ശ്രീനഗര്‍: ജമ്മു കാഷ്മീരിലേക്കുള്ള ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ച് വയനാട് എംപി രാഹുല്‍ ഗാന്ധി. കാഷ്മീരിലേക്കു വരാനും സ്ഥിതിഗതികള്‍ മനസിലാക്കാനും രാഹുല്‍ ഗാന്ധിക്ക് വിമാനം അയച്ചു തരാമെന്ന ഗവര്‍ണറുടെ വാഗ്ദാനത്തോടു പ്രതികരിക്കുകയായിരുന്നു രാഹുല്‍.
ജമ്മു കാഷ്മീരും ലഡാക്കും സന്ദര്‍ശിക്കാനുള്ള നിങ്ങളുടെ മഹനീയ ക്ഷണം ഞാനും ഒരു കൂട്ടം പ്രതിപക്ഷ നേതാക്കളും ഏറ്റെടുക്കുന്നു. ഞങ്ങള്‍ക്ക് വിമാനത്തിന്റെ ആവശ്യമില്ല. എന്നാല്‍ അവിടെ കുടുങ്ങിക്കിടക്കുന്ന മുഖ്യധാരാ നേതാക്കളേയും ഞങ്ങളുടെ സൈനികരേയും കാണാനായി യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്- രാഹുല്‍ ട്വീറ്റ് ചെയ്തു.
കാഷ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ജമ്മു കാഷ്മീരില്‍ അക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നു രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനു മറുപടി പറയവെയാണ് കാഷ്മീരിലെ പ്രശ്നങ്ങളെ കുറിച്ചും അക്രമങ്ങളെ കുറിച്ചും സംസാരിക്കുന്നതിന് മുന്‍പ് ഇവിടെ വന്ന് കാര്യങ്ങള്‍ നിരീക്ഷിക്കൂ എന്ന് ഗവര്‍ണര്‍ രാഹുലിനോട് ആവശ്യപ്പെട്ടത്. വേണമെങ്കില്‍ ഒരു വിമാനം അയച്ചു തരാമെന്നും ഗവര്‍ണര്‍ വാഗ്ദാനം ചെയ്തു.
പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി ജമ്മു കാഷ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം എംഎല്‍എ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ കാഷ്മീരിലെത്തിയ സീതാറാം യെച്ചൂരിയെയും ഡി. രാജയെയും വിമാനത്താവളത്തില്‍ സുരക്ഷാ സേന തടഞ്ഞുവച്ചിരുന്നു. കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരുമായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്.