Image

ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അംഗീകരിക്കുന്നില്ലെന്ന്‌ ഹൈറേഞ്ച്‌ സംരക്ഷണ സമിതി

Published on 16 August, 2019
 ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അംഗീകരിക്കുന്നില്ലെന്ന്‌ ഹൈറേഞ്ച്‌ സംരക്ഷണ സമിതി
ഇടുക്കി:പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും കേരളത്തില്‍ രണ്ടാം തവണയും പ്രളയമുണ്ടായത്‌ കാലാവസ്ഥ വ്യതിയാനം മൂലമാണെന്നും ഹൈറേഞ്ച്‌ സംരക്ഷണസമിതി. 

പശ്ചിമഘട്ടത്തിലെ മനുഷ്യ ഇടപെടലും സര്‍ക്കാരിന്റെ അനാസ്ഥയുമാണ്‌ പ്രളയത്തിന്റെ കാരണമെന്നായിരുന്നു ഗാഡ്‌ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌. എന്നാല്‍ ഇത്‌ മാധവ്‌ ഗാഡ്‌ഗിലിന്റെ ഇടുക്കിക്കാരോടുള്ള പകപോക്കലാണെന്നാണ്‌ സമിതിയുടെ ആരോപണം.

മാധവ്‌ ഗാഡ്‌ഗിലിനെതിരെ 2013ല്‍ എടുത്ത നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. വിദേശ രാജ്യങ്ങളായ ഓസ്‌ട്രേലിയയിലും ബ്രസീലിലും പ്രളയമുണ്ടായത്‌ പശ്ചിമഘട്ടം നിമിത്തമാണോ എന്നും സമിതി ചോദിക്കുന്നു. 

പശ്ചിമഘട്ടത്തില്‍ മനുഷ്യ ഇടപെടലല്ല ആഗോളതാപനമാണ്‌ കാരണം. ഇതേ കാരണത്താലാണ്‌ ഓസ്‌ട്രേലിയയിലും ബ്രസീലിലും പ്രളയമുണ്ടായത്‌.

കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും, പ്രളയ ദുരന്തമുണ്ടായ സാഹചര്യത്തില്‍ ഗാഡ്‌ഗില്‍ സമിതി റിപ്പോര്‍ട്ടിന്‌ അനുകൂലമായി നടപടികള്‍ എടുക്കാത്തതിനെതിരെ മാധവ്‌ ഗാഡ്‌ഗിലും രംഗത്തെത്തിയിരുന്നു. 

എന്നാല്‍ കേരളത്തിലെ പ്രളയത്തിന്‌ കാരണം മനുഷ്യ ഇടപെടല്‍ നിമിത്തം പശ്ചിമഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങളല്ലെന്ന്‌ ആവര്‍ത്തിക്കുകയാണ്‌ ഹൈറേഞ്ച്‌ സംരക്ഷണ സമിതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക