Image

രൂപ ഇടിഞ്ഞുതന്നെ പ്രവാസികള്‍ക്കു നേട്ടം

Published on 06 August, 2019
രൂപ ഇടിഞ്ഞുതന്നെ പ്രവാസികള്‍ക്കു നേട്ടം
അപ്രതീക്ഷിതമായി രൂപയുടെ മൂല്യം കുറഞ്ഞത് പ്രവാസികള്‍ക്ക് ഗുണകരമായി. മിക്ക എക്‌സ്‌ചേഞ്ചുകളിലും പണമയയ്ക്കാന്‍ എത്തിയവരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. ദിര്‍ഹത്തിന് 19.23 രൂപവരെ ചില എക്‌സ്‌ചേഞ്ചുകള്‍ നല്‍കി. ഈ സ്ഥിതിവിശേഷം അടുത്തയാഴ്ച വരെ തുടര്‍ന്നേക്കുമെന്നു ജോയി ആലുക്കാസ് എക്‌സ്‌ചേഞ്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റണി ജോസ് പറഞ്ഞു.

മാസത്തിലെ രണ്ടാമത്തെ ആഴ്ചയുടെ അവസാനമാണ് ഇപ്പോള്‍  കൂടുതല്‍ പേര്‍ പണമയയ്ക്കുന്നത് എന്നതിനാല്‍ വിനിമയ നിരക്കിലെ വ്യതിയാനത്തിന്റെ നേട്ടമെടുക്കാന്‍ പലര്‍ക്കും അവസരം നല്‍കുന്നു. ധാരാളം പേര്‍ ഇന്നലെ പണമയച്ചെന്ന് കരാമ എമിറേറ്റ്‌സ് എക്‌സ്‌ചേഞ്ച് മാനേജര്‍ കെ.വി റിയാസ് പറഞ്ഞു. ഒറ്റയടിക്ക് ഇത്രത്തോളം വ്യത്യാസം വരുമെന്ന് കരുതിയില്ലെന്ന് ദുബായ് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി ബിനീഷ് അഭിപ്രായപ്പെട്ടു.

മാസങ്ങള്‍ക്കു ശേഷമാണ് ഇത്ര  വ്യത്യാസം ഒറ്റയടിക്ക് ഉണ്ടായതെന്നും അതു കൊണ്ടു തന്നെ തിരക്ക് ഏറെയായിരുന്നെന്നും ലുലു വില്ലേജിലെ യുഎഇ എക്‌സ്‌ചേഞ്ച് ശാഖാ മാനേജര്‍ എം.കെ. സുഭീഷ് പറഞ്ഞു. രൂപയുടെ മൂല്യം ഒറ്റയടിക്ക് 25 പൈസയോളം താഴ്ന്നതിന് യുഎസ്സിലെയും ഇന്ത്യയിലെയും ഓഹരി വിപണിയിലെ ഇടിവും റിസര്‍വ് ബാങ്ക് ഇന്ത്യയില്‍ ഇനിയും പലിശ നിരക്ക് കുറച്ചേക്കുമെന്ന അഭ്യൂഹവും കാരണമായെന്ന് ഐഎംബിസി സിഇഒയും എംഡിയുമായ സജിത് കുമാര്‍ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക