Image

ഭരതന്‍ :ധര്‍മ്മത്തിന്റെയും ആദര്‍ശത്തിന്റെയും പ്രതീകം (ഡോ:എസ്.രമ)

Published on 04 August, 2019
ഭരതന്‍ :ധര്‍മ്മത്തിന്റെയും ആദര്‍ശത്തിന്റെയും പ്രതീകം (ഡോ:എസ്.രമ)
രാമായണത്തില്‍ ദശരഥന്റെയും കൈകേയിയുടെയും പുത്രനാണ് ഭരതന്‍. ഭരതനെ പറ്റി കൂടുതല്‍ പരാമര്‍ശിച്ചു തുടങ്ങുന്നത് സീതാസ്വയംവരം മുതലാണ്. ജനകന്റെ സഹോദരനായ കുശധ്വജന്റെ പുത്രി മാണ്ഡവിയെയാണ് ഭരതന്‍ പാണിഗ്രഹണം ചെയ്തത്. സ്വയംവരം കഴിഞ്ഞ് അയോധ്യയിലെലെത്തി കുറച്ചു നാളുകള്‍ക്ക് ശേഷം കേകയ രാജപുത്രനായ യുധാജിത്ത് (ഭരതന്റെ മാതുലന്‍ )അയോധ്യയിലെത്തി ഭരതശത്രുഘ്‌നന്മാരെ കേകയത്തിലേക്ക് കൂട്ടികൊണ്ടുപോകുന്നു.

പട്ടാഭിഷേകത്തിന് ഉചിതസമയം ആഗതമായപ്പോള്‍ ദശരഥന്‍ മൂത്ത മകനായ ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യാനൊരുങ്ങി. അപ്പോഴാണ് മന്ധരയുടെ വാക്കുകള്‍ ശ്രവിച്ച കൈകേയി തനിക്ക് പണ്ട് നല്‍കിയ വരങ്ങളുടെ പൂര്‍ത്തീകരണമായി ഭരതന് രാജ്യം നല്‍കണമെന്നും രാമനെ 14 വര്‍ഷം വനവാസത്തിനയക്കണമെന്നും ദശരഥനോട് ആവശ്യപ്പെടുന്നത്. ശ്രീരാമപട്ടാഭിഷേകം പോലെ ഒരു സാമ്രാജ്യത്തിന്റെ ഭാവിഭാഗധേയം വെറുമൊരു ദാസിയുടെ വാക്കുകളില്‍ മാറിമറിയുന്നു എന്നത് ചിന്തനീയം.

രാമനെ കാട്ടിലയച്ച് കൈകേയിക്ക് നല്‍കിയ വരങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനായ ദശരഥന്‍ പുത്രശോകത്താല്‍ ഇഹലോകവാസം വെടിയുന്നു. അപ്പോഴാണ് ദൂതന്‍മാരെ അയച്ച് ഭരതശത്രുഘ്‌നന്മാരെ അയോധ്യയിലേക്ക് തിരികെ വിളിപ്പിക്കുന്നത്.

പ്രിയതരമെന്നു കരുതിയാണ് താന്‍ പുത്രനുവേണ്ടി രാജ്യം ചോദിച്ചു വാങ്ങിയതെന്ന് കൈകേയി ഭരതനെ അറിയിക്കുന്നത്. പക്ഷേ ഭ്രാതൃസ്‌നേഹത്തിന്റെ മകുടോദാഹരണമായ സ്വപുത്രനെ തിരിച്ചറിയാന്‍ ആ മാതാവിനു കഴിയാതെ പോയി. നിന്ദ്യമായ വാക്കുകളാല്‍ തന്നെ ഭര്‍സിച്ചുകൊണ്ട് രാമന്റെ വനവാസത്തിലും പിതാവിന്റെ വിയോഗത്തിലും ആര്‍ത്തലച്ച് വിലപിക്കുന്ന മകനെയാണവര്‍ കണ്ടത്.

ദശരഥന്റെ ഉദകക്രിയകള്‍ ചെയ്ത ശേഷം രാമനെ വനത്തില്‍ വച്ചുതന്നെ അഭിഷേകം ചെയ്യിച്ചു അയോധ്യയിലെത്തിച്ച് രാജാവാക്കുക എന്ന ലക്ഷ്യത്തോടെ മാതാക്കളെയും വസിഷ്ടനെയും അനസൂയയെയും പരിവാരങ്ങളെയും കൂട്ടി ഭരതനും ശത്രുഘ്നനും കാട്ടിലേക്കു തിരിക്കുന്നു.
ശ്രീരാമനെ വധിച്ച് രാജ്യം എന്നെന്നേക്കുമായി സ്വന്തമാക്കാനാണു ഭരതന്‍ എത്തിയിരിക്കുന്നത് എന്ന ദുശ്ശങ്കയില്‍ ലക്ഷ്മണന്‍ കോപാകുലനാകുന്നു. പക്ഷേ ഭരതന്റെ ഉദ്ദേശശുദ്ധി തിരിച്ചറിയുന്ന ശ്രീരാമന്‍ സമചിത്തതയോടെ ലക്ഷ്മണനെ തിരുത്തുന്നു. അര്‍ത്ഥം കൊണ്ട് ധര്‍മ്മത്തെയോ , ധര്‍മ്മത്താല്‍ അര്‍ത്ഥത്തെയോ, ഭോഗാസക്തി കൊണ്ടുള്ള കാമത്താല്‍ അവ രണ്ടിനെയുമോ നശിപ്പിക്കാന്‍ സാധിക്കില്ല. ധര്‍മ്മമനുസരിച്ച്, ദിവംഗതനായ പിതാവിന്റെ ആജ്ഞ നിറവേറ്റാന്‍ തങ്ങള്‍ രണ്ടാളും ബാധ്യസ്ഥരാണെന്ന് പറഞ്ഞ് രാജ്യം സ്വീകരിക്കണമെന്നുള്ള ഭരതന്റെ അഭ്യര്‍ത്ഥന രാമന്‍ നിരാകരിക്കുന്നു. വനത്തില്‍ നിന്നും തിരികെ എത്തിയതിനു ശേഷം ധര്‍മ്മശീലനായ ഭ്രാതാവിനൊപ്പം ഉത്തമനായ ഭൂപതിയായി വര്‍ത്തിച്ചു കൊള്ളാമെന്ന് രാമന്‍ വാക്ക് കൊടുക്കുന്നു.

പതിനാലു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നതിന്റെ പിറ്റേന്ന് രാമന്‍ തിരിച്ച് എത്തിയില്ലെങ്കില്‍ താന്‍ ജീവനോടുക്കുമെന്ന് മറുവാക്ക് ചൊല്ലുന്ന ഭരതന്‍ ജേഷ്ഠന്റെ പാദുകങ്ങള്‍ സ്വീകരിച്ച്, അദ്ദേഹത്തിന്റെ വനവാസകാലമത്രയും ജടാധാരിയായി, മരവുരി ധരിച്ച്, ഫലമൂലങ്ങള്‍ ഭുജിച്ച് ഒരു സന്യാസിയെ പോലെ നന്ദി ഗ്രാമത്തില്‍ വസിച്ച് അയോധ്യയുടെ ഭരണം നടത്തി. ജേഷ്ഠപാദുകങ്ങളില്‍ അഭിഷേകം കഴിച്ച് രാജ്യത്തെ അവയ്ക്ക് അധീനമാക്കിയാണ് ഭരതന്‍ എപ്പോഴും പ്രവര്‍ത്തിച്ച ത്.
രാവണ വധം കഴിഞ്ഞ് സീതയെ വീണ്ടെടുത്ത രാമന്‍ വിഭീഷണന്റെ സല്‍ക്കാരം സ്വീകരിക്കാതെ ഭ്രാതാവിനെ കാണാനുള്ള വ്യഗ്രതയില്‍ അയോധ്യയിലേക്ക് തിരിക്കുന്നു.

തന്റെ തിരിച്ചുവരവ് ഭരതനെ അറിയിക്കാന്‍ അദ്ദേഹം ഹനുമാനെ അയോധ്യയിലേക്ക് അയക്കുന്നു. തിരികെ വരുന്ന ശ്രീരാമനെ രാജ്യം ഏല്പിച്ച് വണങ്ങി അദ്ദേഹത്തിന് ഭരതന്‍ രാജ്യം സമര്‍പ്പിക്കുന്നു. ദീര്‍ഘനാള്‍ രാജ്യം ഭരിച്ച ജേഷ്ഠനെ ഭരണത്തില്‍ സഹായിച്ച ഭരതന്‍ ഒടുവില്‍ സരയു നദിയില്‍ മുങ്ങി സ്വജീവിതം അവസാനിപ്പിക്കുന്ന ജേഷ്ഠനൊപ്പം ജീവത്യാഗം ചെയ്യുന്നു.

ധര്‍മ്മത്തെ ഉയര്‍ത്തിപിടിക്കുന്ന ഇതിഹാസമാണ് രാമായണം.അതില്‍ ദശരഥപുത്രന്‍മാരായ രാമലക്ഷ്മണ ഭരത ശത്രുഘ്നന്‍മാര്‍ ഭ്രാതൃസ്‌നേഹത്തിന്റെ മകുടോദാഹരണങ്ങളാണ്. സ്വത്തിനു വേണ്ടി സഹോദരങ്ങള്‍ ശണ്ഠ കൂടുന്ന വര്‍ത്തമാനകാലത്തിനൊരപവാദമാണ് ഭരതന്‍. സഹോദരസ്‌നേഹത്തിന്റെ ഉത്തമോദാഹരണമായ അദ്ദേഹം ധര്‍മ്മത്തില്‍ നിന്ന് വ്യതിചലിക്കാത്ത ചിത്തമുള്ളവനായിരുന്നു. രാമായണത്തില്‍ ധര്‍മ്മത്തിന്റെയും ആദര്‍ശത്തിന്റെയും പ്രതീകമായ ഒരു വ്യക്തിത്വമാണ് ഭരതന്‍.
ഭരതന്‍ :ധര്‍മ്മത്തിന്റെയും ആദര്‍ശത്തിന്റെയും പ്രതീകം (ഡോ:എസ്.രമ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക