Image

ഓസ്‌ട്രേലിയയില്‍ ആദിവാസി അതിജീവനത്തിനു മലയാളിയുടെ കൈപ്പുണ്യം (കുര്യന്‍ പാമ്പാടി)

Published on 03 August, 2019
ഓസ്‌ട്രേലിയയില്‍ ആദിവാസി അതിജീവനത്തിനു മലയാളിയുടെ കൈപ്പുണ്യം (കുര്യന്‍ പാമ്പാടി)
ഇന്ത്യയുടെ രണ്ടര ഇരട്ടി വലിപ്പവും കേരളത്തിന്റെ മൂന്നില്‍ രണ്ടു ജനസംഖ്യയുമുള്ള ഓസ്‌ട്രേലിയയില്‍ ആദിവാസികളെ സഹായിക്കാന്‍ കോട്ടയത്ത് നിന്ന് ഒരു ആതിര എത്തി. സിഡ്‌നിയിലെ ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്റ്ററേറ് ഉള്ള ആതിര, ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനമായ  ഡാര്‍വിനിലെ മെന്‍സീസ് സ്കൂള്‍ ഓഫ് ഹെല്‍ത്ത് റിസര്‍ച്ചിലെ സീനിയര്‍ ഓഫീസറാണ്.

ഗുര്‍മീത് സിംഗ്, ഹിമാന്‍ഷു ഗുപ്ത എന്നീ ഇന്‍ഡ്യാക്കാര്‍ കൂടി ഗവേഷകരായി ഉണ്ടെങ്കിലും മലയാളി എന്ന നിലയില്‍ ആതിര ഒറ്റക്കാണ്. നാലര വര്‍ഷമായി ആതിര മെന്‍സീസില്‍ സേവനം ചെയ്യുന്നു. ഒരു മലയാളി പെണ്‍കുട്ടി  കൂടി കോട്ടയത്തുനിന്ന് താമസിയാതെ മെന്‍സീസില്‍ കൂട്ടിനുണ്ടാകും. പാലാ പയപ്പാര്‍ തയ്യില്‍ ഡോ മാര്‍ട്ടില്‍ സക്കറിയ. ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍   സേവനം ചെയ്ത ആള്‍.

ഓസ്‌ട്രേലിയയുടെ വടക്കേ അറ്റത്തുള്ള ഡാര്‍വിന്‍ തുറമുഖപട്ടണത്തിലാണ് മെന്‍സീസിന്റെ ആസ്ഥാനം. പട്ടണത്തില്‍ 1,20,000 ആളുകളേയുള്ളു. അയ്യായിരം ഇന്‍ഡ്യാക്കാരുണ്ട്. അഞ്ഞൂറ് മലയാളികളും. ഡാര്‍വിന്‍ ഉള്‍പ്പെടുന്ന നോര്‍ത്തേണ്‍ ടെറിട്ടറി എന്ന പ്രവിശ്യ തന്നെ കേരളത്തിന്റെ 37 ഇരട്ടി വലിപ്പമുള്ളതാണ്. ആയിരക്കണക്കിന് കി.മീ. അകലെ തെക്കേതെക്കുകിഴക്കേ തീരത്താണ്  തലസ്ഥാനമായ കാന്‍ബറയും പ്രധാന പട്ടണമായ സിഡ്‌നിയും.

ആദിവാസികള്‍ എവിടെയാണ് ഇല്ലാത്തത്? ഓസ്‌ട്രേലിയയില്‍ മാത്രം എട്ടുലക്ഷം പേരുണ്ട്. 60,000 വര്‍ഷത്തെ ചരിത്രം ഉള്ളവര്‍. ന്യൂസിലാന്‍ഡില്‍ ഏഴുലക്ഷം, ഭൂരിഭാഗവും മാവോരികള്‍. യുഎസില്‍ 30  ലക്ഷം. നവാജോ, ചെറോക്കി വംശജരാണ് കൂടുതല്‍. കാനഡയില്‍ 16 ലക്ഷം. ആദ്യകാലം മുതലേ ഉണ്ടായിരുന്നവരെ ഫസ്റ്റ് നേഷന്‍സ് എന്നുവിളിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ഉള്ള രാജ്യം ഇന്ത്യയാണ്പത്തുകോടി. ഛത്തിസ്ഗഡ്,  ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, ബംഗാള്‍, ആന്ഡമാന്‍സ് എന്നിവിടങ്ങളിലാണ് കൂടുതല്‍.
  
ആദിവാസികളുടെ കാര്യത്തില്‍ കേരളവുമായി സാമ്യമുള്ള പ്രദേശമാണ് ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി.  കേരളത്തില്‍ 36 ആദിവാസി വിഭാഗങ്ങളില്‍ പെട്ട 4,26,208  ആദിവാസികള്‍ ഉണ്ടെങ്കില്‍ അവിടെ  നാല്‍പ്പതു വിഭാഗങ്ങളില്‍ പെട്ട 2,28,833 ആദിവാസികള്‍ ഉണ്ട്. കേരളത്തിലെ പണിയരെയും അടിയരെയും കുറുമരെയും ട്ടുനായ്ക്കരെയും പോലെ വ്യത്യസ്ത ഭാഷയും സംസ്ക്കാരവുമുള്ളവരാണ് അവിടത്തെ ആദിവാസികളും. അവിടത്തെ ഒരു വിഭാഗത്തിന്റെ പേരു പണിയരെ ഓര്‍മ്മിപ്പിക്കുന്ന  പാപുണ്യ എന്നാണ്.

വിദ്യാഭ്യാസത്തിലെ പിന്നോക്കാവസ്ഥ, അതുകൊണ്ടുള്ള തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, മദ്യപാനം, മാനസികപ്രശ്‌നങ്ങള്‍, ആത്!മഹത്യ തുടങ്ങിയവ കേരളത്തിലെപ്പോലെ അവിടെയും ആദിവാസികളെ അലട്ടുന്നു. ബ്രിട്ടീഷ് കോളനിവാഴ്ച്ചക്കാലത്ത് ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെട്ട അവരെ എങ്ങനെ പുരധിവസിപ്പിക്കണമെന്നത് ഇന്നും ഓസ്‌ടേലിയയെ അലട്ടുന്ന പ്രശ്‌നമാണ്. കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അടര്‍ത്തിമാറ്റി വിദൂര സ്ഥലങ്ങളില്‍ പാര്‍പ്പിക്കുന്ന പതിവുണ്ടായിരുന്നു. അതില്‍ പാശ്ചാപിച്ച് ഇപ്പോള്‍ സ്‌റ്റോളന്‍ ജനറേഷന്‍ കോര്‍പറേഷന്‍ വരെ സ്ഥാപിച്ചിരിക്കയാണ്.
 
എന്‍ജിയുക്കുര്‍, ലരാക്കിയ, മുടിടുജുളു, പാപുണ്യ, കള്‍ടുകള്‍ജാര, യുവെണ്ടുമു,  വുറുമിയാങ്ക എന്നിങ്ങനെ പോകുന്നു നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ആദിവാസികള്‍. രാജ്യം വിശാലമായതിനാല്‍ നൂറുകണക്കിന് കി.മീ. ഇടവിട്ട് കുറ്റിക്കാടുകള്‍ മാത്രമുള്ള ഊഷര ഭൂമിയിലാണ് ഇവരില്‍ മിക്കവരുടെയൂം ഊരുകള്‍. പലയിടങ്ങളിലും വഴിയും പുഴയുമില്ല. സ്കൂളോ ആശുപത്രിയോ ഇല്ല.   കടകളില്‍ കോക്കും സെവന്‍അപ്പും ക്വാക്കെര്‍ഴ്‌സ് ഓട്‌സും മറ്റും വില്‍ക്കുന്നു. ക്വീന്‍സ് ലാന്‍ഡ് പ്രവിശ്യയിലെ കയേണ്‍സില്‍ നിന്ന് ചെറിയ വിമാനത്തില്‍ പറന്നെത്തി ആദിവാസി ഊരുകളില്‍ വൈദ്യസഹായം നല്‍കുന്ന മലയാളിവനിതാ ഡോക്ടര്‍ ഉണ്ടെന്നത് അവിശ്വസനീയമായി തോന്നാം.
 
ആദിവാസികളില്‍ ലരാക്കിയ വംശജര്‍ ഡാര്‍വിനില്‍ അന്യാധീനപ്പെട്ട ഭൂമി തിരികെത്തരണമെന്നാവശ്യപ്പെട്ടു വളരെക്കാലം സമരം നടത്തി. 1972ല്‍ ബ്രിട്ടീഷ് രാജകുമാരി മാര്‍ഗരറ്റ് ഓസ്‌ട്രേലിയ സന്ദര്‍ശിച്ചപ്പോള്‍ ആയിരം പേര്‍ ഒപ്പിട്ട മൂന്നു മീറ്റര്‍ നീളമുള്ള ഒരു നിവേദനം തയ്യാറാക്കിയെങ്കിലും നല്‍കാന്‍ കഴിഞ്ഞില്ല. കീറിപ്പോയി. എന്നിട്ടും അത്  ഒട്ടിച്ചെടുത്ത് രാജ്ഞിക്കു അയച്ചു കൊടുത്തു. അവരതു തന്റെ കീഴിലുള്ള  ഓസ്‌ട്രേലിയയിലെ ഗവര്‍ണര്‍ ജനറലിന് കൈമാറി.
 
ജസ്റ്റിന്‍ ഗ്രെയെ അന്വേഷണ കമ്മീഷനായി നിയോഗിച്ചു. നിവേദകാരില്‍ മൂന്ന് കുടുംബത്തിനേ ഡാര്‍വിനില്‍ സ്ഥിരമായി താമസിച്ചിരുന്നവരാണെന്നു തെളിയിക്കാന്‍ കഴിഞ്ഞുള്ളുവെന്നു കമ്മീഷന്‍ വിധിച്ചു. എന്നിട്ടും ഭൂമി നല്‍കാതിരിക്കാന്‍ സംസ്ഥാന ഗവ. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ 2016ല്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ അവര്‍ക്കു ഭൂമിയുടെ അവകാശം ഔദ്യോഗികമായി കൈമാറി.

ഇതൊരു ചരിത്ര വിജയം ആയിരുന്നു. ഡാര്‍വിന്‍ സിറ്റിയുടെ നടുമുറ്റത്ത് പാര്‍ക്കും വീടുകളുമുള്ള പ്രദേശമാണ് ലരാക്കിയര്‍ക്കു വിട്ടു കിട്ടിയത്. സര്‍ക്കാരിന്റെ നോര്‍ത്തേണ്‍ ടെറിട്ടറി ലാന്‍ഡ് കൗണ്‍സില്‍ പങ്കാളികളായി ലരാക്കിയ നേഷന്‍ അബോര്‍ജിനല്‍ കോര്‍പറേഷന്‍ രൂപികരിച്ചു. ഹോംനഴ്‌സിങ്, പട്രോളിങ്, ടൂറിസം, കരകൗശലവസ്തുക്കളുടെ നിര്‍മ്മാണം, വിപണനം, സംഗീതം, നൃത്തം, റേഡിയോ ലരാക്കിയ എഫ് എം സ്‌റ്റേഷന്‍ തുടങ്ങിയവയിലൂടെ അവര്‍ പണമുണ്ടാകുന്നു. ലരാക്കിയര്‍ പരമാവധി രണ്ടായിരം പേരുണ്ടാവും. പഠിത്തമുള്ളവര്‍ ഡോക്ടര്‍മാരായും എന്‍ജിനീയര്‍മാരായും ഗവ. ഉദ്യോഗസ്ഥന്മാരായും ജോലി ചെയ്യുന്നു.

നഗരപ്രാന്തത്തിലും വിദൂരത്തുമുള്ള ആദിവാസികോളനികളില്‍ നേരിട്ട് പോയി സ്ഥിതികള്‍ കണ്ടറിയുകയായിരുന്നു ആതിരയുടെയും സംഘത്തിന്റെയും ആദ്യജോലി. പലര്‍ക്കും ഇംഗ്ലീഷ് അറിഞ്ഞു കൂടാ. അറിയാവുന്നവരെ ദ്വിഭാഷികളായി കൂടെകൊണ്ടുപോയി. ഭൂരിഭാഗവും പട്ടിണിപാവങ്ങളാണ്. എല്ലും തോലുമായ ധാരാളം കുട്ടികള്‍. നല്ലൊരു പങ്കിനും ചെരുപ്പ് പോലുമില്ല. വറുത്തതും പൊരിച്ചതുമായ ജങ്ക്ഫുഡ് കഴിച്ച് വണ്ണം വച്ച് വീര്‍ത്തവരും ധാരാളം. ഡയബറ്റിസും കിഡ്‌നി അസുഖങ്ങളും .കാന്‍സറും ഉള്ളവര്‍ ഏറെ. ആയുസും മറ്റുള്ളവരെക്കാള്‍ വളരെ കുറവ്.

പോഷകാഹാരം കഴിച്ച് രോഗങ്ങളെ അതിജീവിക്കാനുള്ള പരിശീലനമാണ് ആദ്യം നല്‍കിയത്. ജോലി ചെയ്തു കിട്ടുന്ന പണം തട്ടുകട ഭക്ഷണത്തിനു (ജങ്ക് ഫുഡ്) ചെലവഴിക്കുന്നത് ആത്മഹത്യാപരമാണെന്നു ആദിവാസികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. വിദ്യാഭ്യാസം, ജോലി, കിടപ്പാടം തുടങ്ങിയകാര്യങ്ങള്‍ നോക്കാന്‍ മറ്റു ഏജന്‍സികള്‍ അവരുടെയിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആതിരയുടെ അടുത്ത പ്രോജക്ട് നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ആലീസ് സ്പ്രിങ്‌സിലാണ്. ഒരുതവണ വിമാനത്തില്‍ രണ്ടുമണിക്കൂര്‍ യാത്രചെയ്തു പോയി. അവിടെ മെന്‍സിസിന്റെ വലിയൊരു ഓഫീസ് തന്നെയുണ്ട്. അഡലെയ്ഡിലെക്കുള്ള നാഷണല്‍ ഹൈവേയുടെ നടുവിലാണ് ആലിസ് സ്പ്രിങ്‌സ്. റോഡുമാര്‍ഗം 1600 കി.മീ. പതിനാറു മണിക്കൂര്‍ യാത്ര. ഓസ്‌ടേലിയയുടെ എല്ലാ പ്രവിശ്യകളിലും മെന്‍സീസിന് ഓഫീസ്. ഉണ്ട്. ഇരുപതു രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുമുണ്ട്.  ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. നാട്ടിലും വിദേശത്തുമുള്ള നിരവധി സംഘടനകളുടെ സാമ്പത്തികസഹകരണവുമുണ്ട്.

കോട്ടയം മാന്നാനം കെ ഇ കോളജില്‍ മാത്!സ് പ്രൊഫസര്‍ ആയിരുന്ന പനച്ചിക്കല്‍ പിജെ ജോയിയുടെയും റോസ്‌മേരിയുടെയും മകളാണ് ആതിര. പ്ലസ് ടു കഴിഞ്ഞപ്പോള്‍ കലാമണ്ഡലത്തില്‍ ചേര്‍ന്ന് നൃത്തം പഠിക്കണമെന്നായിരുന്നു മോഹം. പക്ഷെ പിലാനി ബിര്‍ള ഇന്‍സ്റ്റിട്യൂറ്റിനോട് അഫിലിയേറ് ചെയ്ത ഹൈദരാബാദിലെ ബൗഷ് ആന്‍ഡ് ലോബ് സ്കൂളില്‍ നാലു വര്‍ഷത്തെ ഒപ്‌റ്റോമെട്രി ബിഎസ് ചെയ്തു. സ്‌കോളര്‍ഷിപ്പോടെ സിഡ്‌നി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂസൗത്ത് വെയില്‍സില്‍ നിന്ന് പിഎച്ഡിയും.

ബിടെക്കാരനായ ഇരിങ്ങാലക്കുട ചിറ്റിലപ്പള്ളി മാനത്തില്‍ രോഹിത് പയസിനെ വിവാഹം ചെയ്തു. ഓയില്‍ മേഖലയിലാണ് രോഹിതിന് ജോലി. നൈറ, താര എന്നീ പെണ്മക്കള്‍. ജോയിയും റോസമ്മയും ഡാര്‍വിന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എണ്പത്തഞ്ചു വയസുള്ള അമ്മ ത്രേസ്യാമ്മയേയും ജോയി കൂടെ കൊണ്ടുപോയി. അരവിന്ദ് എന്നൊരു മകന്‍ കൂടിയുണ്ട് അവര്‍ക്ക്. അബുദാബിയില്‍ എന്‍ജിനീയര്‍.  മുത്തോലപുരം കളപ്പുരക്കല്‍ ജാന്‍ ജോസ് ഭാര്യ.

ആതിരയോടൊപ്പം ചേരുന്ന ഡോ. മാര്‍ട്ടില്‍, പാലാ അല്‍ഫോന്‍സാ  കോളജില്‍ 1998ല്‍ ആരംഭിച്ച ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ഡിഗ്രി കോഴ്‌സിന്റെ ആദ്യ ബാച്ചില്‍ പഠിച്ച ആളാണ്. മൈസൂര്‍ യുണിവേഴ്!സിറ്റിയില്‍ നിന്ന് എംഎസി എടുത്തു. അവിടെനിന്നു തന്നെ ഡയബെറ്റിക്‌സ് ആന്‍ഡ് ന്യുട്രിഷനില്‍ പിഎച് ഡിയും. ഭര്‍ത്താവ് തിരുവല്ല തെക്കുംതറ ടിനോ സക്കറിയ സിസ്റ്റംസ് എന്‍ജിനീയരാണ്. രണ്ടുമക്കള്‍സെനീറ്റ, സൂരിയല്‍ 

ഡാര്‍വിന്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് രാജീവ് സി. തയ്യിലിന്റെ സഹോദരിയാണ് മാര്‍ട്ടില്‍. ഐറിഷ് റിപ്പബ്ലിക്കില്‍ നിന്ന് ഏഴുവര്‍ഷം മുമ്പ് ഭാര്യ കോട്ടയം സ്വദേശിനി റാണിയോടൊപ്പം ഡാര്‍വിനില്‍ എത്തിയ രാജീവ് ഗവര്‍മെന്റില്‍ അഡ്മിനിസ്‌ടേറ്റിവ് ഓഫീസര്‍ ആണ്. രണ്ടാംതവണയാണ് രാജീവ് അസോസിയേഷന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. സെക്രട്ടറി മോന്‍സി തോമസും അങ്ങനെ തന്നെ. വൈസ് പ്രസിഡന്റ് മിസ്സിസ് ബ്ലെസി മാത്യു, ജോ.സെക്രട്ടറി മനു കുര്യന്‍,  ട്രഷറര്‍ ബാലു ബാലചന്ദ്രന്‍, പബ്ലിക് ഓഫീസര്‍ റോയ് ജോസഫ്, കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ കെ ആര്‍ രൂപേഷ് എന്നിവരാണ് മറ്റു ഭാരവാഹികള്‍.
 
ഇന്ത്യയില്‍ സൂര്യന്‍ ഉദിക്കുന്നതിനു നാല് മണിക്കൂര്‍ മുമ്പ് ഡാര്‍വിനില്‍ നേരം വെളുക്കും. പക്ഷെ അവിടെ എത്താന്‍  എട്ടുമണിക്കൂര്‍ വിമാനത്തില്‍ പറക്കണം. കൊച്ചിയില്‍ നിന്ന് നാല് മണിക്കൂര്‍ കൊംണ്ട് സിംഗപ്പൂരിലോ  കൊലാലംപൂരിലോ എത്തി വിമാനം മാറിക്കയറണം. ഇടവേളകള്‍ കഴിഞ്ഞു  വീണ്ടും നാലുമണിക്കൂര്‍ യാത്ര. ഇന്ത്യക്കാരും മലയാളികളും ഏറെയുള്ള സിഡ്‌നിയിലോ മെല്‍ബണിലോ തലസ്ഥാനമായ കാന്‍ബറയിലോ എത്താന്‍ വീണ്ടും പറക്കണം നാല് മണിക്കൂര്‍.

രാജ്യത്തിന്റെ വലിപ്പം അമ്പരപ്പിക്കുന്നതാണ്. ഡാര്‍വിനില്‍ നിന്ന് രാജ്യത്തിന്റെ എതിരറ്റത്തുള്ള അഡലെയ്ഡിലേക്കു  നാഷണല്‍ ഹൈവേ വഴി ദൈര്‍ഘ്യം 3031 കി,മീ, ആണ്. റെയില്‍വേ ലൈനുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ പാസഞ്ചര്‍ ട്രെയിന്‍ ഓടുന്നു. 54 മണിക്കൂര്‍ എടുക്കും . ആലിസ് സ്പ്രിങ്‌സില്‍ എത്തിയാല്‍ നാലുമണിക്കൂര്‍ കഴിഞ്ഞേ യാത്ര തുടരൂ. അഡലൈഡില്‍ നിന്ന് സിഡ്‌നിക്ക് 1375 കി.മീ. ദൂരം. റോഡ്മാര്‍ഗം പതിനഞ്ചു മണിക്കൂര്‍ എടുക്കും.
  
സ്വര്‍ണവും യുറേനിയവും സിങ്കും ബോക്‌സൈറ്റും  ഖനനം ചെയ്യുന്ന മേഖല എന്ന നിലയില്‍ യൂറോപ്യന്‍മാര്‍  ഓടിയെത്തിയ സ്ഥലമാണ് ഡാര്‍വിന്‍ ഉള്‍പ്പെടുന്ന നോര്‍ത്തേണ്‍ ടെറിട്ടറി. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ബ്രിട്ടിഷ് ജീവശാസ്ത്രജ്ഞന്‍ ചാള്‍സ് ഡാര്‍വിന്റെ (ഓണ്‍ ദി ഒറിജിന്‍ ഓഫ്  സ്പീഷിസ്, 1859) പേര് ആ തുറമുഖ പട്ടണത്തിനും അവിടത്തെ യുണിവേഴ്‌സിറ്റി ക്കും കൈവന്നത് ആകസ്മികമായി.

ബ്രിട്ടീഷ് സാമ്രാജ്യം നിലവിലിരുന്ന കാലത്ത് 1839ല്‍ തുറമുഖത്ത് നംകൂരമിട്ട എച്ച്എംഎസ് ബീഗിള്‍ എന്ന കപ്പലിന്റെ ക്യാപ്റ്റന്‍ ലഫ്. ജോണ്‍ ലോര്‍ട്ട് സ്‌റ്റോക്‌സ് കപ്പലില്‍ മുമ്പ് തന്റെ കൂടെ സഞ്ചരിച്ച ഡാര്‍വിന്റെ പേര് തുറമുഖത്തിന് നല്‍കുകയായിരുന്നു. പിന്നീട് അവിടത്തെ ബ്രിട്ടീഷ് താവളത്തിനും ആ പേരു സിദ്ധിച്ചു. ആ പേരില്‍  2003ല്‍   ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റിയും വന്നു. യഥാര്‍ത്ഥ  ഡാര്‍വിന്‍ ഒരിക്കല്‍ പോലും ആ സിറ്റി സന്ദര്‍ശിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ തമാശ.

രണ്ടാം ലോകമഹായുദ്ധവും ഡാര്‍വിനും തമ്മില്‍ ബന്ധമുണ്ട്. ബ്രിട്ടീഷ് കപ്പല്‍പടയുടെ ഒരു താവളം ആയിരുന്നു ഡാര്‍വിന്‍. നേവല്‍ യുദ്ധവിമാനങ്ങളുടെ താവളവും അവിടുണ്ടായിരുന്നു. 1942  ഫെബ്രുവരി 19നു ജാപ്പനീസ് യുധ്ധവിമാനങ്ങള്‍ അവിടെ ബോംബുവര്‍ഷം നടത്തി. ഒരുപാട് കപ്പലുകള്‍ മുങ്ങി, ഒരുപാടുപേര്‍ക്കു ജീവഹാനിയും സംഭവിച്ചു. ആദ്യം ബോംബിട്ട ദിവസം ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ ദേശീയ ദിനമായി ആചരിക്കുന്നു.

പ്രസിഡന്റ് ബാരാക് ഒബാമ 2017ല്‍ ഡാര്‍വിന്‍ സന്ദര്‍ശിക്കുകയും യുദ്ധസ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിക്കുകയും ചെയ്തു. ബോബു വീഴുമ്പോള്‍ ഒമ്പതു വയസു പ്രായമുണ്ടായിരുന്ന മേരി ലീ അന്ന് ഒബാമയെ കണ്ടു ആലിഗനം ചെയ്തു കണ്ണീര്‍ പൊഴിച്ചു. ഓസ്‌ടേലിയയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് ഒപ്പമുണ്ടായിരുന്നു. ഡാര്‍വിനിലെ അമേരിക്കന്‍ താവളത്തില്‍ ഭടന്മാരുടെ എണ്ണം അഞ്ഞൂറില്‍ നിന്ന് 2500 ആയി വര്‍ധ്ധിപ്പിക്കുമെന്നു ഒബാമ പ്രഖ്യാപിച്ചു.

പഠിക്കുന്ന കാലത്തു നൃത്തം പഠിക്കണമെന്ന് മോഹിച്ച ആതിരക്കു നിരാശയില്ല. ഡാര്‍വിനിലെ അറിയപ്പെടുന്ന നര്‍ത്തകികൂടിയാണ് ആതിര രോഹിത്. 
ഓസ്‌ട്രേലിയയില്‍ ആദിവാസി അതിജീവനത്തിനു മലയാളിയുടെ കൈപ്പുണ്യം (കുര്യന്‍ പാമ്പാടി)
ഡാര്‍വിനിലെ ആദിവാസിയുവതികള്‍
ഓസ്‌ട്രേലിയയില്‍ ആദിവാസി അതിജീവനത്തിനു മലയാളിയുടെ കൈപ്പുണ്യം (കുര്യന്‍ പാമ്പാടി)
ആദിവാസി അമ്മയോടൊപ്പം ഡോ.ആതിര
ഓസ്‌ട്രേലിയയില്‍ ആദിവാസി അതിജീവനത്തിനു മലയാളിയുടെ കൈപ്പുണ്യം (കുര്യന്‍ പാമ്പാടി)
ആദിവാസി കലാരൂപവുമായി ഒപ്പം
ഓസ്‌ട്രേലിയയില്‍ ആദിവാസി അതിജീവനത്തിനു മലയാളിയുടെ കൈപ്പുണ്യം (കുര്യന്‍ പാമ്പാടി)
ജൂണില്‍ നടന്ന ആദിവാസി സംരക്ഷണ സമ്മേളനത്തില്‍ ആതിരയുടെ പ്രസന്റേഷന്‍; ഇന്‍സെറ്റില്‍ കുടുംബം
ഓസ്‌ട്രേലിയയില്‍ ആദിവാസി അതിജീവനത്തിനു മലയാളിയുടെ കൈപ്പുണ്യം (കുര്യന്‍ പാമ്പാടി)
ഒരു ലരാക്കിയ അമ്മയും മക്കളും
ഓസ്‌ട്രേലിയയില്‍ ആദിവാസി അതിജീവനത്തിനു മലയാളിയുടെ കൈപ്പുണ്യം (കുര്യന്‍ പാമ്പാടി)
ഡോ. മാര്‍ട്ടില്‍ സക്കറിയ, ടിനോ, മക്കള്‍
ഓസ്‌ട്രേലിയയില്‍ ആദിവാസി അതിജീവനത്തിനു മലയാളിയുടെ കൈപ്പുണ്യം (കുര്യന്‍ പാമ്പാടി)
സിഡ്‌നിയിലെ ബിരുദദാനച്ചടങ്ങില്‍ ആതിരയും പ്രൊഫ.പിജെ ജോയിയും റോസ്‌മേരിയും
ഓസ്‌ട്രേലിയയില്‍ ആദിവാസി അതിജീവനത്തിനു മലയാളിയുടെ കൈപ്പുണ്യം (കുര്യന്‍ പാമ്പാടി)
രാക്കിയ നേഷന്‍ അബോര്‍ജിനല്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍
ഓസ്‌ട്രേലിയയില്‍ ആദിവാസി അതിജീവനത്തിനു മലയാളിയുടെ കൈപ്പുണ്യം (കുര്യന്‍ പാമ്പാടി)
ഡാര്‍വിന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ പ്രസിഡന്റ് രാജീവ് തയ്യിലുമൊത്ത്.
ഓസ്‌ട്രേലിയയില്‍ ആദിവാസി അതിജീവനത്തിനു മലയാളിയുടെ കൈപ്പുണ്യം (കുര്യന്‍ പാമ്പാടി)
ഡാര്‍വിനിലെ ജാപ്പനീസ് ബോംബിങ്ങില്‍ നിന്ന് രക്ഷപ്പെട്ട മേരി ലീയോടൊപ്പം ഒബാമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക