Image

ഉരുള്‍പൊട്ടല്‍ സാധ്യതാ പഠനം; കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്ന റിപ്പോര്‍ട്ട്‌ ഇപ്പോഴും സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്‌ റവന്യൂമന്ത്രി

Published on 12 August, 2019
ഉരുള്‍പൊട്ടല്‍ സാധ്യതാ പഠനം; കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്ന റിപ്പോര്‍ട്ട്‌ ഇപ്പോഴും സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്‌ റവന്യൂമന്ത്രി
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലുള്ള 701 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്ന ജിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യയുടെ വിദഗ്‌ദ്ധ സമിതി റിപ്പോര്‍ട്ട്‌ ഫ്രീസറില്‍. 

ഇപ്പോള്‍ ഉരുല്‍പൊട്ടല്‍ ദുരന്തമുണ്ടായ എണ്‍പതോളം പ്രദേശങ്ങളിലെ മിക്ക കുടുംബങ്ങളുടെയും വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്‌. സംസ്ഥാന ദുരന്ത ലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശ ഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ ഏതു തരം സ്ഥലങ്ങളില്‍ വീട്‌ വയ്‌ക്കാം എന്നത്‌ സംബന്ധിച്ച്‌ 2018ല്‍ ഉണ്ടായ മഹാ പ്രളയശേഷം ആരംഭിച്ച പഠനത്തിലാണ്‌ ഈ കണ്ടെത്തല്‍.

പഠനം പൂര്‍ത്തിയായിട്ടില്ല. പ്രകൃതി ദുരന്ത സാദ്ധ്യതാ പ്രദേശങ്ങളിലുള്ളവരെ അടിയന്തിരമായി മാറ്റി പാര്‍പ്പിക്കണമെന്നായിരുന്നു ഇടക്കാല റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. എന്നാല്‍, റിപ്പോര്‍ട്ട്‌ ഇപ്പോഴും സര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ്‌ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചത്‌.

 മലയോര മേഖലയില്‍ വീട്‌ നിര്‍മ്മിക്കുന്നതിന്‌ തെരഞ്ഞെടുക്കുന്ന സ്ഥലം ജില്ലാ ജിയോളോജിസ്റ്റോ തദ്ദേശ സ്വയംഭരണ സ്ഥാപന എന്‍ജിനിയറോ പ്രത്യേക പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പഠനത്തില്‍ കണ്ടെത്തിയ സ്ഥലത്തിന്റെ പ്രത്യേകതകള്‍ ഒരു അപേക്ഷയില്‍ രേഖപ്പെടുത്തണം.

ഈ വിവരങ്ങള്‍ സര്‍ക്കാര്‍ തലത്തിലോ, ദുരന്ത നിവാരണ അതോറിട്ടിയോ അംഗീകരിച്ചാല്‍ മാത്രമേ നിര്‍മ്മാണാനുമതി നല്‍കാവൂയെന്നും സമിതി നിര്‍ദേശിക്കുന്നു. മലയോര മേഖലകളില്‍ കെട്ടിട നിര്‍മ്മാണത്തിന്‌ നിയന്ത്രണം കൊണ്ടുവരണമെന്നും സമിതി നിര്‍ദേശിച്ചിരുന്നു.

 എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതില്‍ വീഴ്‌ച വരുത്തിയിട്ടുണ്ടെന്നാണ്‌ കവളപ്പാറ, മുത്തപ്പന്‍ മല, കോട്ടക്കുന്ന്‌, വയനാട്‌ പുത്തുമലയിലെ അടക്കം ഉരുള്‍പൊട്ടലുകള്‍ കാണിക്കുന്നത്‌. 

കഴിഞ്ഞവര്‍ഷം കരിഞ്ചേലമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 13 പേരാണ്‌ മരിച്ചത്‌. പ്രളയത്തില്‍ 483 പേരും മരിച്ചിരുന്നു.

ഒരു വര്‍ഷം പിന്നിട്ടിട്ടും ദുരന്തസാധ്യത സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ എടുത്തതല്ലാതെ തുടര്‍ നടപടികളുണ്ടായില്ല. ജനങ്ങള്‍ ഇത്തരം പ്രദേശങ്ങളില്‍ തന്നെ താമിസിച്ചതാണ്‌ വീണ്ടും ദുരന്തങ്ങളില്‍പ്പെടാന്‍ കാരണം. 

കഴിഞ്ഞ പ്രളയത്തിന്‌ ശേഷം സര്‍ക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളും പുനര്‍ നിര്‍മ്മാണവുമെല്ലാം അഭിനന്ദനാര്‍ഹമാണെങ്കിലും പ്രളയാനന്തര മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ വീഴ്‌ച വരുത്തിയെന്നാണ്‌ ഭൗമശാസ്‌ത്രജ്ഞരുടെ വിലയിരുത്തല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക