാതെ മറ്റൊറൊരു രാജ്യം അണുപരീക്ഷണം നടത്തുന്നത് ആദ്യമായായിരുന്നു. ബോംബിന്റെ പ്രഹരശേഷി എട്ട് കിലോടണ്‍ ആയിരുന്നു. "ബുദ്ധന്‍ ചിരിക്കുന്നു' അഥവാ "ഓപ്പറേഷന്‍ സ്‌മൈലിങ് ബുദ്ധ' എന്ന പേരിലായിരുന്നു ഈ പരീക്ഷണം.

ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണമാണ് "ഓപ്പറേഷന്‍ ശക്തി' അഥവാ "പൊഖ്‌റാന്‍-2'. ഇതില്‍ അഞ്ച് ആണവായുധ പരീക്ഷണങ്ങളാണ് നടത്തിയത്. 1998 മേയ് 11നും 13നുമായിരുന്നു പരീക്ഷണങ്ങള്‍. അഞ്ചില്‍ ആദ്യത്തേത് ഫ്യൂഷന്‍ ബോംബും ബാക്കി നാലെണ്ണം ഫിഷന്‍ ബോംബും ആയിരുന്നു. 12 കിലോടണ്‍ പ്രഹരശേഷിയുള്ളതായിരുന്നു ആദ്യ പരീക്ഷണം. രണ്ടാമത്തേത് 43 കിലോടണ്‍ ശേഷിയുള്ളതും. അതായത് ഹിരോഷിമയില്‍ വര്‍ഷിച്ച ബോംബിന്റെ മൂന്നിരട്ടി പ്രഹരശേഷിയുള്ളതായിരുന്നു രണ്ടാമത്തെ പരീക്ഷണം. മറ്റ് മൂന്ന് പരീക്ഷണങ്ങളും ഒരു കിലോ ടണ്ണിനേക്കാള്‍ കുറവ് പ്രഹരശക്തിയുള്ളതായിരുന്നു.

അതേസമയം, വാജ്‌പേയിയുടെ അന്ത്യവിശ്രമ സ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം രാജ്‌നാഥ് സിങ് പൊഖ്‌റാനിലെ ആണവപരീക്ഷണങ്ങള്‍ നടത്തുന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത് ഇന്തയുടെ ആണവനയംമാറ്റത്തിന്റെ ഗൗരവത്തെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണത്തിനിടെ പാക്കിസ്ഥാന്റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളെ വിമര്‍ശിച്ച് ഇന്ത്യന്‍ കരസേന രംഗത്തുവന്നിരുന്നു. കശ്മീര്‍ വിഷയം ഐക്യരാഷ്ട്രരക്ഷാസമിതി പരിഗണിക്കാനിക്കെ, ലോകരാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുന്നത്. കശ്മീര്‍ ഒരു പ്രശ്‌നബാധിത പ്രദേശമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണിതെന്നും ഇന്ത്യന്‍ സൈന്യം ആരോപിക്കുന്നു. ജമ്മുകശ്മീരിന്റെ ഭരണഘടനപദവി എടുത്തുകളഞ്ഞത് ചോദ്യം ചെയ്ത് പാക്കിസ്ഥാന്‍ നല്‍കിയ അപേക്ഷയിലാണ് യു.എന്‍ രക്ഷാസമിതി ചര്‍ച്ച ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുകയും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതോടെ, പാക്കിസ്ഥാന് നില്‍ക്കക്കള്ളിയില്ലാതായിരിക്കുന്നു. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കാന്‍ ഇന്ത്യ ഒരുങ്ങുവെന്നതാണ് പാക്കിസ്ഥാന്റെ ഭയപ്പാടിന് കരണം. തീവ്രവാദികളെ വിന്യസിപ്പിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ പറ്റിയ താവളമാണ് പാക് അധീന കാശ്മീര്‍. ഈ പ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ  അവസരത്തിലും ഇന്ത്യ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യ, പാക് അധീന കശ്മീര്‍ ആക്രമിക്കാന്‍ പദ്ധതിയിടുകയാണെന്നും അന്ത്യം വരെ പോരാടുമെന്നുമാണ് ഇമ്രാന്‍ ഖാന്റെ നിലപാട്.

ഇതിനിടെ മൂന്ന് സേനകളെയും ഒരു മേധാവിയുടെ കീഴില്‍ കൊണ്ടുവരുമെന്നുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തിനും വലിയ പ്രാധാന്യമുണ്ട്. ഇന്ത്യ ഇപ്പോള്‍ വികസ്വര രാഷ്ട്രമല്ലെന്നും ചൈനയെ പോലെ ഭീമന്‍ സാമ്പത്തിക ശക്തിയാണെന്നുമുള്ള അമേരിക്കന്‍ നിലപാടിന് പിന്നാലെയാണ്, 73-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. "ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്' (സി.ഡി.എസ്) എന്നതാണ് കര, നാവിക, വ്യോമ സേനാ വിഭാഗങ്ങളെ ഏകോപിപ്പിക്കാനുള്ള പുതിയ മേധാവിയുടെ പദവി. ഇന്ത്യന്‍ സൈനിക സംവിധാനത്തിലെ കാതലായ മാറ്റമാണിത്.

സേനയുടെ നവീകരണമടക്കമുള്ള ചുമതലയായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനുണ്ടാവുക. 1999ലെ കാര്‍ഗില്‍ യുദ്ധത്തിനു ശേഷമാണ് മൂന്നു സൈനിക നേതൃത്വങ്ങളെയും ഏകോപിപ്പിച്ച് ചീഫ് ഡിഫന്‍സ് സ്റ്റാഫ് വേണമെന്ന ആവശ്യം ശക്തമായിരുന്നത്. കാര്‍ഗിലില്‍ പാക്കിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ മേഖലകളില്‍ നുഴഞ്ഞുകയറിയ ശേഷമാണ് ഇന്ത്യ ഇക്കാര്യം അറിഞ്ഞത്. വലിയ വീഴ്ച്ചയായിരുന്നു ഈ സംഭവം. കാര്‍ഗില്‍ യുദ്ധ  സമയത്ത് മൂന്നു സേനാ വിഭാഗങ്ങളുടെയും ഏകോപനവും പ്രധാന പ്രശ്‌നമായിരുന്നു. 2001ല്‍ കേന്ദ്ര മന്ത്രിസഭാ ഉപസമിതിയും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് വേണമെന്ന ആവശ്യം ഉന്നയിക്കുകയുണ്ടായി. എന്നാല്‍ തീരുമാനം ചുവപ്പ് നാടയില്‍ തന്നെ കുരുങ്ങികിടക്കുകയായിരുന്നു. 20 വര്‍ഷത്തിനു ശേഷമാണിപ്പോള്‍ ആ സുപ്രധാന തീരുമാനം മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അധ്യക്ഷനായ പ്രതിരോധ ആസൂത്രണ സമിതിയാണ് പ്രധാനമന്ത്രിക്ക് സൈനിക കാര്യങ്ങളില്‍ ഉപദേശം നല്‍കുന്നത്. മൂന്നു സേന മേധാവിമാരും സമിതിയില്‍ അംഗങ്ങളാണ്. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരാണു ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ പദവിയില്‍ നിയമിതരാവുന്നത്. ഇവര്‍ക്കാകട്ടെ യുദ്ധ തന്ത്രങ്ങള്‍ വശമില്ലതാനും. ഈ കുറവ് പരിഹരിക്കാനാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് നിയമിക്കപ്പെടുന്നത്. ഇദ്ദേഹം പ്രധാനമന്ത്രിയുമായി നിരന്തരം നടത്തുന്ന ആശയ വിനിമയത്തിലൂടെ അതിര്‍ത്തി പ്രശ്‌നങ്ങളില്‍ അതിവേഗത്തില്‍ തീരുമാനങ്ങളെടുക്കാനാവും. ഇത് കൂടുതല്‍ കാര്യക്ഷ്മമായ ഏകോപനത്തിലേക്ക് കാര്യങ്ങളെത്തിക്കും. ഇതോടെ സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണം പ്രധാനമന്ത്രിക്ക് കീഴില്‍ വരും. ഇതും പാക്കിസ്ഥാനുള്ള വ്യക്തമായ സന്ദേശം തന്നെയാണ്.

എന്നാല്‍ സി.ഡി.എസ് അല്ല, രാഷ്ട്രപതി തന്നെയാണ് ഇന്ത്യയുടെ സര്‍വസൈന്യാധിപന്‍. രാജ്യത്തിന്റെ ഭരണനേതൃത്വത്തിനും സേനാവിഭാഗങ്ങള്‍ക്കും ഇടയിലെ ഏറ്റവും സുപ്രധാന കണ്ണിയാണ് സി.ഡി.എസ്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് ഫൈവ് സ്റ്റാര്‍ മിലിട്ടറി ഓഫീസറുടെ പദവിയായിരിക്കും ഉണ്ടായിരിക്കുക. സേനാ വിന്യാസം, നവീകരണം, ഓപ്പറേഷന്‍ അടക്കമുള്ളവയിലെല്ലാം അവസാനവാക്ക് സി.ഡി.എസിന്റേതായിരിക്കും. പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഇനി സേനാവിവരങ്ങളെക്കുറിച്ചറിയാന്‍ മൂന്നു സേനാ മേധാവികളെ കാണേണ്ടിവരില്ല. എല്ലാ വിവരങ്ങളും സി.ഡി.എസില്‍ നിന്നു തന്നെ പെട്ടെന്ന് ലഭിക്കും. ഓരോ സേനാ വിഭാഗത്തില്‍ നിന്നും മാറി മാറിയായിരിക്കും ചീഫ് ഡിഫന്‍സ് സ്റ്റാഫിന്റെ നിയമനം.

 എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിന വാര്‍ഷികം ആഘോഷിച്ച ഘട്ടത്തില്‍ സൈനികമായും സാമ്പത്തികമായും ഇന്ത്യ കൈവരിച്ച വലിയ മുന്നേറ്റം അഭിമാനാര്‍ഹമാണ്. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി, യു.കെ, ഫ്രാന്‍സ് എന്നിവയാണ് ലോകത്തെ പ്രധാന സാമ്പത്തിക ശക്തികള്‍ . 2017ല്‍ തന്നെ ഫ്രാന്‍സിനെ പിന്തള്ളി ആറാം സ്ഥാനത്ത് ഇന്ത്യ എത്തിയിരുന്നു. ഈ കുതിപ്പ് ഇപ്പോഴും തുടരുകയുമാണ്. സൈനിക കരുത്തില്‍ നാലാമത്തെ വലിയ ശക്തിയാണ് ഇന്ത്യ. ആയുധ ശേഷിയുടെ പട്ടികയിലും വലിയ മുന്നേറ്റമാണ് സമീപകാലത്ത് ഇന്ത്യ നടത്തിയിരിക്കുന്നത്. കരസേനയുടെ അംഗബലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പാക്കിസ്ഥാനാകട്ടെ വളരെ പിന്നില്‍ പതിമൂന്നാം സ്ഥാനത്ത് മാത്രമാണുള്ളത്. സൈനിക അംഗസംഖ്യയില്‍ ഒന്നാമത് ചൈനയാണെങ്കിലും തന്ത്രങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ആര്‍ക്കും പിന്നിലല്ല.

ഇന്ത്യന്‍ കരസേനക്ക് 13,62,500 സൈനികരാണുള്ളത്. ഏഴ് കമാന്‍ഡര്‍മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കരസേന രാജ്യത്തെ മൊത്തം സൈനിക ശേഷിയുടെ 80 ശതമാനത്തോളം വരും. മിഗ് 29, മിറാഷ്, സുഖോയ്, ബോയിംഗ്, ജാഗ്വാര്‍ തുടങ്ങി ലോകത്തില്‍ മുന്‍പന്തിയുള്ള എല്ലാ യുദ്ധവിമാനങ്ങളും ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തായുണ്ട്. ഫ്രാന്‍സിന്റെ റഫേല്‍ യുദ്ധവിമാനങ്ങളും ഇന്ത്യന്‍ സേനയുടെ ഭാഗമാകും. ലോകത്തെ നമ്പര്‍ വണ്‍ അറ്റാക്കിങ് ഹെലിക്കോപ്റ്ററായ അപ്പാച്ചെയുമെത്തിയിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനക്കുള്ള 2,102 വിമാനങ്ങളില്‍ 676 എണ്ണവും യുദ്ധവിമാനങ്ങളാണ്. മിഗ്, ദ്രുവ്, ഡോര്‍ണിയര്‍ തുടങ്ങി ജര്‍മ്മന്‍, ഇസ്രയേല്‍ യുദ്ധവിമാനങ്ങളെല്ലാം വ്യോമസേനയുടെ ഭാഗമാണ്. 1,40,000 സൈനികരാണ് വ്യോമസേനക്കുള്ളത്. 137 യുദ്ധക്കപ്പലുകളും 223 യുദ്ധവിമാനങ്ങളും അടങ്ങുന്ന ഇന്ത്യന്‍ നാവികസേനയുടെ പകുതിയോളം ശേഷി മാത്രമാണ് പാകിസസ്ഥാനുള്ളത്. 15 മുങ്ങിക്കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് എപ്പോഴും എന്തിനും സുസജ്ജമായി നില്‍ക്കുന്നു.

ഇതിന് പുറമെ അതിര്‍ത്തി രക്ഷാ സേന, തീരസേന എന്നിവയെല്ലാമുണ്ട്. ഇസ്രയേലില്‍ നിര്‍മ്മിച്ച 218 ആളില്ലാ യുദ്ധവിമാനങ്ങള്‍ ഇപ്പോഴും അതിര്‍ത്തിരക്ഷാ സേനയുടെ കുന്തമുനയാണ്. കടുത്ത പ്രഹരശേഷിയുള്ള റഷ്യയുടെ 400 ട്രയംഫും ഇന്ത്യ സ്വന്തമാക്കാന്‍ പോകുന്ന കരുത്താണ്. ഇന്ത്യന്‍ സൈന്യം ആക്രമണത്തിനല്ല പ്രതിരോധത്തിനാണ് ഇതുവരെ ഊന്നല്‍ നല്‍കിയിരുന്നത്. ചൈനക്കും പാക്കിസ്ഥാനുമെതിരെപ്പോലും പ്രകോപനവും ആക്രമണവും ആരംഭിച്ചശേഷം മാത്രമാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയിരുന്നത്. എന്നാല്‍ ചീഫ് ഡിഫന്‍സ് സ്റ്റാഫ് അടക്കമുള്ള സംവിധാനവും കാര്യക്ഷമതയും വര്‍ധിക്കുന്നതോടെ നിര്‍ണയിക്കുന്ന സ്ഥലത്ത് മിന്നല്‍ ആക്രമണം നടത്താനുള്ള കൂടുതല്‍ ബലം ഇന്ത്യന്‍ സൈന്യത്തിന് സ്വന്തമാവും.

Join WhatsApp News
josecheripuram 2019-08-17 11:34:13
I always wondered why we spend so much money on defense budgets,if we don't use it.How many times we were the victims of terrorists.Our planes were Hijacked,we gave up  the terrorists to release the Plane.Every year how many of our soldiers are killed at the border.There has to be an end to a dispute it can't go for ever.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക