Image

കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് വോളിബോള്‍ താരങ്ങള്‍ യു.എസ്.എ.വി നേഷന്‍ ചാമ്പ്യന്‍ഷിപ്പ് നിലവാരത്തില്‍

Published on 28 July, 2019
കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് വോളിബോള്‍ താരങ്ങള്‍ യു.എസ്.എ.വി നേഷന്‍ ചാമ്പ്യന്‍ഷിപ്പ് നിലവാരത്തില്‍
കാലിഫോര്‍ണിയ: സാനോസയിലെ മുന്‍നിര വോളിബോള്‍ ക്ലബുകളില്‍ ഒന്നായ ബ്ലാസ്റ്റേഴ്‌സ് ക്ലബിന് ഇത് സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷങ്ങള്‍. ഇക്കഴിഞ്ഞ ജൂണ്‍ 30-നു ടെക്‌സസിലെ ഡാലസ് കേയ് ബെയ്‌ലി ഹണ്ടിംഗ്ടണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന 2019-ലെ യു.എസ്.എ.വി ബോയ്‌സ് ജൂണിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയം കൈവരിച്ച കാലിഫോര്‍ണിയയിലെ മൗണ്ടന്‍വ്യൂ വോളിബോള്‍ ക്ലബിനുവേണ്ടി മാസ്മരിക പ്രകടനം കാഴ്ചവെച്ച കെവിന്‍ മാത്യു ബ്ലാസ്റ്റേഴ്‌സ് ക്ലബിലെ മുന്‍നിര താരമാണ്.

വര്‍ഷംതോറും അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ വച്ചു നടത്തപ്പെടുന്ന ഈ അണ്ടര്‍ -18 നാഷണല്‍ ടൂര്‍ണമെന്റില്‍ തന്റെ കഴിവ് പ്രകടമാക്കാന്‍ അവസരം കിട്ടുക എന്നത് ഏതൊരു കായിക യുവതാരങ്ങളെ സംബന്ധിച്ചടത്തോളം വലിയ അംഗീകാരമാണ്. ഇക്കുറി ചാമ്പ്യന്‍ഷിപ്പ് നാഷണല്‍ കപ്പില്‍ മുത്തമിടാന്‍ സാധിച്ചതില്‍ കെവിന്‍ മാത്യുവിന്റെ വര്‍ഷങ്ങള്‍നീണ്ട തീവ്ര പരിശീലനത്തിന്റേയും കഠിനാധ്വാനത്തിന്റേയും പ്രതിഫലനമാണ്.

17, 18 വയസ്സിന്റെ പ്രകടത്തില്‍ ബ്ലാസ്റ്റേഴ്‌സ് ക്ലബിന്റെ രണ്ട് യുവതാരങ്ങളാണ് യു.എസ്.എ നേഷന്‍ ലെവല്‍ ടോപ്പ് 15 പ്ലയേഴ്‌സ് ലിസ്റ്റില്‍ ഇടംനേടിയിരിക്കുന്നത്. കെവിന്‍ മാത്യു 18 വയസ്സിന്റെ മത്സര യോഗ്യതയിലും, സൈമണ്‍ ഇല്ലിക്കാട്ടില്‍ 17 വയസ്സിന്റെ യോഗ്യതയിലുമാണ് ഈ അഭിമാന നേട്ടത്തിന് അര്‍ഹതനേടിയത്.

ഈ ചുരുങ്ങിയ കാലയളവുകൊണ്ട് നോര്‍ത്ത് അമേരിക്കയിലെ മലയാളി വോളിബോള്‍ ടൂര്‍ണ്ണമെന്റുകളായ ജിമ്മി ജോര്‍ജ്, എന്‍.കെ ലൂക്കോസ് ടൂര്‍ണമെന്റുകളിലും മറ്റു ടീമുകളുടെ പേടിസ്വപ്നമായി മാറിയിരിക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ യുവതാരങ്ങള്‍ വളരെയധികം ആത്മപ്രതീക്ഷയോടുകൂടിയാണ് പതിനാലാമത് എന്‍.കെ. ലൂക്കോസ് കാലിഫോര്‍ണിയ ടൂര്‍ണമെന്റിനെ വരവേല്‍ക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് ക്ലബിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് ആന്റണി ഇല്ലാക്കാട്ടിലിന്റെ ഇളയ പുത്രന്‍ കൂടിയാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ച ടോപ്പ് 15 പ്ലെയര്‍ സൈമണ്‍ ഇല്ലിക്കാട്ടില്‍. സെപ്റ്റംബര്‍ ഒന്നാം തീയതി നടക്കുന്ന എന്‍.കെ ലൂക്കോസ് ടൂര്‍ണമെന്റിന്റെ വിജയത്തിനായി കാലിഫോര്‍ണിയയിലെ കായിക പ്രേമികള്‍ ഒന്നടങ്കം മുന്നോട്ടുവന്നിരിക്കുകയാണ്.

സാജു ജോസഫ് (പി.ആര്‍.ഒ).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക