Image

ഫാസ്റ്റ് ട്രാക്ക് കോടതി 56,000 കുടുംബങ്ങളുടെ കേസുകള്‍ തീരുമാനിച്ചു (ഏബ്രഹാം തോമസ്)

Published on 04 August, 2019
ഫാസ്റ്റ് ട്രാക്ക് കോടതി 56,000 കുടുംബങ്ങളുടെ കേസുകള്‍ തീരുമാനിച്ചു (ഏബ്രഹാം തോമസ്)
അനധികൃത കുടിയേറ്റ കുടുംബങ്ങളുടെ വിചാരണ നീണ്ടുപോകുകയും തീര്‍പ്പ് കല്‍പിക്കാന്‍ വൈകുകയുമാണെന്ന പരാതിക്ക് മറുപടിയുണ്ടായിരിക്കുന്നു. യു.എസിലെ 10 നഗരങ്ങളില്‍ ആരംഭിച്ച അതിവേഗ കോടതികള്‍ 56,000 കുടുംബങ്ങളുടെ കേസുകളില്‍ 2018 സെപ്റ്റംബര്‍ മുതല്‍ 2019 ജൂണ്‍ വരെയുള്ള കാലയളവില്‍ തീര്‍പ്പ് കല്‍പിച്ചു.

ഇവരില്‍ ഭൂരുഭാഗത്തിനും ഒരു ആശ്വാസത്തിനു യോഗ്യതയില്ല, തിരിച്ചയയ്ക്കുവാനുള്ള ഓര്‍ഡറുകളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത് - ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ ഓഫ് ദി എക്‌സിക്യൂട്ടീവ് ഓഫീസ് ജെയിംസ് ഹെന്റി തേര്‍ഡ് പറഞ്ഞു. ഇമിഗ്രേഷന്‍ കോടതികള്‍ ഫാസ്റ്റ് ട്രാക്കിലൂടെ കേസുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീരുമാനിക്കുകയാണെന്നു ഇദ്ദേഹം ഒരു മെമ്മോയില്‍ എഴുതി.

കുടിയേറ്റക്കാരുടെ രാഷ്ട്രീയാഭയ അപേക്ഷ ആറു മാസത്തില്‍ കൂടുതല്‍ തീര്‍പ്പാകാതെ കിടക്കുകയാണെങ്കില്‍ അവര്‍ക്ക് താത്കാലികമായി യു.എസില്‍ ജോലി ചെയ്യുവാന്‍ നിയമപരമായി അനുവാദം ലഭിക്കും. ഫാസ്റ്റ് ട്രാക്കിലൂടെ ഈ അവസരം നിഷേധിച്ച് കഴിയുന്നതുംവേഗം കേസുകള്‍ തീര്‍പ്പാക്കിയാല്‍ കുടിയേറ്റക്കാര്‍ അമേരിക്കയില്‍ ദീര്‍ഘകാലം വസിക്കുകയും അങ്ങനെ ഇവിടെ ബന്ധങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുകയും ചെയ്യാം എന്ന് അധികൃതര്‍ കരുതുന്നു. ഇവരുടെ ശിശുക്കള്‍ യു.എസില്‍ ജനിച്ചാല്‍ അവര്‍ക്ക് (ശിശുക്കള്‍ക്ക്) സ്വാഭാവികമായും പൗരത്വം ലഭിക്കും. ഇത് ഒഴിവാക്കാനുമാണ് നീക്കം. ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ബാള്‍ട്ടിമോര്‍ തുടങ്ങി ലോസ്ആഞ്ചലസ് തുടങ്ങിയ 10 കേന്ദ്രങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ കേന്ദ്രങ്ങളിലെ കുടിയേറ്റ കുടുംബങ്ങളുടെ കേസുകള്‍ ഏറ്റെടുത്ത് തീര്‍പ്പാക്കുകയാണ് അതിവേഗ കോടതികള്‍. ഒരു കുടിയേറ്റ കുടുംബത്തിലെ അംഗമായ റോസിറ്റ ലോപ്പസിന്റെ കഥ ഇങ്ങനെയാണ്- അവരും പങ്കാളിയും ചേര്‍ന്ന് ഗോട്ടിമാലന്‍ തീരത്ത് ഒരു ചെറിയ ഗ്രോസറി കട നടത്തിവരുകയായിരുന്നു. ആയുധധാരികളായ ഒരു സംഘം ആളുകള്‍ ഒരു ദിവസം കടയില്‍ വന്ന് പണം ആവശ്യപ്പെട്ടു. പണം നല്‍കാനാവാത്തതിനാല്‍ റോസിറ്റയുടെ പങ്കാളിയെ വെടിവെച്ചു. തങ്ങള്‍ക്കുള്ളതെല്ലാം വിറ്റുപെറുക്കി ഒരു വയസുള്ള മകളേയും എടുത്ത് റോസിറ്റയും പങ്കാളിയും വടക്കോട്ട് (യു.എസിലേക്ക്) തിരിച്ചു. കഴിഞ്ഞവര്‍ഷം യു.എസ്- മെക്‌സിക്കോ അതിര്‍ത്തിയിലെത്തി.ഗര്‍ഭിണിയായിരുന്ന റോസിറ്റ ഒരു ആണ്‍കുട്ടിക്ക് അമേരിക്കന്‍ അതിര്‍ത്തിക്കുള്ളില്‍ വെച്ച് ജന്മം നല്‍കി. ഇപ്പോള്‍ ഒരു വര്‍ഷത്തിനുശേഷം ഒരു ഇമിഗ്രേഷന്‍ ജഡ്ജ് ലോസ് ആഞ്ചലസില്‍ അവരുടെ കേസ് കേട്ടു. അവരുടെ അഭയാപേക്ഷ നിരസിക്കുകയും അവരെ നാടു കടത്താന്‍ ഉത്തരവിടുകയും ചെയ്തു.

തനിക്ക് തിരിച്ചുപോകാന്‍ ഭയമാണെന്ന അവരുടെ അപേക്ഷ ജഡ്ജ് സ്വീകരിച്ചില്ല. സാധാരണഗതിയില്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന കേസ് വളരെവേഗം തീരുമാനിക്കപ്പെട്ടു. ഇമിഗ്രേഷന്‍ അഭിഭാഷകര്‍ സാധാരണ പരാതിപ്പെടുക കേസുകള്‍ കോടതിയിലെത്താന്‍ നീണ്ട കാത്തിരിപ്പ് ആവശ്യമാണെന്നതാണ്. ഇപ്പോള്‍ റോസിറ്റയുടേതുപോലുള്ള കേസുകളില്‍ അവരുടെ പരാതി വിചാരണയും തീര്‍പ്പ് കല്‍പിക്കലും അതിവേഗത്തിലായതിനാല്‍ തങ്ങള്‍ക്ക് കേസുകള്‍ പഠിക്കാനോ, ഐസിന്റെ കൈവശമുള്ള വിവരങ്ങള്‍ പരിശോധിക്കുവാനോ അവസരം ലഭിക്കുന്നില്ല എന്നതാണ്. റോസിറ്റയുടെ കാര്യത്തില്‍ പ്രതികൂലമാകുന്ന ഒരു വസ്തുത അവര്‍ അമേരിക്കന്‍ അതിര്‍ത്തിയില്‍ എത്തുന്നതിനു മുമ്പ് മറ്റൊരു രാജ്യത്ത് കൂടി സഞ്ചരിച്ചു എന്നതാണ്. ഗോട്ടിമാലയില്‍ നിന്ന് മെക്‌സിക്കോയിലുടെ സഞ്ചരിച്ചാണ് അമേരിക്കന്‍ അതിര്‍ത്തിയില്‍ എത്തിയത്. ഇങ്ങനെയുള്ളവര്‍ക്ക് യു.എസില്‍ അഭയം നല്‍കേണ്ടതില്ല എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. റോസിറ്റയെ ഗോട്ടിമാലയിലേക്ക് തിരിച്ചയയ്ക്കും. അവരുടെ പങ്കാളിയെ നേരത്തെ തന്നെ തിരിച്ചയച്ചിരുന്നു. ഗോട്ടിമാലയില്‍ അവര്‍ മുമ്പ് താമസിച്ചിരുന്ന സ്ഥലത്തുനിന്ന് വളരെ അകലെ മാറി താമസിക്കുകയാണ് ഉദ്ദേശം എന്ന് റോസിറ്റ പറഞ്ഞു. അമേരിക്കയില്‍ ജനിച്ച ഒരു വയസ്സുള്ള മകനേയും അവര്‍ക്കൊപ്പം കൊണ്ടുപോകാനാണ് സാധ്യത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക