Image

മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വൈദിക സമിതി, പാസ്റ്ററല്‍ കൗണ്‍സില്‍ യോഗങ്ങള്‍ ഓഗസ്റ്റ് 1,2,3 തീയതികളില്‍

Published on 02 August, 2019
മെല്‍ബണ്‍ സീറോ മലബാര്‍ രൂപത വൈദിക സമിതി, പാസ്റ്ററല്‍ കൗണ്‍സില്‍ യോഗങ്ങള്‍ ഓഗസ്റ്റ് 1,2,3 തീയതികളില്‍

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപത വൈദിക സമിതിയുടെയും പാസ്റ്ററല്‍ കൗണ്‍സിലിന്റെയും യോഗങ്ങള്‍ ഓഗസ്റ്റ് 1,2,3 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ മെല്‍ബണില്‍ നടക്കും. 

വ്യാഴം ഉച്ചകഴിഞ്ഞ് രണ്ടിന് രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ വൈദിക സമിതിക്ക് തുടക്കം കുറിക്കും. രൂപതയില്‍ സേവനം ചെയ്യുന്ന 25 വൈദികരും ബിഷപ്പിനൊപ്പം യോഗത്തില്‍ പങ്കെടുക്കും.

വെള്ളി രാവിലെ 10 ന് ദിവ്യബലിയോടെ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ആരംഭിക്കും. മാര്‍ ബോസ്‌കോ പുത്തൂരിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മികരായിരിക്കും. 

ഓസ്‌ട്രേലിയയിലെ കത്തോലിക്കാ സഭയില്‍ ആരംഭിച്ചിരിക്കുന്ന പ്ലീനറി കൗണ്‍സിലിലെ ഫെസിലിറ്റേറ്റര്‍ ലാന ടര്‍വി കോളിന്‍സ് ആമുഖ പ്രഭാഷണം നല്‍കും. തുടര്‍ന്നു നടക്കുന്ന വിവിധ വിഷയാവതരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, രൂപത ചാന്‍സലര്‍ ഫാ.മാത്യു കൊച്ചുപുരയ്ക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജീന്‍ തലാപ്പള്ളില്‍, രൂപത പ്രഫഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഡയറക്ടര്‍ ലിസി ട്രീസ, സേഫ്ഗാര്‍ഡിംഗ് കോഓര്‍ഡിനേറ്റര്‍ ബെന്നി സെബാസ്റ്റ്യന്‍, യൂത്ത് അപ്പോസ്റ്റ്‌ലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍, ഫിനാന്‍ഷ്യല്‍ കൗണ്‍സില്‍ മെന്പര്‍ ആന്റണി ജോസഫ് തുടങ്ങി വിവിധ സംഘടനാ ഭാരവാഹികള്‍ നേതൃത്വം നല്‍കും. ശനിയാഴ്ച ഉച്ചയോടു കൂടി സമ്മേളനം സമാപിക്കും.

മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ അടുത്ത അഞ്ചു വര്‍ഷങ്ങളിലേയ്ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ തയാറാക്കുന്നതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ക്കാണ് ഈ വര്‍ഷത്തെ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രാമുഖ്യം നല്‍കുന്നത്. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയെ സംബന്ധിച്ചിടത്തോളം രൂപതയുടെ വളര്‍ച്ചയില്‍ വളരെ പ്രധാനപ്പെട്ട സമ്മേളനമാണ് ഈ വര്‍ഷത്തിലെ പാസ്റ്ററല്‍ കൗണ്‍സില്‍.

രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമായി വൈദികരും അത്മായപ്രതിനിധികളും ഉള്‍പ്പെടെ 60 അംഗങ്ങളാണ് പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്. 

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക